Search This Blog

Sunday, March 13

വംശനാശം

                     


                            
വംശനാശം
(കഥ തുടങ്ങും  മുമ്പ്   ഗൌരവപ്പെട്ട ഒന്ന്‍ പറയാനുണ്ട്.  എന്നോടൊപ്പം ആദ്യാവസാനം ഒരാള്‍ കൂടിയുണ്ട്. എന്നെ ഞാനായി ജീവക്കാന്‍ അനുവദിക്കാത്ത , എനിക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍  എന്നില്‍  അടിച്ചേല്‍പ്പിക്കുന്ന  ഒരാള്‍ .  ഓര്മ വെച്ച നാള്‍ മുതല്‍  കൂടെയുണ്ട്. എന്നോടോപ്പമേ പുകയൂ.ഞാന്‍  അയാള്‍ക്ക്  ശിവന്‍  എന്ന് പേരിട്ടിരിക്കുന്നു. അയാളില്ലാതെ ഞാനില്ല. അയാളോട്  നീരസം തോന്നരുത്. അയാള്‍ ഞാന്‍ തന്നെയാണ്.   കളയാന്‍ കഴിയാത്തത് കൊണ്ട് മാത്രം   കൂടെ കൂട്ടുന്നു.)

  ഒരു  സ്വാശ്രയ   ബി.എഡ്ഡ്. കോഴ്സിലേയ്ക്ക് രണ്ടു ലക്ഷം തലവരി  കൊടുക്കാന്‍  ശേഷിയുള്ള  കുറേ  അപേക്ഷകരെ ഉടന്‍  സംഘടിപ്പിക്കുക ഈ  ലക്ഷ്യവുമായി ശിവനോടൊപ്പം രാവിലെ ടൗണിലേക്കിറങ്ങിയപ്പോഴാണ്, ത്രിവേണി ടെയിലറിങ് ഷോപ്പ് പൊളിക്കുന്നു,എന്ന  വാര്‍ത്ത  അടുത്ത ആരുടേയോ മരണം പോലെ   എന്നെ ഞെട്ടിച്ചത്.  ശിവന് പക്ഷെ, ഒരു ഞെട്ടലുമുണ്ടായില്ല. എന്നെങ്കിലും ഒരിക്കല്‍ സംഭവിക്കുമായിരുന്നത് അന്നു സംഭവിച്ചു എന്ന മട്ട്.   ലക്ഷ്യം പാതിവഴിയില്‍   മാറ്റി വയ്‍ക്കാന്‍ ചങ്ങാതി തയ്യാറായിരുന്നില്ല. എങ്കിലും അവനേയും പിടിച്ചു വലിച്ച്  ഞാന്‍ചെട്ടിയങ്ങാടിയിലേക്ക് പറന്നു.            . 
               പുരാതനമായ  ഒരു   ഒറ്റമുറിപ്പീടികയായിരുന്നു,  ആ  തയ്യല്‍ കട .   തയ്യല്‍ക്കട എന്നുപറഞ്ഞാല്‍ കട്ടിത്തുണി കൊണ്ടുള്ള വരയന്‍ സഞ്ചി,    വൃദ്ധജനങ്ങളുടെ കോറത്തുണിയുല്‍പ്പന്നങ്ങളായ കയ്യില്ലാ ബനിയന്‍ ,  വരയന്‍ നിക്കര്‍,    ലെങ്കോട്ടി, റൗക്ക, ബോഡീസ്, ചെറിയ പെണ്‍കുട്ടികള്‍ക്കുള്ള ഷെമ്മി   എന്നീ ഐറ്റംസ്  ഉത്തര വാദിത്വത്തോടെ തയ്ച്ചുകൊടുത്തിരുന്ന ഒരു വിശ്വസ്ഥസ്ഥാപനം.   പ്രൊപ്രൈറ്റര്‍ കാള ബാപ്പന്‍.  എന്നാല്‍ അതിലുപരി,  ഒരു കാലഘട്ടത്തിന്റെ ജീര്‍ണ്ണിച്ച അവശേഷിപ്പായിരുന്നു,. ത്രിവേണി ടെയിലറിങ് ഷോപ്പ്.     
                   ത്രിവേണി പൊളിച്ചുനീക്കിയാല്‍ രണ്ടു പ്രധാന നഷ്ടങ്ങളാണുണ്ടാവുക.     ഒന്ന് , ഏഴു പതിററാണ്ടു പഴക്കമുളള ഒരു ചരിത്ര സാക്ഷ്യം.  രണ്ട്  ഒരു അനാഥ ഭ്രാന്തന്റെ കുപ്പമാടം.   ഈ നഷ്ടബോധം എല്ലാ ചെട്ടിയങ്ങാടിക്കാര്‍ക്കും  ഇല്ല.  പഴമക്കാര്‍ക്കു മാത്രം.       ഞങ്ങളുടെ    പുതു തലമുറ   അവജ്ഞയോടെയാണ്  ഈ കെട്ടിടത്തെ കാണുന്നത്.    കാരണം    അവര്‍ക്കു പഴയ ചെട്ടിയങ്ങാടി  പരിചിതമല്ല.      
                     പണ്ടത്തെ ചെട്ടിയങ്ങാടിയുടെ മനസ്സും കണ്ണും കാതും നാവും  ആ ചെറിയ സ്ഥാപനമായിരുന്നു.  എന്നും വൈകുന്നേരമാകുമ്പോഴേയ്ക്കും  ആ  കടയില്‍      കുറേയേറെ    സീനിയര്‍ സിറ്റിസണ്‍സ്   ഒന്നിച്ചുകൂടും. ബാപ്പന്റെ സമവയസ്ക്കരും  ഉറ്റ തോഴന്മാരും.   എല്ലാവര്‍ക്കും ഒരേ യൂണിഫോമായിരിക്കും വെള്ള  ഫുള്‍കൈ ഷര്‍ട്ട്   കഴുത്തറ്റം  കുടുക്കിട്ടത്.   വെള്ള മുണ്ട് മര്യാദയായി  മടക്കിക്കുത്തിയത്. വെള്ളത്തലമുടി  അരികു വകച്ചില്‍ ഇട്ട്  ചീകിയൊതുക്കിയത്.  ക്ളീന്‍ ഷേവ്.  നാട്ടുവര്‍ത്തമാനത്തില്‍ നിന്നു
                                                        2
 പതുക്കെപ്പതുക്കെ ലോക രാഷ്ട്രീയ പുസ്തകം തുറക്കപ്പെടുകയായി.ബാപ്പ‍‍‍‍ന്‍
 തയ്പ്പു മതിയാക്കി രാഷ്ട്രീയചര്‍ച്ചയിലേയ്ക്കു ചാടും. പിന്നെ അവിടെ നല്ല ഒരു
 സദസ്സാണ്.  അതില്‍ എല്ലാ ജാതിക്കാരും ഉണ്ടാകും. ' കംണിസ്റ്റുകളും ' 'കാങ്ക്രസ്സനുകൂലികളും'  രണ്ടിന്റേയും ഒറ്റുകാരും  ഉണ്ടാകും.
ചൂടുള്ള വാദപ്രതിവാദങ്ങള്‍  ഉയരുകയായി.   ജര്‍മ്മനി, ജപ്പാന്‍, അമേരിക്ക,  സഖ്യ കക്ഷികള്‍ , ഒന്നാം വട്ടമേശസമ്മേളനം... തുടങ്ങി  ചര്‍ച്ച  കാടു കയറും.  എന്തൊക്കെ പറഞ്ഞാലും പഴയ  ആളുകള്‍ക്ക് ലോക രാഷ്ട്രീയത്തെക്കുറിച്ച് കാര്യമായ അറിവുണ്ടായിരുന്നു.    തര്‍ക്കം    എല്ലാം കഴിഞ്ഞു പിരിയുമ്പോള്‍ അവര്‍ തമ്മിലുള്ള സ്നേഹത്തിന് ഒരു
കുറവുമില്ലതാനും.  അന്ന് ആ കടയും പരിസരങ്ങളും ഒരുപാടു ജനത്തിരക്കേറിയതായിരുന്നു. ത്രിവേണിയുടെമുമ്പില്‍ ചെന്ന് ഇടത്തേയ്ക്ക്-  ത്രിവേണി കഴിഞ്ഞ് മൂന്നാമത്തേത്-  ഇവിടുന്നു  ത്രിവേണി വരെ    എന്നൊക്കെയാണ്   ഞങ്ങള്‍ അടയാളം  പറഞ്ഞുകൊടുത്തിരുന്നത്.. 
                          ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ വിദൂരമായ   ആരവ
ങ്ങളും  അലയൊലികളും  ആവേശങ്ങളും മുദ്രാവാക്യം വിളികളും  പ്രഖ്യാപനങ്ങളും        അപ്പപ്പോള്‍ ചെട്ടിയങ്ങാടിക്കുഗ്രാമത്തിലെ സ്വാതന്ത്ര്യപ്രേമികള്‍ക്ക് പകര്‍ന്നുകൊടുത്തിരുന്നത് ത്രിവേണിയില്‍
 സദാ മുരണ്ടുകൊണ്ടിരുന്ന ഒരു ചെറിയ മര്‍ഫിയും  അതില്‍താളം പിടിച്ചിരുന്ന ബാപ്പനുമായിരുന്നു . ബ്രിട്ടീഷ് പോലീസിന്റെ കണ്ണു വെട്ടിച്ച്
മധ്യകേരളത്തിലെ നിരവധി സമരസേനാനികള്‍  ത്രിവേണിയുടെ തട്ടിന്‍പുറത്ത്  ബാപ്പന്റെ അനുവാദത്തോടെ ആഴ്ചകള്‍  ഒളിവില്‍  കഴിച്ചുകൂട്ടിയിട്ടുണ്ട്.   തികഞ്ഞ ഗാന്ധിയനായ ടെയ് ലര്‍  ബാപ്പന്‍
 തൂവെള്ള  ഖദര്‍ ധരിച്ച് ഏവരോടും വളരെ കാര്യ ഗൗരവത്തോടെ  സമരമേഖലകളെക്കുറിച്ച് പ്രസംഗിച്ചു.  മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യ
ത്തിനു വേണ്ടി മാത്രം ജീവിക്കുന്ന ഒരാളായിട്ടാണ് അദ്ദേഹം തന്നെത്തന്നെ   കരുതിയിരുന്നത്
                               ത്രിവേണിയുടെ സുവര്‍ണ്ണകാലം ഏറെനാള്‍  നീണ്ടു നിന്നില്ല. ഗ്രാമത്തിന്റെ തെക്കുഭാഗത്തായി റെയില്‍വേ സ്റ്റേഷനു സമീപം ഒരു  വമ്പന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റിആശുപത്രി വന്നതോടെ ചെട്ടിയങ്ങാടിയുടെ അലകും പിടിയും മാറിപ്പോയി.  പണ്ടു     സന്ദേശഹരന്‍ നടന്നുപോയ കോകസന്ദേശത്തിലെ
പുകണക്കാവിലേക്കുള്ള പഴമ്പാതയും അത്യാവശ്യ സര്‍വ്വീസുകളായ    മരയ്ക്കാരുകുഞ്ഞിന്റെ പലവ്യഞ്ജനക്കട , റേഷന്‍ കട ,  ഡാക്ടര്‍ കൈമളിന്റെ ഹോമിയോ ക്ളിനിക്ക്, ചാക്കോയുടെ ബാര്‍ബര്‍ഷാപ്പ്,     കറുത്ത കോട്ട് സാഹിബ്ബിന്റെ ജൗളിക്കട തുടങ്ങിയവയും ചേര്‍ന്ന്  പരമദാരിദ്ര്യത്തിലധിഷ്ടിതമായ പഴയ കുഗ്രാമം  പുതിയ റോഡുകളും പുതിയ വീടുകളും പുതിയ കടകമ്പോളങ്ങളും  ജനത്തിരക്കും കൊണ്ട്   ടൌണ്‍ഷിപ്പ്‌ രൂപത്തില്‍  പുനര്‍ജ്ജനിച്ചു. ദൂരദേശത്തു നിന്നു ആശുപത്രിയിലെത്തുന്ന രോഗികളുടെ ബന്ധുക്കള്‍ക്കും സഹായികള്‍ക്കും  താമസിക്കാന്‍ കഴുത്തറപ്പന്‍ ദിവസ വാടകയ്ക്കു വീടും മുറികളും  നല്‍കി ,ചെട്ടിയങ്ങാടിക്കാര്‍ പെട്ടെന്നു പണക്കാരായി.  ഇപ്പോള്‍ ഞങ്ങള്‍ പാതി പട്ടണവാസികളാണ്. പരിഷ്കാരികളും. ചെട്ടിയങ്ങാടിയുടെ പേരു മാറ്റി, വിഷ്ണുപുരമെന്നാക്കി.  മല്ലു മൂപ്പന്‍റെ  ഉണക്ക ചായക്കട   ഇപ്പോള്‍  ഓം  കൃഷ്ണാ ടീ സ്റ്റാള്‍ ആണ്. ആ പുതുപുത്തന്‍ കെട്ടിടങ്ങളുടെ നടവാതില്‍ക്കലാണ്,    പഴകി ദ്രവിച്ച ഏതു സമയത്തും വീണടിയുമെന്നു തോന്നിപ്പിക്കുന്ന കുഷ്ടരോഗം പിടിച്ച ത്രിവേണി ടെയ്‍ലറിങ് ഷോപ്പ് .  ചിലപ്പോഴൊക്കെ എനിക്കും തോന്നിയിട്ടുണ്ട് അത്     പൊളിച്ചുകളയേണ്ടതാണെന്ന്.
                            ത്രിവേണിയുടെ  കഷ്ടകാലത്തിന്റെ  അപായമണി മുഴക്കിക്കൊണ്ട് ടെയ്‍ലര്‍ ബാപ്പന്‍ പെട്ടെന്നു മരിച്ചു.അതോടെ    ഒന്ന്,രണ്ട്,മൂന്ന്എന്നിങ്ങനെ മുഷിഞ്ഞ  പത്തു ചോക്കടയാളങ്ങള്‍
 പതിഞ്ഞ  ത്രിവേണിയുടെ പുരാതന നിരപ്പലകകള്‍ എന്നെന്നേയ്ക്കുമായി
 വീണു.   
                            ബാപ്പന്‍ അപ്രത്യക്ഷനായ ഉടനെ   ചിലര്‍           കടപൊളിച്ചുപണിയാന്‍ ശ്രമിച്ചുവെങ്കിലും   ബാപ്പന്റെ വിശ്വസ്ഥ സേവകനായിരുന്ന  കൊച്ചുവക്കൊ കട ഒഴിഞ്ഞു കൊടുക്കാന്‍
തയ്യാറായില്ല. അയാള്‍   കടയില്‍ തന്നെ താമസമാക്കി.   സഖാവ് , ഭ്രാന്തന്‍ , നക്സല്‍, ഷിബുസോറന്‍ എന്നൊക്കെ വിശേഷണങ്ങളുണ്ടായിരുന്ന അയാളോട് അടുക്കാന്‍ ആരും ധൈര്യം കാണിച്ചിരുന്നുമില്ല.  അയാളെ    എനിക്കും പേടിയായിരുന്നു.   ചുമല്‍  വരെ  നീണ്ടു വളര്‍ന്നു  കാടുപിടിച്ച തലമുടി.  മുഖം നിറഞ്ഞു വളര്‍ന്നു തിങ്ങിയ  താടി.   ഷിബുസോറന്‍ എന്നു പേരു വാങ്ങിച്ച മീശ.  മെലിഞ്ഞുണങ്ങിയ ദേഹം.   ചിലനേരം  ഒരുതരം തുളയ്ക്കുന്ന നോട്ടമുണ്ട്. പിന്നെയൊരു വെടലച്ചിരിയും..  അത്തരം ചിരിയ്ക്ക് ഞങ്ങള്‍ കൊച്ചുവക്കോച്ചിരി എന്നാണ്   പേരു കൊടുത്തിട്ടുള്ളത്.                                 
                       തയ്പു   നിലച്ച  ത്രിവേണിയില്‍  കനച്ച ഇരുട്ടും കൊച്ചുവക്കോയും    കാവല്‍ ആരംഭിച്ചു.സ്വന്തമായി ഒന്നുമില്ലായിരുന്ന കൊച്ചുവക്കോയുടെ ഈശ്വരനുള്‍പ്പടെ എല്ലാമായിരുന്നു ടെയ്‍ലര്‍ ബാപ്പന്‍.    യജമാനന്‍ തിരോഭവിച്ചിട്ടും ത്രിവേണി വിട്ടുപോകുവാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.നീണ്ട  തയ്പ്പു മേശപ്പുറത്ത് എപ്പോഴും സ്ഥിരപ്രജ്ഞനായ മുനിയെപ്പോലെ അയാള്‍   ഉറങ്ങിയോ,   ഉറങ്ങാതെയോ കിടപ്പുണ്ടാകും.ഗാന്ധിജി, ചാച്ചാജി, നേതാജി തുടങ്ങിയ  വലിയ ചുവര്‍ ദൈവങ്ങളോട് പരിതപിച്ച്, പൊറുക്കുവാന്‍ അപേക്ഷിച്ച്......                                                ചിലപ്പോഴൊക്കെ കൊച്ചുവക്കൊ വളരെ ധൃതിയില്‍ എന്റെ
വീട്ടിലേയ്ക്ക്  ഓടിവരുമായിരുന്നു. ചോദ്യവും പറച്ചിലുമൊന്നും കൂടാതെ വരാന്തയിലെ സ്ററൂളില്‍ കയറിയിരുന്ന് അധികാരത്തില്‍ ബീഡി വലിക്കും. ചോദിച്ചുവാങ്ങി ചായ കുടിക്കും.  കാല്‍ വിറപ്പിക്കും ഇതൊക്കെ ആ  
                                                       4
 സുദാ.....കരന്‍ പറ്റിച്ച പണിയാണെന്ന്  ഇടയ്ക്കിടെ മുറുമുറുക്കും.  ഷിബു സോറന്‍ മീശ പിരിക്കും   പിന്നീട്  ആരോടും പറയാതെ ഇറങ്ങിപ്പോകും.. പണ്ട് എന്റെ അച്ഛന്റെ സില്‍ബന്തിയായിരുന്നതിന്റെ അധികാരമാണ്.  അച്ഛനോട് ചെട്ടിയങ്ങാടിയിലെ ഭ്രാന്തന്മാര്‍ക്ക് ഒരു പ്രത്യേക  അഭിനിവേശമായിരുന്നു.
അശാന്തമസ്തിഷ്ക്കങ്ങള്‍ തീരെ  നിവൃത്തികേടാവുമ്പോള്‍ ഓടി
യണയുന്നത് എന്റെ അച്ഛന്റെ  സവിധത്തിലായിരുന്നു. അച്ഛന്‍ വൈദ്യരോ മന്ത്രവാദിയോ ആയിരുന്നില്ല.  എങ്കിലും അവരോട് സൗമ്യമായി തരക്കാരോടെന്നപോലെ സംസാരിക്കുമായിരുന്നു. അച്ഛന്‍  അവര്‍ക്കൊക്കെയും ഒരു  സമാധാനമായിരുന്നു.
                          ത്രിവേണീ ടെയിലറിംഗ് ഷോപ്പ് പൊളിക്കുന്നതു തടയാന്‍ ചെട്ടിയങ്ങാടിക്കാരായ ഞങ്ങള്‍ക്കാര്‍ക്കും കഴിയില്ലായിരുന്നു.  സ്ഥലമുടമയായ  പി .കെ .  കോടതിയില്‍ നിന്ന് അനുവാദം വാങ്ങിയിരിക്കുകയാണ്. നാട്ടിലെ രാഷ്ട്രീയനേതാക്കളില്‍     കരുത്തനാണ് പി.കെ.  അദ്ദേഹത്തിന്റ   തിരുവായ്ക്കെതിര്‍വായില്ല ഞങ്ങള്‍   ചെല്ലുമ്പോള്‍ പൊളിതുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. ഒരു വലിയ ജനക്കൂട്ടം പൊളി കാണാനെത്തിയിട്ടുണ്ട്.പണിയെക്കാള്‍  ജനത്തിനു കാണാന്‍ കൗതുകം പൊളിയാണ്. അതില്‍ ഒരു സംഹാരത്തിന്റെ കോരിത്തരിപ്പുണ്ടല്ലോ. ജനക്കൂട്ടത്തില്‍‍ ഒരിടത്തായി  പി.കെ  ശാന്തഗംഭീരനായി നെഞ്ചില്‍ കൈകള്‍ പിണച്ച് പൊളി നോക്കി നില്‍ക്കുന്നു.സമീപത്തായി നേതാവിന്റെ  അനുയായിവൃന്ദവും. സ്ഥിരം കൂളിപ്പട.
                           പിക്കേയ്ക്കുമുമ്പില്‍ ഞങ്ങള്‍ ചെട്ടിയങ്ങാടിക്കാര്‍ തികഞ്ഞ മര്യാദക്കുട്ടികളാണ്. ഗ്രാമത്തിലെല്ലാ മുക്കിലും മൂലയിലും  പീക്കേയുടെ ചാരക്കണ്ണുകളുണ്ട്.വേണ്ടിവന്നാല്‍ ഞാനും പീക്കേയ്ക്കു വേണ്ടി ചാരദൗത്യം നിര്‍വ്വഹിയ്ക്കും. അതെന്നെപ്പോലെയുള്ളവരുടെ വിധിയാണ്.
                                        കെട്ടിടത്തിന്റെ മുകളിലേയ്ക്ക് അണ്ണാന്മാരെപ്പോലെ  പണിക്കാര്‍ തത്തിപ്പിടിച്ചു കയറുന്നു.  ഓടുകള്‍ ലോറിയിലേയ്ക്കു പറപറക്കുന്നു. പട്ടിക കഴുക്കോലുകള്‍ ശൂലങ്ങളായി താഴേയ്ക്കു പതിയ്ക്കുന്നു.തുടര്‍ന്ന്  അടഞ്ഞുകിടന്നിരുന്ന ത്രിവേണിയുടെ പുരാതന നിരപ്പലകകള്‍  ഓരോന്നായി എടുത്തുമാറ്റപ്പെടുന്നു.‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഏവരുടേയും ശ്വാസം സ്തംഭിച്ച നെഞ്ചങ്ങള്‍ - മിഴിഞ്ഞ കണ്ണുകള്‍ - തൂര്‍ന്ന കാതുകള്‍ ആ നിരപ്പലകകള്‍ക്കുള്ളിലേയ്ക്ക്... കൂടു തുറന്നാല്‍ ഏതു നിമിഷവും പുറത്തുചാടിയേക്കാവുന്ന ഒരു ഹിംസ്ര മൃഗത്തെയെന്ന പോലെ ജനം നിരപ്പലകകള്‍ക്കുള്ളിലെ ആപത്തിലേയ്ക്ക് വളഞ്ഞുചുഴിഞ്ഞു. 
അതിനകത്ത്   കൊച്ചുവക്കോ എന്ന താമസക്കാരന്‍ ഒഴിഞ്ഞു പോകാന്‍  
കൂട്ടാക്കാതെ വളഞ്ഞു കൂടിക്കിടക്കുകയാണ്.                                                                              ഒരു ചെറിയ യുദ്ധം  ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടുപേര്‍ ചേര്‍ന്ന് കൊച്ചുവക്കോയെ പുഷ്പം പോലെ താങ്ങിയെടുത്തു പുറത്തെ വരാന്തയിലിരുത്തുന്നതാണ് കണ്ടത്. അരയില്‍ ഒരു മുഷിഞ്ഞ തുണിക്കഷ്ണം
                                                        5

 മാത്രം.ചലനശേഷി നഷ്ടമായ ഒരെല്ലിന്‍കൂട്. കൊച്ചുവക്കോയുടെ പ്രേതം  വരാന്തയിലിരുന്നു വിറച്ചു..   പീക്കേയുടെ നയനനിര്‍ദ്ദേശം വാങ്ങി ഒരാള്‍ ഒരു വാഴയിലപ്പൊതി കൊച്ചുവക്കൊയുടെ മുന്നില്‍ തുറന്നുവച്ചു.
ഒരു  ഗ്ലാസ്സ് ചായയും.         
"അന്ത്യത്താഴമാണ്. പാവം കഴിച്ചോട്ടെ....."
പീകെ   കുലുങ്ങിച്ചിരിച്ചു അവശമായി തളര്‍ന്നുകിടന്നിരുന്ന വലംകൈ
ആരോ എടുത്തു ഇലപ്പൊതിയില്‍  വെച്ചു.. കൊച്ചുവക്കോ എല്ലാ
 ശക്തിയും സംഭരിച്ച്  ഇലപ്പൊതി തട്ടിയെറിഞ്ഞ് ചീറി -  " ബിട്‍റാ ......  ബിട്‍റാ........" .                          
                        ...കടയ്ക്കകത്തുനിന്ന് അയാളുടെ അന്ത്യകാല ചങ്ങാതികളും ആരാധനാപാത്രങ്ങളുമായിരുന്ന  ഗാന്ധിജി,  ചാച്ചാജി, നേതാജി എന്നിവര്‍  യഥാര്‍ത്ഥമായും മരണം ഏറ്റുവാങ്ങി  ലോറിക്കുള്ളിലേയ്ക്കു നടന്നു കയറി. .        കൊച്ചുവക്കോ പല്ലുകടിച്ച്  അലറി..                 
 ബയ്ക്കടാ   അവടേ .............ബയ്ക്കാന്‍............ നായിന്റ.........
                          തുടര്‍ന്ന് പുരാതനമായ ഒരു തയ്പ്പുമേശ , ഒരു മരബെഞ്ച്, രണ്ടു സ്റ്റൂളുകള്‍ എന്നിവയും ലോറിക്കുള്ളിലേയ്ക്ക്.  കുമ്മായച്ചുവരുകളില്‍    ഇരുമ്പുകൂടങ്ങള്‍ ഇടിമുഴക്കശബ്ദത്തില്‍ മേട്ടംആരംഭിച്ചപ്പോള്‍
 കൊച്ചുവക്കൊ ദീനമായി ചുറ്റുപാടും  നോക്കുകയായിരുന്നു.  ഒരു സഹായഹസ്തം..?      ഇല്ല; ആരുമില്ല. അയാള്‍  എന്നെ കാണാതിരിക്കാന്‍     ഞാന്‍  ജനക്കൂട്ടത്തിലേയ്‍ക്ക് വലിഞ്ഞു   വിയര്‍പ്പും വിഷാദവും‍  കണ
ങ്ങളായി ഉരുണ്ടുകൂടിയ  ആ ഉണങ്ങിയ  ശിരസ്സ്   മരിച്ചു തുടങ്ങിയിരുന്നു.
                  ഉടനെ   ഒരു ഓട്ടോറിക്ഷ കൊണ്ടുവരപ്പെടുകയും കൊച്ചുവക്കോയുടെ ജീവച്ഛവാവസ്ഥയിലായ ദേഹം വളച്ചൊടിച്ചു മടക്കി അതിലേയ്ക്കു കയറ്റപ്പെടുകയും ചെയ്തു.   അതിനു നേതൃത്വം നല്‍കിയതും ഓട്ടോ
ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം  കൊടുത്തതും  പീക്കേയായിരുന്നതിനാല്‍  എന്തിനാണ്- എങ്ങോട്ടാണ്- എവിടെയാ കൊണ്ടു പോണേ-     എന്നും   മറ്റും    കാര്യമന്വേഷിക്കാന്‍ ആരും  ധൈര്യപ്പെട്ടില്ല . വളവെടുത്ത ഓട്ടോറിക്ഷ ടാര്‍ നിരത്തിലൂടെ ചാട്ടുളി പോലെ പാഞ്ഞു പോയി.കൊച്ചുവക്കോയുടെ   കാര്യത്തില്‍ ഒരു തീരുമാനമായപ്പോള്‍ ചെട്ടിയങ്ങാടിക്കാര്‍   പ്രദര്‍ശനം കഴിഞ്ഞിട്ടെന്നപോലെ സന്തുഷ്ടി പ്രകടിപ്പിച്ച്  പലവഴി ചിതറി.  ഏതോ ശവദാഹം കഴിഞ്ഞ അന്തരീക്ഷം.    എനിക്കു ഒന്നു കരയാന്‍  തോന്നി.  കൊച്ചുവക്കൊ പോയി.   എന്റെ ആരുമല്ലാത്ത ഒരു ഭ്രാന്തന്‍. പക്ഷെ, അയാള്‍ക്കു  ഭ്രാന്തുണ്ടെന്ന്
ഒരിക്കലും എനിക്കു തോന്നിയിരുന്നില്ല ഒരു   ജോലി എന്നെ ഏല്‍പ്പിച്ചിട്ടാണ്   അയാള്‍ പോയത്. ...മാഷിന്റെ മോന്‍ ഈ കാര്യങ്ങളുടെ സത്യാവസ്ഥ നാലു പേരെ അറീക്കണം.  പറ്റോ?  പറ്റോ?                                                                                           പറ്റുമെന്നോ, പറ്റില്ലെന്നോ അന്നു  ഞാന്‍ പറഞ്ഞില്ല. 
                                                               6
                                ത്രിവേണിയെ  കടിച്ചുപറിച്ചുതിന്ന് നൊട്ടി നുണച്ച് ആ കൂററന്‍ ലോറി റോഡരുകില്‍ വിറപൂണ്ടു നി്ന്നു..       അല്‍പ്പസമയത്തിനുള്ളില്‍ ത്രിവേണി നില്‍ക്കുന്ന സ്ഥാനത്ത്  ശുദ്ധശൂന്യത  വെയില്‍ കായും..
                                വീട്ടില്‍  ഉടനെയെത്താന്‍  തിരിച്ചുനടന്ന എന്റെ തലയില്‍  ഒരു വലിയ പൊതിയുണ്ടായിരുന്നു.മുമ്പൊരിക്കല്‍ കൊച്ചുവക്കൊ  വീട്ടില്‍  വന്ന  സമയത്ത്   വായിച്ചു കേള്‍പ്പിച്ച് എന്നെ ഏല്‍പ്പിച്ചിട്ടുപോയ ഒരു കടലാസു പൊതി ഏതാനും  പത്രവാര്‍ത്തകളുടെ കളക്ഷന്‍........
                              ഞാനതു  കയ്യിലെടുക്കുമ്പോഴൊക്കെ ശിവനു ദേഷ്യം വരും. കൊണ്ടുപോയ്  കത്തിച്ചു കളയെടോ, എന്നും പറയും. അതിലൂടെ ഒരിക്കല്‍ കൂടി കടന്നുപോകണം.  ഇപ്പോഴല്ലെങ്കില്‍ പിന്നൊരിക്കല്‍ ഞാന്‍ അത് വായിച്ചെന്നു വരില്ല.   പക്ഷെ, ശിവന്‍  അതിനു സമ്മതിച്ചില്ല.                                             "പോയവരു പോയി. അതവരുടെ ഭാഗ്യക്കേട്.  താനിനി ആ കടലാസ്സും വായിച്ചിരുന്ന് പാതിരാത്രി  ആക്കാനാണോ, ഭാവം?  കഷ്‍ടം! "  അയാള്‍ സഹതാപം ഭാവിച്ചു.   തീയതിക്രമത്തില്‍്‍  അടുക്കിവെച്ച                   ആപത്രവാര്‍ത്തകള്‍   അന്ന് ഒരു സന്ധ്യയ്ക്ക്      കൊച്ചുവക്കൊതന്നെ  വായിച്ചു കേള്‍പ്പിക്കുകയായിരുന്നു.
                             ആ വാര്‍ത്തകള്‍  എന്റെ  മുമ്പില്‍ പുനരവതരിക്കാന്‍ വെ     മ്പി.വീട്ടിലെത്തിയ ഉടനെ  മേശവലിപ്പു തുറന്ന് ‍  ആ പേപ്പര്‍ കട്ടിങ്ങുകളുമായി ഞാന്‍ കിടക്കയില്‍ കയറി ചമ്രം പടിഞ്ഞിരുന്നു.  എന്നോടു അലിവു തോന്നി ശിവന്‍     എന്റെ കൂടെ  കട്ടിലില്‍ ഇരുന്നു
ത്രിവേണിയുടെ  അന്ത്യോപചാരകര്‍മ്മം നിര്‍വ്വഹിയ്ക്കുന്നതു പോലെ,  ആ വാര്‍ത്തകള്‍  ഒന്നൊന്നായി ഞാന്‍ കൈകളിലെടുത്തു.                            
                      നവംബര്‍ 7
വൃദ്ധന്‍ കുഴഞ്ഞുവീണു മരിച്ചു
വരാപ്പുഴ'വലിയ പാലത്തിനു സമീപം അജ്ഞാതവൃദ്ധന്‍ കുഴഞ്ഞുവീണു മരിച്ചു.  ഇന്നലെ മതസൗഹാര്‍ദ്ദമനുഷ്യച്ചങ്ങലയില്‍  പങ്കെടുത്തു മടങ്ങിയവരാണ് വൃദ്ധന്‍ കാനയിലേക്കു കുഴഞ്ഞു വീഴുന്നതു കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷി്ക്കാനായില്ല. പ്രായം എണ്‍പതിനടുത്ത് . പോസ്ററുമോര്‍ട്ടം നടത്തി. ജഡം മോര്‍ച്ചറിയില്‍.  
                                                           
നവംബര്‍ 8
തിരിച്ചറിഞ്ഞു
വരാപ്പുഴ.  കഴിഞ്ഞ  ദിവസം  വലിയ പാലത്തിനു സമീപം  കുഴഞ്ഞു വീണു മരിച്ചത്  ചെട്ടിയങ്ങാടിയില്‍്‍  ത്രിവേണി  ടെയിലറിങ്  ഷോപ്പ്  നടത്തിയിരുന്ന
                                                       7

  കാള ബാപ്പന്‍ എന്നയാളാണെന്ന്   തിരിച്ചറിഞ്ഞു.
യഥാര്‍ത്ഥ പേര്‍ അറിയില്ല.  ഈ   അവിവാഹിതന്  മറ്റ് ബന്ധുക്കളും  ഇല്ല.
ശവസംസ്കാരം  നടത്തി.   

നവംബര്‍  9
കുഴഞ്ഞു വീണുമരിച്ചയാള്‍ സ്വാതന്ത്ര്യ സമര സേനാനി
   വരാപ്പുഴ വലിയപാലത്തിനു സമീപം കുഴഞ്ഞു വീണു മരിച്ച കാളബാപ്പന്‍   പ്രമുഖസ്വതന്ത്ര്യസമരസേനാനിയും തികഞ്ഞ ഗാന്ധിയനുമായിരുന്ന കൃഷ്ണജി ആയിരുന്നെന്ന് ഗാന്ധിഫോറം പ്രസിഡെന്റ്   ശ്രീ  ഹോര്‍മീസ് എടയക്കുന്നം പ്രസ്താവിച്ചു സ്വാതന്ത്ര്യസമരത്തില്‍ ചുറുചുറുക്കോടെ     ഏര്‍പ്പെട്ടിരുന്ന
ബാപ്പന്‍ ഏറെക്കാലം സബര്‍മതിയില്‍  ഗാന്ധിയോടൊപ്പം  ഉണ്ടായിരുന്നത് അദ്ദേഹം  അനുസ്മരിച്ചു അക്കാലത്ത് ഗാന്ധിജി ബാപ്പന് സമ്മാനിച്ച 
ബാഡ് ജും  പിച്ചളപ്പിന്നും ജീവിതാന്ത്യംവരെ  അദ്ദേഹം  സൂക്ഷിച്ചിരുന്നു പിളര്‍പ്പിനുശേഷം കോ‍ണ്‍്ഗ്രസ്സിനു ലഭിച്ച  കാളച്ചിഹ്നം പ്രചരിപ്പിക്കാന്‍ യത്നിച്ചവകയില്‍  കൃഷ്ണജിയ്ക്ക് കാള എന്ന് ഇരട്ടപ്പേരു വീഴുകയായി
രുന്നു.  .......
                        (   ത്രിവേണിയില്‍  ബാപ്പന്‍  ഇരുന്നു  തയ്ച്ചിരുന്ന  മെഷീനും  അതിനു പിന്നിലെ  കറുത്തുപോയ  മരക്കസേരയും  ഞാന്‍  നന്നായി ഓര്‍്മ്മിക്കുന്നുണ്ടായിരുന്നു.  ഒപ്പം  തൂവെള്ള ഖദര്‍ മുണ്ടും ജുബ്ബയുമിട്ട്
ഏവരേയും നോക്കി നിഷ്കളങ്കമായി വെളുക്കെ ചിരിച്ച്  മെഷീനില്‍്
 താളം പിടിച്ചിരിക്കുന്ന  ബാപ്പനേയും.    )

നവംബര്‍ 10
നാടിന്റെ  കൃഷ്ണേട്ടനു ശ്രദ്ധാഞ്ജലി
ചെട്ടിയങ്ങാടിയുടെ  പ്രിയ പുത്രനും ഭാരത നാടിന്റെ  മോചനപ്പോരാളിയുമായ  കൃഷ്ണജിയുടെ (കാള ബാപ്പന്‍്)  നിര്യാണത്തില്‍ ചെട്ടിയങ്ങാടി ഗ്രാമം  കണ്ണീരില്‍ കുതിര്‍ന്ന  ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു പഞ്ചായത്ത് പ്രസിഡന്റ്
 ശ്രീ പി.കെ.സുധാകരന്‍   ബാപ്പന്റെ ഫോട്ടോയില്‍ പുഷ്പമാല്യം ചാര്‍ത്തി,സര്‍വ്വ മത പ്രാര്‍ത്ഥന  ഉല്‍ഘാടനം  ചെയ്തു.  പ്രമുഖര്‍ അനുസ്മരണ പ്രഭാഷണം നടത്തി.  ചെട്ടിയങ്ങാടിയില്‍  കൃഷ്ണജിയ്ക്ക്  സ്മാരകം  പണിയണമെന്ന് ഗ്രാമ പഞ്ചായത്ത്  പ്രമേയം  പാസ്സാക്കി സര്‍ക്കാരിന്നയച്ചു.
  ( ഫ!   ...........കൊച്ചുവക്കൊ  ഇതു  വായിച്ചപ്പോള്‍ അമറിയത്  ഇപ്പോഴും  ഓര്‍മയുണ്ട്.)



                                                               8
നവംബര്‍  11
ഗാന്ധിയന്റെ ജഡം  ശവദാഹം  കാത്ത് 
നാലു മണിക്കൂര്‍  തെരുവില്‍ കിടന്നു.
വരാപ്പുഴ.  ഗാന്ധിയന്‍  കൃഷ്ണജിയുടെ മൃതദേഹം  ഏറ്റുവാങ്ങുവാന്‍ ബന്ധുക്കല്‍  എത്താതിരുന്നതിനെത്തുടര്‍ന്ന് ശവസംസ്കാരത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായി.  പിന്നീട് കൊച്ചുവക്കൊ  എന്ന  ചങ്ങാതിയാണ് 
 ജഡം ഏറ്റുവാങ്ങിയത്  എന്നാല്‍  സംസ്കരിക്കുവാന്‍ പണമില്ലാതിരുന്നതിനാല്‍  കൃഷ്ണജിയുടെ  ജഡം   നാലു മണിക്കൂറോളം  റോഡരുകില്‍  കിടത്തി  അയാല്‍  കാത്തിരുന്നുവത്രെ. പിന്നീട്  രാത്രി , കേടുവന്ന  സൈക്കിള്‍ ടയറുകള്‍  കൂട്ടിയിട്ടു  കത്തിച്ചാണ് ശവദാഹം  നടത്തിയതെന്നും  അറിയുന്നു.  ശവം  പൂര്‍ണമായും ദഹിപ്പിക്കപ്പെട്ടില്ലെന്നും അഭ്യൂഹമുണ്ട് പോലിസ്  അന്വേഷണമാരംഭിച്ചു.
                      (............ഷെമിക്കെന്‍റെ  ബാപ്പാ....കൊച്ചുവക്കൊ  വായ്  തുറന്നു  പൊട്ടിക്കരഞ്ഞു. അയാള്‍  ചിരിക്കുകയാണെന്നാണ് എനിക്കാദ്യം  തോന്നിയത്.  പക്ഷെ. അയാള്‍  നെഞ്ഞിടറി കരയുകയായിരുന്നു.    ടയറെങ്കി, ടയറ്....  ഹല്ല പിന്നെ!.... അയാള്‍  പിന്നെയും കരഞ്ഞു. ടയറുകള്‍  വാശിയോടെ  നീല  ജ്വാല പായിച്ച്  ആളിക്കത്താന്‍   തുടങ്ങിയപ്പോള്‍  തഴപ്പായക്കെട്ട്  എടുത്ത്  ഒരു  ശവദാഹക്കാന്റെ  നിര്‍വ്വികാരതയോടെ    കൊച്ചുവക്കൊ  തീയില്‍  വെച്ചിരിക്കാം.    എന്നിട്ട് അതിന്നരികില്‍   കാവലിരുന്നിട്ടുണ്ടാകും.ആ  രാത്രിയിലെ  ടയര്‍  കരിഞ്ഞ  മണം ഇപ്പോഴും  എന്റെ മൂക്കിന്‍  തുമ്പത്തുള്ളതു പോലെ.   )

നവംബര്‍  12

കൃഷ്ണജിയുടെ  മരണം  കൊലപാതകം
പിന്നില്‍  ഭൂമാഫിയ
ഗാന്ധിയന്‍കൃഷ്ണ്ണജിയുടെമരണംകൊലപാതകമാണെന്നും മത സൗഹാര്‍‍ദ്ദ  മനുഷ്യച്ചങ്ങലയില്‍  പങ്കെടുത്തു മടങ്ങിയവരാണ് കൊലയ്ക്ക് പിന്നിലെന്നും പോലീസിന് വിവരം ലഭിച്ചു.
ഒന്നും രണ്ടുംസാക്ഷികളായ സഹായി കൊച്ചുവക്കൊ,ശിഷ്യന്‍ കുഞ്ഞപ്പന്‍ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.  ........
( കൊച്ചുവക്കോയുടെ കണ്ണുകള്‍ നനഞ്ഞു. കണ്ണീരൊഴുകാന്‍ തുടങ്ങി.
പുറംകൈ കൊണ്ട് കണ്ണീര്‍ തുടച്ച് അയാള്‍ വിതുമ്പി.....
...ബാപ്പനെ അവരു കൊന്നതാണ്. പീക്കെയുടെ ഗുണ്ടകള്‍ കൊന്നതാണ്. ത്രിവേണീന്ന് ബാപ്പനെ അവരു  വലിച്ചെറക്കികൊണ്ടു പോയതാ. ബിഡൂ, ബിഡൂ എന്ന് കാക്കല്‍ വീണു കരഞ്ഞു പറഞ്ഞതാ. പക്ഷെ, പീക്കേ
കേട്ടില്ല..................         
                                                               9

                              കൊച്ചുവക്കൊ ഭൂതകാലത്തിലേയ്ക്ക് തല ചായ്ച്ചു.അയാളുടെ കണ്ണുകള്‍ക്ക് മുന്‍പില്‍ ഒരു വലിയ ജനക്കൂട്ടം കടന്നു വന്നു. അവര്‍ സംഘം ചേര്‍ന്ന് കൈകൊട്ടിപ്പാടിക്കൊണ്ട് പോവുകയായിരുന്നു.
വരിക വരിക സഹജരെ, സഹനസമരസമയമായ്
കരളുറച്ച് കൈകള്‍  കോര്‍ത്ത് കാല്‍നടയ്ക്കു പോക നാം........  
                                     ഒരുഅനിഷ്ടസംഭവത്തിനുസാക്ഷിയാകേണ്ടിവന്നവന്റെനിസ്സഹായതയോടെ അയാള്‍ കണ്‍തുറന്നിരുന്നു......
                                      അന്ന് എല്ലാവരും  മതസൗഹാര്‍ദ്ദ മനുഷ്യച്ചങ്ങലയില്‍ അണിചേരുവാന്‍ കാല്‍നടയായി മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഇടപ്പള്ളിയിലേയ്ക്കു പോവുകയായിരുന്നു
കേരളം തെക്കു മുതല്‍ വടക്കു വരെ കടകമ്പോളങ്ങളടച്ച് ദേശീയപാതയില്‍ കൈകോര്‍ത്തു നില്‍ക്കുന്നു.ചെട്ടിയങ്ങാടി നിശ്ചലം
                          പക്ഷെ, ത്രിവേണി മാത്രം അന്നും തുറന്നു.ബാപ്പന്‍ അങ്ങനെയാണ്.ബന്തിനും ഹര്‍ത്താലിനും കടയടയ്ക്കില്ല.
അതു മൂപ്പരുടെ ഒരു വാശിയാണ്.കട പൂട്ടിക്കാന്‍ ആരു വന്നാലും ബാപ്പന്‍ കൂട്ടാക്കുകയില്ല.ഖദര്‍ജുബ്ബയുടെ കൈകള്‍ തെറുത്തുകയറ്റി വീറോടു
കൂടി ഗാന്ധിയന്‍ ആദര്‍്‍ശങ്ങള്‍ പ്രസംഗിയ്ക്കും. പണി മുടക്കാനല്ലാ
പണിയെടുക്കാനാണ് എന്റെ ഗുരു     എന്നെ പഠിപ്പിച്ചിട്ടുള്ളത്. സ്വാതന്ത്ര്യ സമരതീജ്വാലകളുടെ പൊള്ളല്‍ ആവാഹിക്കുന്ന വാക്കുകള്‍ ...അതു നേരിടാന്‍             ചെട്ടിയങ്ങാടിയിലെ നേതാക്കള്‍  പോരായിരുന്നു.
രാവിലെ രണ്ടു തവണ പീക്കെ ത്രിവേണിയില്‍ കടന്നുചെന്നു.കട പൂട്ടണമെന്നു പറഞ്ഞു. ബാപ്പന്‍ കൂട്ടാക്കിയില്ല.
മൂന്നാമത്തെ തവണ പീക്കേ വന്നത് കൂടെ       തന്റെകൂളിപ്പടയുമായിട്ടാണ്.   അവര്‍ കടയ്ക്കുമുന്നില്‍ കൂട്ടം കൂടിനിന്ന്
കൂവി.    ആഭാസമുദ്രകള്‍കാണിച്ച് ചുവടുവെച്ചു.
                                   ഒരു കൊടുങ്കാറ്റു പോലെ പീക്കെ കടയ്ക്കുള്ളിലേയ്ക്കുചീറിവന്നു. തയ്യല്‍ക്കാരന്‍ ബാപ്പന്‍ മെഷീന്‍ വിട്ട്
 എണീറ്റു, ഉശിരന്‍ യുവത്വവും ദുര്‍ബ്ബലവാര്‍ധക്യവുംകൊമ്പുകോര്‍ത്തു.
ബാപ്പന്റെ സാത്വികതേജസ്സാര്‍ന്നമുഖത്ത് അധികനേരം പിടിച്ചുനില്‍ക്കാന്‍ പീക്കേയ്ക്കു കഴിഞ്ഞില്ല.
-കട അടയ്ക്കണൊണ്ടോ, ഇല്ലേ?
പുറത്ത് കൂളിപ്പട   ശ്വാസം പിടിച്ചു
-സുധാകരാ നീ ചെല്ല്.നിന്റെ ഗുണ്ടായിസം എന്നോടു വേണ്ടാ.
നമ്മള് തരക്കാരല്ല
                                                            10

--അടയ്ക്കണൊണ്ടോ?
 --അടയ്ക്കില്ലാ.
--കെളവനാന്ന് ഞാന്‍ നോക്കില്ല. വലിച്ചെറിയും ഞാന്‍.
--സുധാകരാ, നിന്‍റഛന്‍    വളപ്പില്‍ പൊക്കനും ഞാനുമാടാ
ഉപ്പു സത്യഗ്രഹത്തിന് ഇന്നാട്ടീന്ന് പോയിട്ടൊള്ളത്
ഹിന്ദു മുസ്ളിം കൃസ്ത്യന്‍    മതമൈത്രിയുടെ പ്രതീകമായി
ഈ കടയ്ക്ക് ത്രിവേണി എന്നു  പേരിട്ടത് നിന്‍റഛന്‍ വളപ്പില്‍
പൊക്കനാണ്.ആ നീ തന്നെയാണോ എന്നോടിങ്ങനെ പറയുന്നത്?
പുറത്തു കൂളിപ്പട കൂവിയാര്‍ത്തു.
--ഇങ്ങു പോരൂ സാറേ. മൂപ്പരു തയ്ച്ചോട്ടെ. വള്ളിനിക്കറും
വരയന്‍ സഞ്ചിം ഉച്ചയ്ക്കത്തെ വിമാനത്തില്‍ ലണ്ടനിലേക്ക്
അയക്കാനുള്ളതല്ലേ?
--ആകെളവനെ ഇങ്ങോട്ടു താ    സുദാകരേട്ടാ...
--അടയ്ക്കണൊണ്ടോ?
--ഇല്ലെടാ. അടയ്ക്കണില്ല. നീ എന്തു ചെയ്യും?  
  ഛി.  എറങ്ങിപ്പോടാഎന്റെ  കണ്‍മുന്നില്‍ നിന്ന്.
പീക്കെ ബാപ്പനെ ജൂബ്ബായടക്കം കുത്തിപ്പിടിച്ചു പൊക്കി.
--താനാരാടോ പുല്ലെ, മഹാത്മാ ഗാന്ധിയോ?
ബാപ്പനെ വരാന്തയിലേക്കു പിടിച്ചുന്തി.  സിമന്റു തൂണില്‍ ചുറ്റിപ്പിടിച്ച്
 ബാപ്പന്‍ ആടി.
--എന്നൊന്നും ചെയ്യല്ലെടാ സുദാകരാ....
പീക്കേ കിഴവനെ വിട്ടു, പുറത്തേയ്ക്കിറങി.  കൂളിപ്പട കടയിലേയ്ക്കിരച്ചു
 കയറി.  തയ്ച്ചിട്ട തുണികള്‍ പുറത്തേയ്ക്കു പറന്നു.   രണ്ടു പേര്‍ ചേര്‍ന്ന്
തയ്യല്‍ മെഷീന്‍   താങ്ങി യെടുത്ത്  റോഡിനപ്പുറത്ത് കുഴിയില്‍ മറിച്ചിട്ടു.
-സുധാകരാ ഇതൊന്നുംചെയ്യല്ലേന്നു പറയെടാ.
ബാപ്പന്‍ വീണ്ടും വീണ്ടും  കരഞ്ഞു.    അവര്‍ ബാപ്പനെ മൊത്തത്തില്‍
പൊക്കിയെടുത്ത് വായുവില്‍ ഉയര്‍ത്തിപ്പിടിച്ചു.പിന്നെ ആഘോ
ഷമായിട്ടു താഴേയ്ക്കിറക്കി. വീണ്ടും മേലേയ്ക്കെറിഞ്ഞു.  താഴേയ്ക്കിറക്കി.
 വീണ്ടും  മേലേയ്ക്ക്-  താഴേയ്ക്ക്.  മേലേയ്ക്ക്- താഴേയ്ക്ക്.
 കൊല്ലങ്കോട്ടു തൂക്കക്കാരനെപ്പോലെ         ബാപ്പന്‍
വായുവില്‍ ഉയര്‍ന്നു  കളിച്ചു. ഹൂ....ഹോ....ഹൂ...ഹോ   ബാപ്പന്റെ കരച്ചില്‍  ദുര്‍ബ്ബലമായ ഞരക്കമായ്
 ക്രമേണ മാര്‍ച്ച് സോങ്ങില്‍ മരിച്ചു.
വരികവരികസഹജരേ സഹനസമരസമയമായ്..............................................
ബാപ്പനെ ചുമലില്‍ കിടത്തി  താളം പിടിച്ച് ആ വിലാപയാത്ര കടന്നുപോയി...
                                                             11


നവംബര്‍ 15
ഗാന്ധിയന്‍ വധം ;
പി.കെ.സുധാകരന്‍  പോലീസ് നിരീക്ഷണത്തില്‍

ഗാന്ധിയന്‍ കൃഷ്ണജിയുടെ ദുരൂഹ മരണത്തിനുപിന്നില്‍ 
പഞ്ചായത്ത് പ്രസിഡന്റ്  പി.കെ.സുധാകരനാണെന്ന് വാര്‍ത്ത
ശക്തിപ്പെട്ടു.. പോലിസ് നിരീക്ഷണത്തിലായ പി.കെ. കുറ്റം നിഷേധിച്ചു.
പി. കെ. ഉടനെ പോലിസ് കസ്റ്റഡിയിലായേക്കുമെന്ന് അറിയുന്നു.
ഒരു ഒറ്റമുറിപ്പീടിക ഒഴിപ്പിച്ചെടുക്കാനുള്ള ഗൂഢാലോചനയാണ് കൊല
യില്‍ കലാശിച്ചതെന്നും ഇതില്‍ പല ഉന്നതന്മാര്‍ക്കും പങ്കുണ്ടെന്നും സംശയിക്കുന്നു.

നവംബര്‍  16
പി.കെ.സുധാകരന്‍  അറസ്റ്റില്‍.
നാടെങ്ങും പ്രതിഷേധം.     നാളെ ഹര്‍ത്താല്‍
ബാപ്പന്‍ വധക്കേസില്‍ പി.കെ.സുധാകരനെ പോലിസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി.   റിമാന്‍റിലേയ്ക്കു മാറ്റപ്പെട്ട പി.കെ. ജയിലില്‍  നിരാഹാരസമരമാരംഭിച്ചു.
തന്റെ കൈകള്‍ പരിശുദ്ധമാണെന്നും  ആരോപണം  രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്നും പി.കെ. പ്രസ്താവിച്ചു.           അറസ്റ്റില്‍ പ്രതിഷേധിച്ച് ചെട്ടിയങ്ങാടിയില്‍ പന്തം കൊളുത്തിപ്രകടനം നടന്നു. സംഘര്‍ഷം നിറഞ്ഞ ചെട്ടിയങ്ങാടിയില്‍  കൂടുതല്‍ പോലീസ് കാവലേര്‍പ്പെടുത്തി.       നാളെ പകല്‍ പന്ത്രണ്ടു മണിക്കൂര്‍ ഹര്‍ത്താലിന്  പാര്‍ട്ടി  ആഹ്വാനം ചെയ്തു.
നവംബര്‍ 19
പി.കെ.യ്ക്കു ജാമ്യം- രണ്ടാം സാക്ഷി മൊഴിമാറ്റിപ്പറഞ്ഞു.
ബാപ്പന്‍ വധക്കേസിലെ രണ്ടാംസാക്ഷി കുഞ്ഞപ്പന്‍ മൊഴിമാറ്റി
പ്പറഞ്ഞതിനെത്തുടര്‍ന്ന് കോടതി പി.കെ.യ്ക്ക് ഇടക്കാലജാമ്യം
അനുവദിച്ചു.ത്രിവേണിയില്‍  ബാപ്പന്റെ    ശിഷ്യനായിരുന്ന കുഞ്ഞപ്പന്‍
സംഭവദിവസം  കടയില്‍ പോയിരുന്നില്ലെന്ന്  കോടതിയ്ക്കു
മുമ്പാകെ ബോധിപ്പിക്കുകയായിരുന്നു.
നവംബര്‍ 25
ഗാന്ധിയന്‍ വധം- പി.കെ.സുധാകരന്‍ കുറ്റവിമുക്തന്‍
ഗാന്ധിയന്‍ വധക്കേസില്‍   ശ്രി. പി.കെ. സുധാകരനെ കോടതി കുറ്റവിമുക്തനാക്കി.ഒന്നാംസാക്ഷി കൊച്ചുവക്കൊ ദീര്‍ഘകാലമായി
                                                           12

മനോരോഗിയായതിനാല്‍ ടിയാന്റെ സാക്ഷിമൊഴി  സ്വീകരിക്കാനാവില്ലെന്ന്
കോടതി ചൂണ്ടിക്കാണിച്ചു.സാക്ഷികളുടേയുംമറ്റുതെളിവുകളുടേയും
 അഭാവത്തില്‍പി.കെ.യെ കുറ്റവിമുക്തനാക്കുകയായിരുന്നു എങ്കിലും പോലീസിന്  അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി.  

നവംബര്‍ 26
കൃഷ്ണജി മരിച്ചത് ന്യൂമോണിയ ബാധിച്ച്-
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
ഗാന്ധിയന്‍ കൃഷ്ണജിയുടെ മരണത്തിനു കാരണം കടുത്ത ന്യൂമോണിയബാധയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.
അതേത്തുടര്‍ന്ന് മരണത്തെക്കുറിച്ചുണ്ടായ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് പോലീസ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

                                       കൊച്ചുവക്കൊയുടെ സൂക്ഷിപ്പുപൊതിയിലെ
 ഉള്ളടക്കം മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ മുറിയില്‍ ടയര്‍ കരിഞ്ഞ
മണം അനുഭവപ്പെട്ടു.  എന്റെ മുന്നിലേയ്‍ക്ക് കൊച്ചുവക്കൊ  കയറിവന്നു.എന്റെ തൊട്ടുമുമ്പില്‍ വന്ന്    നീണ്ടുനിവര്‍ന്നു നില്‍ക്കുകയാണ്. കയ്യില്‍ രണ്ടുമൂന്നു സൈക്കിള്‍ ടയറുകളുമുണ്ട്.
ഷിബുസൊറന്‍ മീശ പിരിച്ച് അയാള്‍ മുറുമുറുത്തു. "  എന്തെങ്കിലും ചെയ്യാമ്പറ്റൊങ്കി ചെയ്യൂ മാഷിന്റെ മോനേ. ഓനെപ്പോലൊള്ളൊവരുടെ തൊലി പൊളിച്ച് സമൂഹമദ്ധ്യത്തില്‍ തുറന്നു കാട്ടണം, പറ്റൊ?     പറ്റുവോ , ചങ്കൊറപ്പൊണ്ടൊ ?.......
ആ ചോദ്യങ്ങള്‍ക്കു മുമ്പില്‍  ഉത്തരം പറയാന്‍ കഴിയാതെ   വിയര്‍ത്ത എന്റെ രക്ഷയ്ക്കായി കൊച്ചുവക്കൊ ഫാന്‍ ഓണ്‍ ചെയ്തു. കാറ്റ്. ശക്തമായ
കാറ്റ്.  ആ കാറ്റില്‍ എന്റെ മുന്നിലിരുന്ന പത്രക്കട്ടിങ്ങുകള്‍  പറന്നുയര്‍ന്നു.  ചിലത് ജന്നലിലൂടെ പുറത്തേയ്ക്കു പോയി.   ചിലത്  ഫാമിലിക്കോട്ടിന്റെ അടിയിലേക്ക്.    രണ്ടെണ്ണം മേശയ്ക്കടിയിലേയ്ക്ക്.  ഒരെണ്ണം മാത്രം
കിടക്കയില്‍ അള്ളിപ്പിടിച്ചിരുന്നു.  അതില്‍ നിന്നു   സാക്ഷാല്‍ കാളബാപ്പന്‍   ഉയിര്‍ത്തെണീറ്റു.  ബാപ്പന്‍ ആ കടലാസു തുണ്ടെടുത്ത്  മൗനമായി വായിച്ചു. പിന്നെ ഉറക്കെ പൊട്ടിച്ചിരിച്ചു. " ഇക്കാലത്തിനിടയ്ക്കു ഒരു ജലദോഷം
പോലും വന്നിട്ടില്ലാത്ത ഞാന്‍   ഒടുക്കം ന്യൂമോണിയ പിടിച്ചു മരിച്ചു."      ബാപ്പന്‍ ആ കടലാസു കഷണം നാലാക്കി മടക്കി എന്റെ  പോക്കറ്റില്‍ തിരുകിയിട്ടു പറഞ്ഞു. "   ഇതിരിക്കട്ടെ- ഈ ബാപ്പന്റെ ഓര്‍മ്മയ്ക് -" കൊച്ചുവക്കോയും  പൊട്ടിച്ചിരിച്ചു. ബാപ്പനും             കൊച്ചുവക്കോയും തികഞ്ഞ സന്തോഷവാന്‍മാരായി  പൊട്ടിച്ചിരിച്ച് പരസ്പരം ആലിംഗനം 
ചെയ്ത്   ഉത്സാഹപൂര്‍വ്വം പുറത്തേയ്ക്കനടന്നു പോയി.  ഞാനും
                                                             13

വാതില്‍ക്കലേയ്ക്ക് ചെന്നു.ഒന്നിനും കഴിയാതെ   ഞാന്‍  ചവിട്ടുപടിയില്‍ കുത്തിയിരുന്നു.   അച്ഛനു ശേഷക്രിയ ചെയ്യാഞ്ഞ ഒരു മകനെപ്പോലെയാണ് ഞാന്‍ എന്നു തോന്നി.  ഒരു മരണം പോലും സ്വന്തമായി ലഭിക്കാതെയാണ് അവര്‍ രണ്ടുപേരും പോയത്..     പക്ഷെ, അധിക നേരം അങ്ങനെ വിഷാദിച്ചിരിക്കുവാന്‍ എനിക്കു കഴിയില്ലായിരുന്നു.   ശിവന്‍   അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി.   എന്റെ നേര്‍ക്കുള്ള അവന്റെ പരിഹാസത്തില്‍ ഞാനും അസ്വസ്‍ഥനായി.       മനസ്സില്ലാമനസ്സോടെ എണീറ്റു.                                             സ്വാശ്രയ  ബീയെഡ്ഡ്  കോഴ്സില്‍  രണ്ടു ലക്ഷം കോഴ കൊടുക്കാന്‍ കപ്പാസിറ്റിയുള്ള പന്ത്രണ്ടു ആപ്ളിക്കന്റ്സിനെ  കണ്ടെത്തണം.
പീക്കെ  ഞങ്ങളെ   ഒരു കാര്യം ഏല്‍പ്പിച്ചിട്ട് അത് ചെയ്തുകൊടുത്തില്ലെങ്കില്‍ പിന്നെ അങ്ങേരുടെ മുഖത്തെങ്ങനെ നോക്കും? 
ശിവന്‍ എന്നെ  ഉന്തിത്തള്ളി  പുറത്തിറക്കി. പിന്നെ എന്റെ കൈക്കു പിടിച്ചുവലിച്ച് ടൗണിലേക്കിറങ്ങി. അയാള്‍     എന്നേയും വലിച്ച് മുന്നോട്ടു നടക്കുമ്പോള്‍  ഞാന്‍   കാളബാപ്പനും, കൊച്ചുവക്കോയും ത്രിവേണി ടെയ്‍ലറിങ് ഷോപ്പും ചേര്‍ന്ന  ഒരു വലിയ  കണ്ണീര്‍ത്തുള്ളിയുടെ ഭാരവും താങ്ങി         പുറകോട്ടാണ്            നടക്കുന്നതെന്നു തോന്നി.                                                                                               -------------------------