Search This Blog

Sunday, April 1

ORKATTERY - ഒഴിഞ്ഞുപോയ ഒരു യോഗം. (12)

  ORKATTERY. P.O
VADAKARA, KOZHIKKODE………12.
ഒഴിഞ്ഞുപോയ ഒരു യോഗം.

ഒരു ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത്   തെരഞ്ഞെടുപ്പ്  ഡ്യൂട്ടിക്ക്  പോളിംഗ് ഓഫീസറായി  ഞാന്‍ വിലങ്ങാട്  സെന്‍. ജോര്‍ജ്ജ്  സ്കൂളില്‍  എത്തി.  മന:സമാധാനം  നഷ്ടപ്പെട്ട  ഒരു പകലും  ഭ്രാന്തു പിടിച്ച ഒരു രാത്രിയും.  ആദ്യം രാത്രിയിലെ  ഭ്രാന്തിന്‍റെ കഥ പറയാം. സന്ധ്യയോടെ പോളിംഗ് കഴിഞ്ഞു.  ത്രിതല പോളിംഗ്.  ബാലറ്റ് ബോക്സ്‌  പൂട്ടി  സീല്‍ ചെയ്തു.   പ്രിസൈഡിംഗ് ഓഫീസര്‍  ഫാറങ്ങള്‍ പൂരിപ്പിക്കുന്ന  തിരക്കില്‍. പകല്‍  ഒന്നും ചെയ്ത്  വയ്ക്കാന്‍ കഴിഞ്ഞില്ല.  ഒരു  കള്ളവോട്ടറുമായി  അദ്ദേഹം   ഗുസ്തിയിലായിരുന്നു.  ആ കഥ അടുത്ത ലക്കത്തില്‍ പറയാം.  ഫാറങ്ങള്‍ പൂരിപ്പിച്ചുകൊണ്ടിരിക്കെ   പ്രിസൈ ഡിംഗ് ഓഫീസര്‍  വിളിച്ചുപറഞ്ഞു.  പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും  ഉപയോഗിച്ച ബാലറ്റ്  പേപ്പറിന്റെ  എണ്ണവും   ടാലി ആവുന്നില്ല.  മൂന്നു  വോട്ടുകള്‍   കൂടുതല്‍ പെട്ടിയില്‍ വീണിട്ടുണ്ട്.സന്തോഷം നിറഞ്ഞ  അന്തരീക്ഷം  പൊടുന്നനെ ഇല്ലാതായി.  ഇതെങ്ങനെ സംഭവിച്ചു? ഹെല്‍ത്തില്‍  നിന്ന് വന്ന രണ്ടു  നഴ്സുമാരാണ്   ബാലറ്റ്  മുറിച്ചത്.  പരസ്പരം  ചെവി കടിച്ചു തിന്നുകൊണ്ടാണ്‌   അവര്‍   ബാലറ്റ്   മുറിച്ചത്. എനിക്കപ്പോഴേ  സംശയം തോന്നിയിരുന്നു,  കണക്കു തെറ്റില്ലേയെന്ന്. അത് തന്നെ സംഭവിച്ചു. മൂന്നു  ബാലറ്റ് അവര്‍ കൂടുതല്‍ കീറിക്കൊടുത്തു. കിട്ടിയവര്‍  അതും  പെട്ടിയിലിട്ടു.  ഇനി എന്ത് ചെയ്യും?  കണക്ക് ഒക്കുന്നില്ല.   സന്ധ്യ   രാത്രിയിലേക്ക്‌  കടക്കുകയാണ്.  അടുത്ത രണ്ടു  ബൂത്തിലും  എല്ലാ ജോലിയും കഴിഞ്ഞതിന്‍റെ   ഒച്ചപ്പാടും  ബഹളവും  ഉച്ചത്തിലായി.   ചിലര്‍  വന്നു  ചോദിച്ചു .  നിങ്ങള്  കഴിഞ്ഞില്ലേ? ഹതുകൊള്ളാം . ബസ് ഇപ്പോള്‍ വരും .  വേഗം നോക്ക്.   പ്രിസൈഡിംഗ്  ഓഫീസര്‍  എങ്ങനെ നോക്കിയിട്ടും  കണക്കു  ശരിയാകുന്നില്ല. പ്രശ്നം  മറ്റൊരു  പോളിംഗ്  ഓഫീസര്‍  ഏറ്റെടുത്തു.  യിതൊക്കെ  എന്ത്?   യിപ്പോ   ശരിയാക്കിത്തരാം.  നമ്മളിതെത്ര   കണ്ടിരിക്കു ന്നു?   താമരശ്ശേരി ചൊരം  എന്നൊക്കെ പറഞ്ഞു   കണക്ക് ഒപ്പിക്കാന്‍ തുടങ്ങി.  അപ്പോഴേയ്ക്കു   ഞങ്ങള്‍ക്ക്  എല്ലാവര്ക്കും   പോകാനുള്ള ബസ്   എത്തി.  മറ്റ് രണ്ടു ബൂത്തുകാരും  പെട്ടിപ്രമാണങ്ങളുമായി  കയറിക്കഴിഞ്ഞു.   ഞങ്ങള്‍ കണക്കിന്‍റെ ഉള്ളിലാണ്.  ഒരാള്‍    ഇറങ്ങിവന്നു   ഞങ്ങള്‍  ചെല്ലാത്തതിന്റെ   കാരണം തിരക്കി.  ഞങ്ങള്‍ സത്യം പറഞ്ഞു.  കണക്കു ഒക്കുന്നില്ല.  അത്രേയുള്ളൂ?  അതിനെന്താ?   കണക്കൊപ്പിക്കുന്ന  ഒരു  തലേക്കല്ലന്‍  ബസ്സിലുണ്ട്.       കള്ളക്കണക്കിന്റെ ഉസ്താദ്.   പിന്നെ  ഉസ്താദ്   അരമണിക്കൂര്‍   ഒപ്പിക്കാന്‍ നോക്കി.  മൂന്നു ബാലറ്റ്  എന്നിട്ടും   കൂടുതല്‍!   ഒടുവില്‍  ഉസ്താദ്   തോറ്റ്തൊപ്പിയൂരി.   ഇനി   വരുന്നത് വരട്ടെ.  കണക്കു ശരിയാകുന്നില്ലെന്നു   അധികാരികളോട് പറയാം. തൂക്കിക്കൊല്ലാനൊന്നും   വകുപ്പില്ലല്ലോ .   കൊല്ലുന്നെങ്കി കൊല്ലട്ടെ, എന്നും പറഞ്ഞു  എല്ലാം തൂത്തുവാരി   ഞങ്ങളും   ബസ്സില്‍ കയറി.   വല്ലാത്ത നിരാശയായിരുന്നു.  ഇത്ര   ഉത്തരവാദപ്പെട്ട   ജോലിയില്‍   പിശക്  വരുത്തിയല്ലോ  എന്ന്  കുറ്റബോധവും .   പെട്ടികളും  കണക്കും   ഏല്‍പ്പിക്കുന്ന  സമയത്ത് ഞങ്ങളുടെ  മൂന്നാളുടെ   തൊണ്ടയിലും തുള്ളി വെള്ളമില്ല. സര്‍,  സത്യം പറയുകയാണ്‌,  കണക്കു  ശരിയല്ല.  മൂന്നു വോട്ടിന്റെ  വ്യത്യാസമുണ്ട്. 
ഓഫീസര്‍  എന്ത് പറയും എന്നറിയാന്‍  ശ്വാസം അടക്കി ഞങ്ങള്‍ നിന്നു. അദ്ദേഹം  കണക്കു നോക്കി , അവിടെയും ഇവിടെയും   വെട്ടിത്തിരുത്തി. എന്നിട്ട് പറഞ്ഞു.   ഓക്കെ.  കണക്കു ശരിയാണ്.  ഹെന്താ?  ഞങ്ങള്‍ക്ക് അത് മനസ്സിലായില്ല.  ഒന്ന് കൂടി   നോക്കിയേ.    ഓഫീസര്‍   വീണ്ടും   കണ്ണോടിച്ചു. എന്നിട്ട് പറഞ്ഞു.  ഡബിള്‍  ഒക്കെ.   കണക്കു കൃത്യം.  ഞങ്ങള്‍ക്ക്  കണക്കു  തെറ്റിയത്  എങ്ങനെയെന്നും   അദ്ദേഹം  കാണിച്ചു തന്നു.  കണക്കിലല്ലായിരുന്നു .കൂട്ടിയ രീതിയിലായിരുന്നു തെറ്റ്. വെറുതെ നഴ്സുമാരെ  പഴിച്ചു. ആശ്വാസമായി.  ഏറ്റെടുത്ത  ജോലി  പൂര്‍ത്തിയായി.  മടങ്ങും മുന്‍പ്  ഞാന്‍ ആ  ഓഫീസറോട്   ലോഹ്യത്തില്‍  ചോദിച്ചു,  സര്‍, ഇനി അഥവാ മൂന്ന്‍ വോട്ടിന്റെ   വ്യത്യാസം  ഉണ്ടായിരുന്നെങ്കിലോ?  അദ്ദേഹം പറഞ്ഞു.  ഓ. അതില്‍ കാര്യമൊന്നുമില്ല.  ഞങ്ങള്‍  റിമാര്‍ക്സില്‍ എഴുതും.  മൂന്നു  വോട്ടു കുറവോ കൂടുതലോ   ഉണ്ടെന്ന്.  അത്രെയുള്ളോ!  വെറുതെ  പേടിച്ചു.  ഓഫീസര്‍  കൂട്ടിച്ചേര്‍ത്തു. പിന്നെ,   മൂന്നു വോട്ടിന്റെ  വ്യത്യാസത്തിനാണ് ജയവും പരാജയവുമെങ്കില്‍   സംഗതി    കുഴയും.    അത് ശരി.  അങ്ങനെ വന്നാലോ? ഞാന്‍ ചോദിച്ചു.   ഓഫീസര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.  അങ്ങനെ വന്നാല്‍.....ജയിലില്‍ കിടക്കാന്‍ ഒരു  യോഗമുണ്ടായിരുന്നെന്നു   കരുതിയാല്‍   മതി.............                                             ****