Search This Blog

Wednesday, July 8

അങ്ങനെ ഒരു ദിവസം.......


         1999ഡിസംബര്‍.31.  ഒരു ഞായറാഴ്ച.  ക്രിസ്മസ്  അവധി   അവസാനിക്കുന്നു. പിറ്റേന്ന്    സ്കൂള്‍ തുറക്കും. ഞാന്‍  അന്ന്  രാത്രി  കോഴിക്കോട്ടേയ്ക്ക്   പോകാനുള്ള   തയ്യാറെടുപ്പിലാണ്. ഉച്ചയ്ക്ക്  അനുജന്‍  സോക്രട്ടീസിന്റെ  ഫോണ്‍.  അച്ഛന് തീരെ  സുഖമില്ല.ഞാനും ഭാര്യയും  ഉടന്‍ തന്നെ   അങ്ങോട്ട്‌ ചെന്നു.  അച്ഛന്‍ മേശപ്പുറത്തു പിണച്ചു വെച്ച കൈകളില്‍  തല  ചായ്ച്ചു  കസേരയില്‍  ഇരിക്കുന്നു. സമാധാനമായി.  കിടപ്പല്ലല്ലോ.                                             അമ്മ  പറഞ്ഞു, അഛന്റെ  കണ്ണുകള്‍  മഞ്ഞച്ചിരിക്കുന്നു, അത് അത്ര നല്ല ലക്ഷണമല്ല എന്ന്. ഭക്ഷണം ഒന്നും  കഴിയ്ക്കുന്നില്ല. ഞാനും  ഭാര്യയും   ചേര്‍ന്നു   അല്പം  കഞ്ഞി  കഴിപ്പിച്ചു.  ഞാന്‍  അപ്പോള്‍  കോക  സന്ദേശത്തെക്കുറിച്ച്    ഒരു സംശയം ചോദിച്ചു. ഒന്ന് ഉണര്‍വ്   ആകാന്‍.  അച്ഛന്‍  തലയുയര്‍ത്തി. തനിക്കു പ്രിയപ്പെട്ട   ചരിത്ര വിഷയത്തില്‍  ജീവന്‍ വെച്ച്   അച്ഛന്‍  കോക സന്ദേശ ത്തിന്റെ   രചനാകാലത്തെ ക്കുറിച്ച്  പതിയെ പറഞ്ഞു. വീണ്ടും തല കുമ്പിട്ടു. പിന്നെ ചോദിച്ചു, എന്റെ അമ്മ വന്നിട്ട്, പോയോ എന്ന്.  എനിക്ക്  രണ്ടു വയസ്സുള്ളപ്പോള്‍  അഛന്റെ അമ്മ മരിച്ചതാണ് . ആ അമ്മയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.     മരണം അടുക്കുമ്പോള്‍   പെറ്റമ്മയെ  അരികില്‍  കാണുമെന്നു  കേട്ടിട്ടുണ്ട്.  പത്തു ദിവസം മുമ്പ് അച്ഛന്‍  ഡയറിയില്‍ കുറിച്ചത്   എനിക്കോര്‍മ്മ വന്നു. ....".ഇന്ന് അമ്മ    വന്നിരുന്നു. " കഴിഞ്ഞ  പത്തു ദിവസങ്ങളായി   അഛന്റെ ഓര്‍മ്മ  അമ്മയെ ചുറ്റിപ്പറ്റി നിന്നു. 







                                      അനുജന്‍ ഉടനെ  കാറുമായി  വന്നു.   അച്ഛനെ കാറില്‍   ആശുപത്രിയില്‍ എത്തിച്ചു.  കാറില്‍ ഇരിക്കാന്‍ പാകത്തിന് കാലുകള്‍ മടക്കാന്‍  അച്ഛന് കഴിഞ്ഞില്ല. അപ്പോഴേയ്ക്കു  അരയ്ക്കു താഴെ മരിച്ചു കഴിഞ്ഞിരുന്നു എന്ന്    പിന്നീട് എനിക്ക് തോന്നി.   മരണം കാലുകളിലൂടെയാണ്    കടന്നു വരിക എന്ന് കേട്ടിട്ടുണ്ട്.   
                                      ഡോക്ടര്‍  വന്നു പരിശോധിച്ച്  ഓക്സിജന്‍  കൊടുക്കാന്‍  നിര്‍ദേശിച്ചു. പിന്നെ   ഞങ്ങളോടായി പറഞ്ഞു,   സ്ഥിതി  മോശമാണ്.  അകലെയുള്ളവരെ    അറിയിക്കുന്നത് നന്നായിരിക്കും. ഞങ്ങള്‍ക്ക്  അതില്‍ വലിയ കാര്യം തോന്നിയിട്ടില്ല.  ഇത്  അഛന്റെ   സ്ഥിരം കലാപരിപാടിയാണ്.   ആശുപത്രിയില്‍ പോകും- രണ്ടു ദിവസം കഴിഞ്ഞു തിരിച്ചും പോരും.   എങ്കിലും  ചേട്ടന്‍  മോപസാങ്ങിനെ  അറിയിക്കാമെന്ന് കരുതി,  എന്റെ ഭാര്യയെ   കാഷ്വാലിറ്റിയില്‍  അച്ഛന്  കൂട്ടിരുത്തി  ഞങ്ങള്‍   പുറത്തിറങ്ങി.  എസ്.ടി.ഡി. ബൂത്ത്‌   പലതും   അടഞ്ഞു കിടക്കുന്നു.  ഞായറാഴ്ചയാണ്.   മൊബൈല്‍  ഫോണ്‍   പ്രചാരം  തുടങ്ങിയിട്ടില്ല.   ഒടുവില്‍ തുറന്നിരുന്ന ഒരു ബൂത്തില്‍  കയറി  ചുക്കു  ചേട്ടനെ വിളിച്ചു പറഞ്ഞു.                                              പുറത്തിറങ്ങിയ ചുക്കു  അസ്വസ്ഥനായിരുന്നു.   ചേട്ടന്‍ കരയുകയായിരുന്നത്രേ.  അച്ഛന് എന്ത് പറ്റി- സത്യം പറയൂ-  അച്ഛന് എന്തെങ്കിലും  സംഭവിച്ചോ - നീ   നുണ   പറയുകയാണ്‌ , എന്നൊക്കെ   പറഞ്ഞുകൊണ്ട്.   പേടിക്കാന്‍  ഒന്നുമില്ല എന്ന്  ചേട്ടനെ    ബോദ്ധ്യപ്പെടുത്തിയ  ഞങ്ങള്‍  തൊട്ടടുത്തുണ്ടായിട്ടും  അഛന്റെ  മരണം  അറിഞ്ഞത്  അകലെ കോട്ടയത്തിരുന്ന   ചേട്ടനാണ്.  ആ നിമിഷങ്ങളില്‍   അച്ഛന്‍    മരിച്ചിരുന്നു.   ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍   അഛന്റെ  ശിരസ്സും താടിയും  ചേര്‍ത്തു  കോറത്തുണിക്കീറു കൊണ്ട്   കെട്ടിക്കഴിഞ്ഞിരുന്നു. എന്റെ ഭാര്യ  ഉറക്കെ കരയുകയായിരുന്നു. അവിശ്വസനീയമായിരുന്നു  ആ മരണം. അപ്പോഴേയ്ക്കു   ഒരു ഓട്ടോയില്‍    അമ്മയും  അനുജന്റെ   ഭാര്യയും എത്തി.     അകത്തു വന്നു  കാണുന്നതിനേക്കാള്‍   മുമ്പ്   അമ്മയെ   വിവരം അറിയിക്കണം.   ഞാന്‍   പുറത്തേക്കിറങ്ങി   ചെന്ന് അമ്മയോട്   പറഞ്ഞു.  ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.  വിഷമിക്കരുത്   .  ആള്  പോയി. ......അമ്മ  ഒരാന്തലോടെ   വാപൊത്തി.    അങ്ങനെ    ഒരു    ദിവസം........

No comments:

Post a Comment