Search This Blog

Friday, February 18

അംഗഭംഗം



അംഗഭംഗം
ഐന്‍സ്‍റ്റീന്‍  വാലത്ത്


                       സുധാകരന്റെ  അച്ഛന്‍ മരിച്ചത്  ജനിച്ചതു പോലെ തന്നെ ആരുമറിയാതെയാണ് .  പതിനൊന്നാം മണിക്കൂറില്‍ ആശുപത്രിയില്‍ എത്തി.; മരിച്ചു. അത്ര തന്നെ.
                        ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒരു കാര്യവും അത്ര എളുപ്പത്തില്‍ നടന്നിട്ടില്ല.   എന്തിനും ഏതിനും  തടസ്സം തന്നെ തടസ്സം. മറ്റുള്ളവര്‍ക്ക് വീട്ടുമുറ്റത്ത് സൗജന്യമായി വീണുകിട്ടുന്നത് സുധാകരന്റെ അച്ഛന്‍ നാലുപ്രാവശ്യം നടന്നലഞ്ഞ്, വിയര്‍പ്പൊഴുക്കി, അഭ്യര്‍ത്ഥിച്ച്,               അപേക്ഷിച്ച് , ഒടുവില്‍ ആത്മനിന്ദപോലുംമറന്ന് കെഞ്ചിയാണ്  സംഘടിപ്പിച്ചിരുന്നത്.
                        അസുഖ നില അല്പ്പം വഷളാണ് - ആരെയെങ്കിലും വിളിച്ചുവരുത്താനുണ്ടെങ്കില്‍ വേഗം അറിയിച്ചോളൂ, എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍- കോമയിലാണ്....   സിങ്കിങ്ങാണ്... എന്നൊക്കെ മറ്റുള്ളവരുടെ കാര്യത്തില്‍  ഒത്തിരി തവണ         പറയുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ള സുധാകരന് അപ്പോള്‍ ആ വാക്കുകളില്‍ നിസ്സഹായമായ ഒരു ജീവന്റെ അവസാനപിടച്ചിലുകള്‍ അനുഭവപ്പെട്ടു.
                         കാഷ്വാലിറ്റി കിടക്കയില്‍ അച്ഛനെ എടുത്തുകിടത്തി,         പുറത്ത് ടെലിഫോണ്‍ ബൂത്തില്‍ ചെന്ന്  അത്യാവശ്യം വേണ്ടപ്പെട്ടവരെ വിവരം അറിയിച്ച് ധൃതിയില്‍ തിരിച്ചെത്തിയപ്പോഴേയ്ക്ക്, ആ നുറുങ്ങുനേരത്തിനിടയില്‍  അയാളുടെ അച്ഛന്റെ    താടിയും നിറുകയും ചേര്‍ത്ത്  വെളുത്ത കോറത്തുണിക്കീറ് കൊണ്ട് നീളത്തില്‍  കെട്ടിക്കഴിഞ്ഞിരുന്നു.. മാറിലേയ്ക്ക്  മടക്കിവെച്ച കൈകളിലേയും നീട്ടിച്ചേര്‍ത്തുവെച്ച കാലുകളിലേയും തള്ളവിരലുകളും  ഓരോ കോറക്കീറുകള്‍ കൊണ്ട് ബന്ധിച്ചിരുന്നു.
                      അച്ഛന്‍ പോയ്ക്കഴിഞ്ഞിരിക്കുന്നു.
                      സുധാകരനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാള്‍  ആ കൈകള്‍ തൊട്ടുനോക്കി. ചൂടാറിയിട്ടില്ല.  കാറില്‍  ആസ്പത്രിയിലേക്കു വരുമ്പോള്‍  തന്റെ ചുമലില്‍ അമര്‍ന്നുകിടന്ന് ഞരങ്ങുകയായിരുന്നെങ്കിലും ഒരു മണിക്കൂര്‍ മുമ്പ് അച്ഛന്‍ തന്നോട് ബോധത്തോടെ           സംസാരിച്ചത് പെട്ടെന്ന്  അയാള്‍ ഓര്‍ത്തു. . രണ്ടുനാള്‍ ക്ഷൗരം മുടങ്ങിയ        ആ ശോഷിച്ച  കവിളുകളില്‍, കവിളെല്ലില്‍ നെറ്റിയില്‍, നാസികയില്‍  അയാള്‍  തടവി.
                    ശരിക്കും നിശ്ചലമായ  ശരീരം.
                    സുധാകരന്  താന്‍  ഒരുപാടുകാലം പിന്നോട്ടു പറക്കുന്നതായി തോന്നി. ആരോ അയാളേയും വലിച്ചുകൊണ്ട് വെളിച്ചം കുറഞ്ഞ പഴഞ്ചന്‍ ചുറ്റുപാടുകളിലേയ്ക്ക് ഓടുന്നതു പോലെ.     
                                     ആ രാത്രി മുഴുവന്‍ അയാള്‍  അച്ഛന്റെ അടുക്കല്‍  ഇരുന്നും കിടന്നും കഴിച്ചുകൂട്ടി.പുലര്‍ച്ചെ, കുളിപ്പിക്കാന്‍  പുറത്തേയ്ക്കെടുത്തപ്പോള്‍ , അച്ഛന്‍   ബാല്യത്തില്‍ എന്നും  തട്ടാംപടി പുഴയില്‍ കൊണ്ടുപോയി കുളിപ്പിച്ചിട്ടുള്ള ഓര്‍മ്മ  അയാളെ നിശ്ശബ്ദമായി കരയിച്ചു.   പകരം  ,   ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഒന്നു കുളിപ്പിച്ചുകൊടുക്കാന്‍  കഴിഞ്ഞിട്ടില്ല, എന്ന് അയാള്‍   ഓര്‍ത്തു..                          പ്രായാധിക്യമുള്ളപ്പോഴും ചുവരില്‍ തപ്പിത്തപ്പി കുളിമുറിക്കകത്തു കയറി    ബക്കറ്റില്‍ നിറച്ചുവച്ചിട്ടുള്ള ഇളം ചൂടുവെള്ളം തന്നത്താന്‍ കോരി തലയിലൊഴിച്ച് കുളിക്കും. എന്നിട്ടു വിളിക്കും.
ഏയ്..ഏയ്..കൗസൂ..തോര്‍ത്തുമുണ്ട്...  
                          കമഴ്ത്തിക്കിടത്തിയപ്പോള്‍  അല്പ്പം വിടര്‍ന്നിരുന്ന  വായിലൂടെ കുറേ മഞ്ഞവെള്ളം പുറത്തേയ്ക്കു പടര്‍ന്നു. . അവസാനമായി കഴിച്ച ചോറിന്റെ വറ്റ്.  തക്കാളിയുടേയും പരിപ്പിന്റേയും ദഹിക്കാത്ത ഭാഗങ്ങള്‍.
                          ചൂളയില്‍  അയാളുടെ അച്ഛന് ചാരമാവാനും അധികനേരം    വേണ്ടിവന്നില്ല. കൊഴുപ്പ് തീരെ കുറഞ്ഞ ഒരു  ജീവിതം.
                       ശവദാഹം കഴിഞ്ഞപ്പോള്‍ ആ വീട്ടില്‍ അയാളും ഭാര്യയും അവശേഷിച്ചു.     അച്ഛനെ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ട ആദ്യത്തെ രാത്രി അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.  
                        സുധാകരന്‍  നോക്കുന്നിടത്തെല്ലാം അച്ഛനെ കാണുകയായിരുന്നു. ഉമ്മറവാതില്‍ക്കല്‍  കുന്തിച്ചിരുന്ന് പത്രം വായിക്കുന്നു. സെറ്റിയില്‍  ചാരിയിരുന്ന് ഉറക്കം തൂങ്ങുന്നു. പറമ്പിലെ പടവലപ്പന്തലിന്നടിയി ലൂടെ കുനിഞ്ഞു കുനിഞ്ഞു നടക്കുന്നു. വിറച്ചുവിറച്ചുള്ള നടപ്പിനിടയില്‍   ഇരിക്കക്കുത്താലെ വീഴുന്നു.               
                     ഭാര്യ  ഭയത്തോടെ വന്ന് സുധാകരന്റെ ചെവിയില്‍  പറഞ്ഞു ;
പറമ്പിലെ തെക്കേ മൂലയില്‍  പുക കാണുന്നുവെന്ന്.
                         അതിനു ചെവി കൊടുക്കാതെ അയാള്‍   ദീര്‍ഘ നിശ്വാസത്തോടെ മുറികളിലെല്ലാം കയറിയിറങ്ങാന്‍ തുടങ്ങി. അച്ഛന്‍  ഉപയോഗിച്ചിരുന്ന സാധനങ്ങള്‍  എല്ലാ മുറിയിലുമുണ്ടായിരുന്നു.
ടീവീസെറ്റിനു മുകളില്‍  കാലുകള്‍   ഒടിഞ്ഞു മരിച്ചുകിടന്ന തിമിരം ബാധിച്ച കണ്ണട അയാള്‍  കയ്യിലെടുത്തു. അതിനെ ആദ്യം കാണുന്നതുപോലെ തിരിച്ചും മറിച്ചും നോക്കി. അതില്ലായിരുന്നെങ്കില്‍ അച്ഛന് ഒന്നും വായിക്കാന്‍   കഴിയുമായിരുന്നില്ല. അത്      മൂക്കത്തു    വെച്ചാലും അച്ഛന് ഒന്നും വായിക്കാന്‍   കഴിയുമായിരുന്നില്ല. എന്നിട്ടും അച്ഛന്‍ എപ്പോഴും ചോദിച്ചു.
എന്റെ കണ്ണടയെവിടെ?....എന്റെ കണ്ണടയാരെങ്കിലും കണ്ടോ?...കൗസൂ, നിങ്ങള് എന്റെ കണ്ണട കണ്ടോ?..
സുധാകരന്‍  ആ കണ്ണട മുണ്ടിന്റെ തല കൊണ്ട് തുടച്ച് തിളക്കം വരുത്തി.
                     ഒറ്റ രാത്രി കൊണ്ട് ആ ഭൂതക്കണ്ണാടിയുടെ ചട്ടവും കാചവും  പൂപ്പെടുത്തുപോയിരുന്നു.        
                    ഭാര്യ വീണ്ടും വന്നു പറഞ്ഞു,
തെക്കേ വേലിക്കല് ആരോ തീയിട്ടപോലെ...
                     അയാള്‍   തെക്കേപ്പുറത്തേയ്ക്കിറങ്ങി. ചവിട്ടുകല്ലില്‍ തന്നെ അച്ഛന്റെ വള്ളിച്ചെരുപ്പുകള്‍ കിടക്കുന്നു. ഉള്ളംകാലുകളില്‍  കാലങ്ങളായി കൂട്ടുകൂടിയ          ആണിത്തഴമ്പുകള്‍  തേയ്മാനം വരുത്തിയ റബ്ബര്‍ ചെരുപ്പുകള്‍.  അച്ഛന്‍  ആ ചെരുപ്പുകളിട്ട് ഒരായുസ്സു മുഴുവന്‍  ചവിട്ടിയിട്ടുണ്ടാകും. വിശന്നു പൊരിഞ്ഞ നാളുകളില്‍  കൊക്കിയ മുലപ്പാല്‍പ്പതയും         വാര്‍ദ്ധക്യത്തിന്റെ ഗതികെട്ട നാളുകളില്‍  അറിയാതിറ്റിയ മൂത്രത്തുള്ളികളും അതില്‍  തുളകള്‍ വീഴ്ത്തിയിട്ടുണ്ട്. സുധാകരന്‍ അതെടുത്ത് വൃത്തിയായി കഴുകിത്തുടച്ച് മേശപ്പുറത്ത് കണ്ണടയുടെ അരുകില്‍  വെച്ചു.
                     ഭാര്യ   റിസ്റ്റ് വാച്ച് കൊണ്ടുവന്ന് അയാളെ ഏല്പ്പിച്ചു. അത്   ഇരുകൈകളിലും      വാങ്ങുമ്പോള്‍ അയാളുടെ കണ്ണുകളിലേയ്ക്ക് കണ്ണുനീര്‍   ഇരമ്പിവന്നു. അപ്പോഴും വിശ്രമമില്ലാതെ ഓടുകയായിരുന്നു അച്ഛന്റെ പ്രിയപ്പെട്ട ഫേവര്‍ലൂബാ......
                   കൊണ്ടുപോയി കളഞ്ഞൂടെ, അച്ഛാ  ഞാന്‍   പുതിയ ഒരെണ്ണം വാങ്ങിത്തരാം, എന്നു പറയുമ്പോള്‍  നിഷ്കളങ്കമായി പൊട്ടിച്ചിരിച്ചുകൊണ്ട്   പഴയ സാധനങ്ങളുടെ വില നിങ്ങള്‍ക്കറിയില്ലല്ലൊ എന്ന്  തിരിച്ചടിക്കുമായിരുന്നു.        
                   ജീവിതത്തിലൊരിക്കലും സുഖിച്ചൊന്നുണ്ടിട്ടില്ല. സുഖിച്ചൊന്നുറങ്ങിയിട്ടില്ല. മഴവെള്ളം  ചോര്‍ന്നിറ്റുന്ന      മുറിയില്‍   മണ്ണെണ്ണവിളക്കിന്റെ        മഞ്ഞപ്രകാശത്തില്‍  കൂര്‍ക്ക മെഴുക്കുപുരട്ടിയതും     കൂട്ടി കഞ്ഞി കുടിക്കുമ്പോഴും മൃഷ്ടാന്നം           കഴിച്ച ലക്ഷപ്രഭുവെപ്പോലെ സമൃദ്ധി ഭാവിക്കുകയും അങ്ങനെ ജീവിക്കാന്‍  പ്രേരിപ്പിക്കുകയും ചെയ്തു.
                         കണ്ണടയുടെ അരികില്‍  അയാള്‍  വാച്ചും വെച്ചു.
                         കരച്ചിലിന്റെ ഒരു കൊടുങ്കാറ്റ് അയാളുടെ   നെഞ്ചകത്ത് മുട്ടിപ്പായുകയായിരുന്നു. ഭാര്യ വെപ്രാളത്തോടെ ഓടിവന്നിട്ടു പറഞ്ഞു.
                         നോക്കൂ. ഇങ്ങനെ നിന്നാല്‍  മതിയോ? തെക്കേ അരികിലെ വേലി മുഴുവന്‍ കത്തുകയാണ്. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്.........
                            അയാള്‍   വീണ്ടും പുറത്തിറങ്ങി നോക്കി.  തെക്കേ അതിരിലെ വേലി മുഴുവന്‍  തീ ആളിക്കത്തുകയാണ്. തീജ്ജ്വാലകള്‍   ഉയര്‍ത്തിവിടുന്ന  തീപ്പൊരികള്‍ മിന്നാമിനുങ്ങുകളെപ്പോലെ ഇരുട്ടില്‍  പറന്നു കളിക്കുന്നു. ആ പ്രദേശം മുഴുവന്‍  മഞ്ഞ വെളിച്ചമാണ്. അതിനപ്പുറം അയല്ക്കാരും മറ്റു ഗ്രാമവാസികളും കാഴ്ചക്കാരായി തടിച്ചുകൂടിയിട്ടുണ്ട്.            തീ ക്രമേണ കിഴക്കേ വേലിയിലേയ്ക്കും പടിഞ്ഞാറേ വേലി യിലേയ്ക്കും     പടരാനുള്ള ഭാവമാണ്. 
                          താമസിയാതെ    അതു വീടിനു ചുറ്റും പടരുമെന്നും പക്ഷേ അതു കെടുത്താന്‍  താന്‍      അശക്തനാണെന്നും   അപ്പോഴും ആ  തീനൃത്തത്തില്‍  ഉലഞ്ഞ  ഭാര്യയെ ചേര്‍ത്തുനിര്‍ത്തി, അയാള്‍   വിഷാദത്തോടെ അടക്കം പറഞ്ഞു.          26-8-10

                          **********************************************










No comments:

Post a Comment