Search This Blog

Wednesday, July 8


2016.ഒക്ടോബര്‍.20

  വടക്കന്‍  പാട്ട്
വി.വി.കെ.വാലത്ത്.
(ചരിത്ര കവാടങ്ങള്‍  എന്ന   കൃതിയില്‍  നിന്ന്.)

               മലയാളഭാഷയുടെ  പിതാവായ   എഴുത്തച്ഛന്‍  ഒരു സുപ്രഭാതത്തില്‍ ഒരു പുതിയ ഭാഷയും ലിപിയും സാഹിത്യവും കൊണ്ട് പെട്ടെന്ന് പ്രത്യക്ഷപെട്ട  മഹാദ്ഭുതമാണെന്ന   ധാരണ ആളുകളുടെ മനസ്സില്‍ വേരുറച്ചു നില്‍ക്കുന്നുണ്ട്. 
                  ചതുരംഗം കളിച്ചുകൊണ്ടിരുന്ന  നമ്പൂതിരിക്ക് കൊച്ചിനെ  തൊട്ടിലാട്ടിയിരുന്ന  ഭാര്യ ഉന്തി ക്കൊടുത്തു ണ്ടാക്കപ്പെട്ടതാണ് ഗാഥാ വ്ര്തമെന്ന വിശ്വാസത്തിനും  വലിയ പിന്ബലമുണ്ട്.   എഴുത്തച്ഛനും    ചെറുശ്ശേരിയ്ക്കും   മറ്റും   പിന്തുണ നല്‍കിയ   ബ്രാഹ്മണ  മേധാവിത്വം കേരളത്തിന്‍റെ  അധീശാധികാരത്തിലേക്ക്  കടന്നുവരുന്നതിന്    മുന്‍പും    ഇവിടെ   ജനങ്ങളുണ്ടായിരുന്നു.   അവര്‍ക്ക്   അവരുടെതായ    സാഹിത്യവും സംസ്കാരവും ഉണ്ടായിരുന്നു.  
                പാടത്ത് പണിയെടുക്കുന്ന പാവങ്ങളുടെ ചുണ്ടിലും   സത്യത്തിനും നീതിയ്ക്കും വേണ്ടി  ആയുധമെടുത്തു   അങ്കം വെട്ടി വീരമൃത്യു  വരിച്ച   ധീര ദേശാഭിമാനികളുടെ   പിന്മുറ   അതിന്റെ   നെഞ്ചിലും ലാളിച്ചു  പോറ്റിക്കൊണ്ട്  നടന്ന   സാഹിത്യം!  
              മലയാള ഭാഷ  ഒരാളുടെ മാത്രം കണ്ടുപിടിത്തത്തിന്റെ    ഫലമല്ല.   പൊയ്പ്പോയ   ശതാബ്ദങ്ങളുടെ  പടവുകളില്‍ കൂടി  അതാതു കാലത്തെ   മാനവരാശിയുടെ   താങ്ങിലും   തണലിലും കൂടി   പടിപടിയായി വളര്‍ന്നു   സ്വതന്ത്രമായ ഒരു  രൂപം  കൈക്കൊണ്ടതാണ്     മലയാളഭാഷ.   അതിന്റെ സാക്ഷാല്‍ ജനയിതാക്കള്‍ ജനങ്ങളായിരുന്നു.    

കേരളത്തിന്‍റെ  പ്രതിഫലനം 

ഒരു കാലഘട്ടത്തിലെ ജനങ്ങളുടെ   ആശയങ്ങളും ഹൃദയവികാരങ്ങളും  ഉള്‍ക്കൊള്ളാനുള്ള  സാഹിത്യശേഷി   അത് കൈവരിച്ചിരുന്നു.  അതിനൊരു നല്ല  ഉദാഹരണമാണ്  വടക്കന്‍ പാട്ട്   എന്ന സാഹിത്യ ശില്‍പം.

                 എന്നാല്‍,  ഇക്കൂട്ടരുടെ   സമകാലിക  ജനത  ഇവിടത്തെ  തങ്ങളുടെ  പ്രിയപ്പെട്ട   മലകളുടെയും   നദികളുടെയും   ഇടയ്ക്ക്   സ്വന്തം    മണ്ണിന്റെയും    സ്വാനുഭവത്തിന്റെയും മണമുള്ള    കാവ്യങ്ങള്‍ - പാമര ഭാഷയില്‍ ക്കൂടിയാണെങ്കിലും -    സ്വയം രചിക്കുകയും പാടുകയും   ചെയ്തിരുന്നു.  വടക്കന്‍ പാട്ടുകളില്‍ യഥാര്‍ഥ കേരളമുണ്ട്.    അതിലെ മണ്ണ്, അതിലെ   മനുഷ്യന്‍    ,  ആ  മനുഷ്യന്‍  സ്വന്തം  നിലനില്പിന് വേണ്ടി   നടത്തിയ ജീവിത  മത്സരങ്ങള്‍ ,  അവന്‍റെ  സുഖദു:ഖങ്ങള്‍    അവന്‍റെ കണ്ണീരും    അവന്‍റെ  പുഞ്ചിരിയും -  സര്‍വതുമുണ്ട്.

നാടന്‍പാട്ടുകളുടെ   ചരിത്രപശ്ചാത്തലം 

വടക്കന്‍ പാട്ടുകളുടെ ഗോത്രത്തെ   ജനിപ്പിക്കുകയും   വളര്‍ത്തുകയും   ചെയ്ത   ഒരു ഭാഷ   പെരുമാള്‍ വാഴ്ചയ്ക്ക്  ശേഷം   കേരളത്തില്‍   നിലനിന്നിരുന്നു.   കേരളത്തിലെ കൊടുങ്ങല്ലൂരിലിരുന്നു  കൊണ്ട്   തമിഴ്  സംഘകാലത്ത്      ഇളംകോഅടികള്‍       'ചിലപ്പതികാരം'    രചിച്ചെങ്കില്‍  സംഘകാലത്തിന്റെ   തിരോധാനത്തോട്‌  കൂടി    കേരളം   സാഹിത്യാഭിരുചി    മുഴുവനും    പായില്‍  തെറുത്തു കെട്ടി , അറബിക്കടലിനു ദാനം ചെയ്ത് ഉറങ്ങിക്കിടന്നോ?   തമിഴ് പ്രഭാവത്തിന്   ശേഷമുണ്ടായ   മലയാളത്തിന്റെ പൂര്‍വ്വരൂപം   ഏതെന്നാണ്   അറിയേണ്ടത്.    സംഘകാലകൃതികളില്‍  നിന്ന്   കൃഷ്ണ ഗാഥയിലേക്കുള്ള    ശതാബ്ദങ്ങളുടെ അകലത്തില്‍    വെറും  ശൂന്യത  മാത്രമായിരുന്നെന്ന്   ധരിക്കേണമോ?   അതബദ്ധമാകും.    ചിലപ്പതികാരത്തെ  പെറ്റ  സര്‍ഗ്ഗാത്മകതയും  കലാവൈഭവവും   ഇവിടെ  ഉണ്ടായിരുന്നു. ജൈന മത സ്വാധീനമുള്ള   ചിലപ്പതികാരയുഗത്തെ  ഹിന്ദുമത  സ്വാധീനത്തില്‍   ഒതുക്കാന്‍   ഇവിടെ ഇരു വലിയെ സാംസ്കാരിക മര്‍ദ്ദനം    തന്നെ നടന്നിട്ടുണ്ട്.     ഇതിനു    വിധേയമായിട്ടു  കൂടിയാണെങ്കിലും    പഴയ തലമുറ   തമിഴില്‍ നിന്നും    രൂപാന്തരം പ്രാപിച്ച    ഒരു ഭാഷയെ    സംഭാവന ചെയ്യുകയായിരുന്നു.  ഇതാണ് ആധുനിക മലയാളത്തിന്‍റെ  മൂലം.   ഈ ഘട്ടത്തിലുണ്ടായ    ബ്രാഹ്മണീയമല്ലാത്ത ,     തനിക്കേരളീയമായ,    എല്ലാ  കലാരൂപങ്ങളെയും    ബുദ്ധ വിഗ്രഹങ്ങളെ     വലിച്ചെറിഞ്ഞത് പോലെ    ത്യാജ്യ കോടിയില്‍ തള്ളി.
             എഴുത്തച്ഛന്‍  കിളിയെക്കൊണ്ട്   കഥ പറയിക്കുന്ന   സാങ്കേതിക   രീതി  സ്വീകരിച്ചത് കൊണ്ട്  കിളിപ്പാട്ടിന്‍റെ  ഉപജ്ഞാതാവ്    അദ്ദേഹമാണെന്ന് പറയാമോ?     എഴുത്തച്ഛന്‍റെ  കാലം   പതിനാറാം നൂറ്റാണ്ടോ,  പതിനേഴാം നൂറ്റാണ്ടോ  എന്ന്ഇന്നും തര്‍ക്കവിഷയമാണ്.    അദ്ദേഹത്തിന്‍റെ കാലത്തോ ,  അതിനു മുമ്പോ   പ്രചരിച്ചിരുന്ന    ദ്രാവിഡ വൃത്ത രീതി അനുകരിക്കുകയല്ലേ,   അദ്ദേഹം ചെയ്തത്?     കിളിയെക്കൊണ്ട്    കഥ പറയിച്ചതുകൊണ്ട്     കിളിപ്പാട്ടെന്നു പേര് കിട്ടി.
                 "താര്‍മകള്‍ക്കന്പുള്ള    തത്തേ വരികെടോ" എന്ന്    അയോദ്ധ്യാകാണ്ഡത്തിലും,      "ബാലികേ, ശുകകുല മൌലി മാലികേ"  എന്ന്  ആരണ്യ കാണ്ഡത്തിലും,  "ശാരികപ്പൈതലേ  ചാരുശീലേ   എന്ന് കിഷ്കിന്ധാ കാണ്ഡത്തിലും    മറ്റും    കിളിയെ സംബോധന    ചെയ്യുന്നുണ്ട്.
               എഴുത്തച്ഛന്റെ  രാമായണത്തില്‍ മാത്രമല്ല,   വടക്കന്‍ പാട്ടിലും     കിളിയെക്കൊണ്ട്  കഥ  പറയിക്കുന്നുണ്ട്.   നോക്കുക.
              "നാടഞ്ചു കൊണ്ടോ  നഗരം കൊണ്ടോ,
വീടഞ്ചുകൊണ്ടുള്ളോരിമ്പം   കൊണ്ടോ,
ആരെക്കൊണ്ടഞ്ചു  കവി കെട്ടേണ്ടു,
അതുതാനെ     കേള്‍ക്കുന്നു  പൈങ്കിളിയും ,
മെല്ലെ  പറഞ്ഞു  തുടങ്ങിയല്ലോ."
 ( വലിയ ആരോമല്‍ ചേകവര്‍     പ്രജാപതിനാട്ടില്‍   അങ്കത്തിനു പോയ പാട്ടുകഥ.)
              ചെറുശ്ശേരിയുടെ     കൃഷ്ണഗാഥയിലും    വടക്കന്‍പാട്ടിന്‍റെ  രീതി    നിഴലിക്കുന്നു.   "ഘോരമായുള്ളോരു   കാട്ടുതീ   കാണായി,   പാരം ചുഴന്നു വരുന്നതപ്പോള്‍."   ഈ വരികള്‍   വടക്കന്‍     പാട്ടിന്‍റെ    ഈണത്തിലും   നിഷ്പ്രയാസം പാടാന്‍ കഴിയും.
                 പൊയ്പ്പോയ   ശതാബ്ദങ്ങളുടെ   വിടവുകളില്‍ കൂടി   ചോര്‍ന്നു ചോര്‍ന്നു   വടക്കന്‍  പാട്ടുകള്‍   അവസാനം     നാനൂറായി     ചുരുങ്ങി.    അവയില്‍ അച്ചടിക്കപ്പെട്ടത്‌   വെറും മുപ്പതോ  മുപ്പത്തി   അഞ്ചോ!
                “പ്രാജ്ഞനായുള്ളോരു കോലാധിനാഥന്‍ തന്നാജ്ഞയെ”ക്കൊണ്ടാണ് താന്‍ കൃഷ്ണഗാഥ രചിച്ചതെന്നാണ് ചെറുശ്ശേരിനമ്പൂതിരിയുടെ വാദം.  “ഇക്കാലത്ത് മലയാളത്തിലെ പല രാജാക്കന്മാരും പ്രഭുക്കന്മാരും മലയാള ഭാഷയില്‍ ഗ്രന്ഥങ്ങള്‍ ഉണ്ടാക്കുന്നതിനു വിദ്വാന്മാരെ പ്രോത്സാഹിപ്പിച്ചു. ഇതുവരെ ശൂദ്രരുടെ വിദ്യാഭ്യാസത്തിനു പ്രതികൂലികളായിരുന്നവരും  മലയാളഭാഷയെ നിഷിദ്ധമെന്ന് അനാദരിച്ചവരുമായ നമ്പൂതിരിമാര്‍ തന്നെ  ആ ഭാഷയില്‍ കവിതകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.” (പദ്മനാഭ മേനോന്‍,കൊ ച്ചിരാജ്യചരിത്രം,വാല്യം.2. പേജ്.681.) അതുവരെ നമ്പൂതിരിമാര്‍ സംസ്കൃത വൃത്തങ്ങളെയാണ് ആശ്രയിച്ചിരുന്നതും. (ശുകസന്ദേശം, ഉണ്ണുനീലിസന്ദേശം,   ലീലാതിലകം മുതലായവ.)
      നമ്പൂതിരിമലയാളകവിതകളെപ്പറ്റി പദ്മനാഭമേനോന്‍ ഇത്രയുംകൂടി രേഖപ്പെടുത്തുന്നു. “ഈ കൃതികളിലെ വൃത്തങ്ങള്‍ മിക്കവാറും തമിഴ്മുറ അനുകരിച്ചിരിക്കുന്നു.  ശുദ്ധദ്രാവിഡ പദപ്രയോഗങ്ങളും ധാരാളമുണ്ട്.”  കൃഷ്ണഗാഥ മദ്ധ്യകാലത്ത്‌ നടപ്പുണ്ടായിരുന്ന മലയാള ഭാഷയുടെ ഒടുവി ലത്തെ അവസ്ഥയെ കുറിക്കുന്നു. മലയാളസാഹിത്യത്തില്‍ നമ്പൂതിരിമാരുടെ തിക്കും തിരക്കും വര്‍ദ്ധിച്ചതും ഇത്തരുണത്തിലത്രേ. പോര്ടുഗീസുകാരുടെ അവസാനത്തിനും ഡച്ചുകാരുടെ ആരംഭത്തിനും ഇടയ്ക്ക് മഴമംഗലത്ത്    നമ്പൂതിരി തന്‍റെ പ്രശസ്തി സ്ഥാപിച്ചു. കേരളത്തിലുണ്ടായിട്ടുള്ള ആധുനിക ദ്രാവിഡവൃത്തങ്ങള്‍ക്കെല്ലാം മൂലകാരണമായിരുന്നിട്ടുള്ളത് വടക്കന്‍പാട്ടുകളും  തത്തുല്യങ്ങളായ ജനകീയ ഗാനങ്ങളുമായിരുന്നു.
        വടക്കന്‍പാട്ടുകള്‍ സംസ്കൃതത്തിന്‍റെ ഗന്ധമേശാത്ത തനി പാമരഭാ ഷയെ (ശുദ്ധ ദ്രാവിഡം) പ്രതിനിധാനം ചെയ്യുന്നുവെന്നാണ് 1935-ല്‍  മദ്രാസ് കളക്ടറും ഒരു ഭാഷാപണ്ഡിതനുമായിരുന്ന പേര്സീ മാക്വീന്‍ രേഖപ്പെടുത്തി യിരിക്കുന്നത്.
        കഥാനായകന്മാര്‍   
         ഒരു കാലത്ത് കേരളത്തിലെ  രാഷ്ട്രീയകാര്യങ്ങളില്‍ നേതൃത്വം വഹിച്ചിരുന്ന രണ്ടു   പ്രബല സമുദായങ്ങളാണ് നായന്മാരും ഈഴവരും.   ഭരണ യന്ത്രത്തിന്റെ  കണ്ണും കൈയും കല്പ്പനയുമായി വര്ത്തിച്ചിരുന്നത്  ഈ രണ്ടു കൂട്ടരായിരുന്നു. മറ്റുള്ളവരുടെ സങ്കടനിവൃത്തിയ്ക്കായി സത്യത്തിനും നീതിക്കുമായി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാന്‍ സന്നഗ്ദ്ധ നായിരുന്ന ചേകോന്മാരുടെയും  നായന്മാരുടെയും  വീരകഥകള്‍  വടക്കന്‍ പാട്ടുകളെ  കോള്‍മയിര്‍ക്കൊള്ളിക്കുന്നു.  ആരോമല്‍ ചേകവര്‍, ഒതേനന്‍,  എന്നിവരെപ്പോലെ ഉറുമിയും പരിചയുമെടുത്തു പട വെട്ടാന്‍ സ്ത്രീകളും പുറകിലായിരുന്നില്ല.  ഉണ്ണിയാര്‍ച്ചയും കോടര്മല കുന്കിയും  സജീവ ദൃഷ്ടാന്തങ്ങളായി  ശോഭിക്കുന്നു.  ചേലനാട്ട് അച്യുത മേനോന്‍റെ ഭാഷയില്‍  പറഞ്ഞാല്‍,  അക്കാലത്ത് കേരളത്തില്‍ കടന്നു നോക്കിയാല്‍ ഓരോ വീട്ടിലും ചുരുങ്ങിയത് ഓരോ  ‘ജോണ് ഓഫ് ആര്‍ക്കിനെ കാണാതിരിക്കുകയില്ല.’
      കഥാനായകന്മാര്‍ അധികവും രണ്ടു തറവാടുകളെ പ്രതിനിധീകരിക്കു ന്നു. പുത്തൂരംവീടും തച്ചോളിവീടും . ആറ്റുംമണമ്മേല്‍, പാലാട്ടു, തുടങ്ങിയ വീടുകള്‍ പുറകെ വരുന്നു. എന്നാല്‍ വാളിന്റെ സീല്‍ക്കാരവും  മന്യുഷ്യ രക്തത്തിന്‍റെ ചീറ്റലും കൊണ്ടു ഭീകരമാണ് വടക്കന്‍പാട്ടുകള്‍ എന്ന് ധരിച്ചു കൂടാ.  ഒരു കാലഘട്ടത്തിന്‍റെ ദേശീയസ്വഭാവവും സാമൂഹ്യവും സാംസ്കാരി കവുമായ യാഥാര്‍ഥ്യങ്ങളും ഈ കാവ്യങ്ങളില്‍ ചിത്രീകരിക്കപ്പെട്ടിരുന്നു.    മനുഷ്യന്‍റെ ദൈനംദിന ജീവിതവും ചിത്തവൃത്തിയും എത്ര  തന്മയത്വത്തോ ടെയാണ് ഈ കൃതികളില്‍ പ്രകാശിപ്പിച്ചിട്ടുള്ളതെന്നോ! ഒരു ജനരാശിയുടെ   സ്ഥലകാലങ്ങളോട് ഇത്രമാത്രം കൂറുപുലര്‍ത്തിയിട്ടുള്ള കൃതികള്‍ ഈ ആധു നികകാലത്ത് പോലും അപൂര്‍വമായിരിക്കുന്നു! 
        ആരോമല്‍ ചേകവരുടെ കാലം സമാവകാശവും തുല്യാധികാരവും സമുദായത്തില്‍ നിലനിന്നിരുന്ന കാലമായിരുന്നു. തറക്കൂട്ടവും നാട്ടുകൂട്ടവും ഭരണകാര്യം നിര്‍വഹിച്ചു പോന്നു. രാജ്യകാര്യങ്ങളില്‍ മുമ്പും പിമ്പും  ചേകോന്മാരെപ്പോലുള്ള വീരന്മാര്‍ക്കായിരുന്നു. രാജാക്കന്മാരുടെ പദവി പേരിനു മാത്രനായിരുന്നു.  ‘അങ്കം വെട്ടി  ജയിച്ചാലേ, ചേകോരാവൂ’ എന്നുണ്ട്.  ചേകോന്മാരുടെ പദവിയെ പ്പറ്റി  ഇങ്ങനെ പറയുന്നു.
‘നെറ്റിപ്പട്ടവും  നെറുകേല്‍ പൂവേ,
പാവാടതന്മേല്‍   പകല്‍ വിളക്കെ,
കുത്തുവിളക്കുമേ പന്തക്കുഴ,
ഏഴു കുടയുമേ തന്നിട്ടുണ്ടേ,
പൊന്നും പല്ലക്കുമേ തന്നിട്ടുണ്ടേ,
തോരണം നാലുമേ  തന്നിട്ടുണ്ടേ,’
‘തണ്ടാ  യ്മ സ്ഥാനവും കീഴ്വാഴ്ചയും
വീട്ടായ്മസ്ഥാനവും ഉണ്ട് നോക്കെ,
ചേകോന്‍ പദവിയും തന്നു നോക്കെ,
ചേരമാന്പെരുമാള്‍  തമ്പുരാനും.’
       ക്രിസ്തുവര്‍ഷം  എട്ടാം നൂറ്റാണ്ടിലെന്നു ഡോക്ടര്‍ ബര്‍ന്നലും  192-ലെന്നു  കനകസഭാ പിള്ളയും പറയുന്ന ചേരമാന്‍ പെരുമാള്‍  ഭാസ്കര രവിവര്‍മ്മന്‍റെ ജൂതശാസനത്തിലെ പദവികളോട് ഈവരികള്‍ സാമ്യം വഹി യ്ക്കുന്നുണ്ട്.  “പകല്‍വിളക്കും പാവാടയും പല്ലക്കും അകകലമും ഇടുപിടി യും തോരണവും തോരണവിതാനമും”....   പുത്തൂരം വീട്ടിലുള്ളവര്‍ക്കൊ ക്കെ ചേകോന്‍ സ്ഥാനം ഉണ്ടായിരുന്നെന്ന് കാണുന്നു.  കണ്ണപ്പന്‍ ചേകോരുടെ  ബന്ധുവീടായ അമ്പാടിക്കോലോത്ത് ഉള്ളവര്‍ക്കാകട്ടെ മേനോന്‍  സ്ഥാനമാണുണ്ടായിരുന്നത്.  
അമ്പാടി വാഴുന്ന ചേകവരും
മേനോന്‍ സ്ഥാനവുമുണ്ടവര്‍ക്കെ,
എന്ന്  പുത്തൂരം  കണ്ണപ്പന്‍ ചേകവരുടെ കഥയില്‍ പറയുന്നു. 

(തുടരും)
















പുറം ചായ


അങ്ങനെ ഒരു ദിവസം.......


         1999ഡിസംബര്‍.31.  ഒരു ഞായറാഴ്ച.  ക്രിസ്മസ്  അവധി   അവസാനിക്കുന്നു. പിറ്റേന്ന്    സ്കൂള്‍ തുറക്കും. ഞാന്‍  അന്ന്  രാത്രി  കോഴിക്കോട്ടേയ്ക്ക്   പോകാനുള്ള   തയ്യാറെടുപ്പിലാണ്. ഉച്ചയ്ക്ക്  അനുജന്‍  സോക്രട്ടീസിന്റെ  ഫോണ്‍.  അച്ഛന് തീരെ  സുഖമില്ല.ഞാനും ഭാര്യയും  ഉടന്‍ തന്നെ   അങ്ങോട്ട്‌ ചെന്നു.  അച്ഛന്‍ മേശപ്പുറത്തു പിണച്ചു വെച്ച കൈകളില്‍  തല  ചായ്ച്ചു  കസേരയില്‍  ഇരിക്കുന്നു. സമാധാനമായി.  കിടപ്പല്ലല്ലോ.                                             അമ്മ  പറഞ്ഞു, അഛന്റെ  കണ്ണുകള്‍  മഞ്ഞച്ചിരിക്കുന്നു, അത് അത്ര നല്ല ലക്ഷണമല്ല എന്ന്. ഭക്ഷണം ഒന്നും  കഴിയ്ക്കുന്നില്ല. ഞാനും  ഭാര്യയും   ചേര്‍ന്നു   അല്പം  കഞ്ഞി  കഴിപ്പിച്ചു.  ഞാന്‍  അപ്പോള്‍  കോക  സന്ദേശത്തെക്കുറിച്ച്    ഒരു സംശയം ചോദിച്ചു. ഒന്ന് ഉണര്‍വ്   ആകാന്‍.  അച്ഛന്‍  തലയുയര്‍ത്തി. തനിക്കു പ്രിയപ്പെട്ട   ചരിത്ര വിഷയത്തില്‍  ജീവന്‍ വെച്ച്   അച്ഛന്‍  കോക സന്ദേശ ത്തിന്റെ   രചനാകാലത്തെ ക്കുറിച്ച്  പതിയെ പറഞ്ഞു. വീണ്ടും തല കുമ്പിട്ടു. പിന്നെ ചോദിച്ചു, എന്റെ അമ്മ വന്നിട്ട്, പോയോ എന്ന്.  എനിക്ക്  രണ്ടു വയസ്സുള്ളപ്പോള്‍  അഛന്റെ അമ്മ മരിച്ചതാണ് . ആ അമ്മയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.     മരണം അടുക്കുമ്പോള്‍   പെറ്റമ്മയെ  അരികില്‍  കാണുമെന്നു  കേട്ടിട്ടുണ്ട്.  പത്തു ദിവസം മുമ്പ് അച്ഛന്‍  ഡയറിയില്‍ കുറിച്ചത്   എനിക്കോര്‍മ്മ വന്നു. ....".ഇന്ന് അമ്മ    വന്നിരുന്നു. " കഴിഞ്ഞ  പത്തു ദിവസങ്ങളായി   അഛന്റെ ഓര്‍മ്മ  അമ്മയെ ചുറ്റിപ്പറ്റി നിന്നു. 







                                      അനുജന്‍ ഉടനെ  കാറുമായി  വന്നു.   അച്ഛനെ കാറില്‍   ആശുപത്രിയില്‍ എത്തിച്ചു.  കാറില്‍ ഇരിക്കാന്‍ പാകത്തിന് കാലുകള്‍ മടക്കാന്‍  അച്ഛന് കഴിഞ്ഞില്ല. അപ്പോഴേയ്ക്കു  അരയ്ക്കു താഴെ മരിച്ചു കഴിഞ്ഞിരുന്നു എന്ന്    പിന്നീട് എനിക്ക് തോന്നി.   മരണം കാലുകളിലൂടെയാണ്    കടന്നു വരിക എന്ന് കേട്ടിട്ടുണ്ട്.   
                                      ഡോക്ടര്‍  വന്നു പരിശോധിച്ച്  ഓക്സിജന്‍  കൊടുക്കാന്‍  നിര്‍ദേശിച്ചു. പിന്നെ   ഞങ്ങളോടായി പറഞ്ഞു,   സ്ഥിതി  മോശമാണ്.  അകലെയുള്ളവരെ    അറിയിക്കുന്നത് നന്നായിരിക്കും. ഞങ്ങള്‍ക്ക്  അതില്‍ വലിയ കാര്യം തോന്നിയിട്ടില്ല.  ഇത്  അഛന്റെ   സ്ഥിരം കലാപരിപാടിയാണ്.   ആശുപത്രിയില്‍ പോകും- രണ്ടു ദിവസം കഴിഞ്ഞു തിരിച്ചും പോരും.   എങ്കിലും  ചേട്ടന്‍  മോപസാങ്ങിനെ  അറിയിക്കാമെന്ന് കരുതി,  എന്റെ ഭാര്യയെ   കാഷ്വാലിറ്റിയില്‍  അച്ഛന്  കൂട്ടിരുത്തി  ഞങ്ങള്‍   പുറത്തിറങ്ങി.  എസ്.ടി.ഡി. ബൂത്ത്‌   പലതും   അടഞ്ഞു കിടക്കുന്നു.  ഞായറാഴ്ചയാണ്.   മൊബൈല്‍  ഫോണ്‍   പ്രചാരം  തുടങ്ങിയിട്ടില്ല.   ഒടുവില്‍ തുറന്നിരുന്ന ഒരു ബൂത്തില്‍  കയറി  ചുക്കു  ചേട്ടനെ വിളിച്ചു പറഞ്ഞു.                                              പുറത്തിറങ്ങിയ ചുക്കു  അസ്വസ്ഥനായിരുന്നു.   ചേട്ടന്‍ കരയുകയായിരുന്നത്രേ.  അച്ഛന് എന്ത് പറ്റി- സത്യം പറയൂ-  അച്ഛന് എന്തെങ്കിലും  സംഭവിച്ചോ - നീ   നുണ   പറയുകയാണ്‌ , എന്നൊക്കെ   പറഞ്ഞുകൊണ്ട്.   പേടിക്കാന്‍  ഒന്നുമില്ല എന്ന്  ചേട്ടനെ    ബോദ്ധ്യപ്പെടുത്തിയ  ഞങ്ങള്‍  തൊട്ടടുത്തുണ്ടായിട്ടും  അഛന്റെ  മരണം  അറിഞ്ഞത്  അകലെ കോട്ടയത്തിരുന്ന   ചേട്ടനാണ്.  ആ നിമിഷങ്ങളില്‍   അച്ഛന്‍    മരിച്ചിരുന്നു.   ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍   അഛന്റെ  ശിരസ്സും താടിയും  ചേര്‍ത്തു  കോറത്തുണിക്കീറു കൊണ്ട്   കെട്ടിക്കഴിഞ്ഞിരുന്നു. എന്റെ ഭാര്യ  ഉറക്കെ കരയുകയായിരുന്നു. അവിശ്വസനീയമായിരുന്നു  ആ മരണം. അപ്പോഴേയ്ക്കു   ഒരു ഓട്ടോയില്‍    അമ്മയും  അനുജന്റെ   ഭാര്യയും എത്തി.     അകത്തു വന്നു  കാണുന്നതിനേക്കാള്‍   മുമ്പ്   അമ്മയെ   വിവരം അറിയിക്കണം.   ഞാന്‍   പുറത്തേക്കിറങ്ങി   ചെന്ന് അമ്മയോട്   പറഞ്ഞു.  ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.  വിഷമിക്കരുത്   .  ആള്  പോയി. ......അമ്മ  ഒരാന്തലോടെ   വാപൊത്തി.    അങ്ങനെ    ഒരു    ദിവസം........