Search This Blog

Sunday, March 6


                  ഘടദീപം




(മലയാളം)
ഘടദീപം
ആന്തോളജി
വി.വി.കെ വാലത്തിന്റെ ആദ്യകാല രചനകള്‍
ആവിഷ്കാരം
ഐന്‍സ്റ്റീന്‍ ചേരാനല്ലൂര്
ആദ്യപ്രകാശനം  ഡിസംബര്‍   2010
കവര്‍ചിത്രം :  മോപ്പസാങ് വാലത്ത്
അച്ചടി:
പ്രസാധനം:   Massam books 
പകര്‍പ്പവകാശം
ഐന്‍സ്റ്റീന്‍ ചേരാനല്ലൂര്
വില  :  100/-












  Massam books
   മൂത്തകുന്നം






                           ഘടദീപം
       വി.വി.കെ.വാലത്തിന്റെ ആദ്യകാലരചനകളുടെ
                               സമാഹാരം





                   ഐന്‍സ്റ്റീന്‍  ചേരാനല്ലൂര്





                            Massam books
                              മൂത്തകുന്നം




  
                

ഗ്രന്ഥരൂപത്തില്‍സമാഹരിക്കപ്പെ
ടാതെ
വി.വി.കെ.വാലത്തിന്റെ ഒട്ടേറെ
ആദ്യകാലരചനകള്‍
ആനുകാലികങ്ങളുടെ
മുഷിഞ്ഞുകീറിയ
താളുകളില്‍
ശാപമോക്ഷം
 കാത്തെന്ന പോലെ
  സ്‍പന്ദിക്കുന്നുണ്ടായിരുന്നു.
മുപ്പതുകള്‍ മുതല്‍
 അറുപതുകള്‍
വരെയുള്ള ലോകം
         അവിടെ തെളിമയോടെ       
 കാണാന്‍കഴിഞ്ഞു.
വാലത്തിന്റെ
 പത്താം ചരമദിനത്തില്‍
അവ ഒരു പുനര്‍വായനയ്‍ക്കായി
അടുക്കിവയ്ക്കുകയാണ്.
അറിയപ്പെടാതെ ജനിച്ച്
അറിയപ്പെടാതെ ജീവിച്ച്
അറിയപ്പെടാതെ ഒരു ദിവസം
അപ്രത്യക്ഷനായ അച്ഛനെ സ്മരിക്കുമ്പോള്‍
കുടത്തിലെ വിളക്കാണ്  മനസ്സില്‍ തെളിയുന്ന പ്രതീകം.
അതുതന്നെയാകട്ടെ ഈ പുസ്തകത്തിന്റെ പേരും.






                      
കാവ്യഗതിയുടെ പരിണാമത്തില്‍
മിന്നിയ പ്രകാശം
മുഴങ്ങിയ മേഘനാദം
ഞാന്‍ ഇനിയും വരും
എന്ന് പ്രത്യാശ നല്‍കി
ചരിത്രമെഴുത്തിന്റെ കാരമുള്‍പ്പാതയിലൂടെ
ചക്രവാളത്തിനപ്പുറത്തേയ്ക്കുപോയ
കവിയായ ചരിത്രകാരന്‍
ചരിത്രകാരനായ കവി---
വിവികെ വാലത്ത്.
അരനൂറ്റാണ്ടിനു മുമ്പ്
മലയാള കവിതയില്‍
കുറിച്ചിട്ട ഇടിമുഴക്കങ്ങള്‍
ഇവിടെ പുന:പ്രകാശനം ചെയ്യപ്പെടുന്നു













കൃതികള്‍:

ഇടിമുഴക്കം
മിന്നല്‍വെളിച്ചം
ചക്രവാളത്തിനപ്പുറം
ഞാന്‍ ഇനിയും വരും
അയയ്ക്കാഞ്ഞ കത്ത്
ഇനി വണ്ടി ഇല്ലാ
ഇവിടെ ഒരു കാമുകന്‍ മരിക്കുന്നു.
സംഘകാലകേരളം
ഋഗ്വേദത്തിലൂടെ
ശബരിമല, ഷോളയാര്‍ മൂന്നാര്‍
വാലത്തിന്റെ കവിതകള്‍
പണ്ഡിറ്റ് കെ .പി. കറുപ്പന്‍
കേരളത്തിലെ സ്ഥലചരിത്രങ്ങള്‍        - തൃശ്ശൂര്‍ജില്ല
    -                                                       പാലക്കാട് ജില്ല
                                                            എറണാകുളം  ജില്ല-
                                                            തിരുവനന്തപുരം ജില്ല













വാലത്തിന്റെ കവിതകളെക്കുറിച്ച്.......

1930-കളിലാണ് വി.വി.കെ. വാലത്ത് എന്ന കവി രംഗപ്രവേശം ചെയ്തത്.
രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കു ശേഷം
ആഗോള മനുഷ്യരാശി അഭിമുഖീകരിച്ച
ക്ഷാമം, തൊഴിലില്ലായ്മ, ദാരിദ്ര്യം, സാമ്രാജ്യത്വത്തിന്റെ ഉദയം  തുടങ്ങിയ വിപത്തുകളായിരുന്നു
 വാലത്തിന്റെ കവിതകളുടെ പ്രേരണ. വിശ്വമാനവിക സങ്കല്‍പത്തില്‍ ഊന്നിനിന്നുകൊണ്ട് 
 പറയാനുണ്ടായിരുന്നത് പറഞ്ഞു കഴിഞ്ഞപ്പോള്‍ വാലത്ത്
വിരമിക്കയും ചെയ്തു.

കവിവിലാസത്തില്‍ തന്നെ
ശിഷ്‍ടകാലം   കഴിച്ചുകൂട്ടാന്‍ നില്‍ക്കാതെ....













                                  ഉള്ളടക്കം

     ലഘുജീവചരിത്രം
ഇവര്‍  വാലത്തിനെ പരിചയപ്പെടുത്തുന്നു...
കൃതികള്‍
ലേഖനങ്ങള്‍
ചങ്ങമ്പുഴ - ഒരനുസ്‍മരണം
സ്വാതന്ത്ര്യം വന്ന വഴി
ശ്രാദ്ധവും പിതൃഭക്തിയും
ഈ  സായം സന്ധ്യയില്‍
ഒരു തീവണ്ടിപ്പാതയുടെ കഥ
ഗാന്ധിജി - ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ശങ്കരാചാര്യര്‍
ഒരു വെള്ളപ്പൊക്കത്തിന്റെ ഓര്‍മ്മയ്ക്ക്
കവിതകള്‍
ലുമുംബയെ തറച്ച കുരിശ്
ആര്‍ക്കറിയണം?
എങ്ങനെ?
അത്ഭുതം
ഉള്ളിലെ ഒച്ചകള്‍
യുദ്ധം വേണ്ടാ.
തലസ്‍ഥാനനഗരിയില്‍
മലവെള്ളം
എന്നും ഓണം
പടയിലെ പ്രണയം
രണ്ടു മഴ വീണാലോ?
രക്ഷാസ്‍ഥാനം
‍വിമാനാക്രമണം
കുശവന്റെനഷ്ടം
ശവപ്പെട്ടിക്കാര്‍
വെള്ളപ്പൊക്കം
   








ലഘുജീവചരിത്രം

1918 ഡിസംബര്‍ 25ന് എറണാകുളത്ത്    ചേരാനെല്ലൂരില്‍ ജനിച്ചു.
പേര്: കൃഷ്ണന്‍        അച്ഛന്‍‍‍: വടക്കേ വാലത്ത് വേലു ആശാന്‍
അമ്മ : പാറു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം രണ്ടാം ലോകമഹായുദ്ധകാലത്ത്സിവിലിയന്‍ ക്ളാര്‍ക്കായി പട്ടാളത്തില്‍ ചേര്‍ന്നു. സ്വാതന്ത്ര്യ സമര
പ്രേരിതങ്ങളായ കൃതികള്‍ രചിച്ച കാരണത്താല്‍ ബാംഗ്ളൂരിലെ വൈറ്റ്ഫീല്‍ഡിലെ അമനിഷന്‍ ഡിപ്പോയില്‍ നിന്ന് പിരിച്ചുവിട്ടു. സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷം
അദ്ധ്യാപകജോലി നോക്കി. കെ.ദാമോദരന്റെ പത്രാധിപത്യത്തില്‍ എറണാകുളത്തുനിന്ന് നവയുഗം വാരിക പ്രസിദ്ധീകരിച്ചപ്പോള്‍ സഹപത്രാധിപരായി ജോലി ചെയ്തു.
സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്കാരം (1999) ലഭിച്ചു.
പണ്ഡിറ്റ്കറുപ്പന്‍ ജന്മശതാബ്ദി അവാര്‍ഡ്, പ്ളേസ് നെയിം സൊസൈറ്റിയുടെ ഫെല്ലോഷിപ്പ് എന്നിവയും നേടി.
2000 ഡിസംബര്‍ 31ന് അന്തരിച്ചു. ഭാര്യ:കൃശോദരി.   









ഇവര്‍                              
വാലത്തിനെ
പരിചയപ്പെടുത്തുന്നു-

                         ഡോ. പി.വി.കൃഷ്‍ണന്‍ നായര്‍
        കേരളത്തിലെ സ്‍ഥലനാമചരിത്രപഠനത്തില്‍  വി.വി.കെ.വാലത്തിനെപ്പോലെ  ആണ്ടുമുഴുകിയ  മറ്റൊരാള്‍ ഇല്ല.         സര്‍ഗ്ഗാത്‍മകസാഹിത്യത്തിന്റേയുംവജ്ഞാനികസാഹിത്യത്തിന്റേയും  മറ്റുമേഖലകളിലും  അദ്ദേഹത്തിന്റെ അര്‍പ്പിത ചേതസ്സിന്റെ  സാന്നിദ്ധ്യം
 ദൃശ്യമാണെങ്കിലും വാലത്ത്  ഏറ്റവും ശ്രദ്ധേയനാകുന്നത് സ്‍ഥല നാമപഠനരംഗത്താണ്.  കേരളത്തിലെ സ്‍ഥലചരിത്രങ്ങള്‍, ചരിത്രകവാടങ്ങള്‍,  സംഘകാലകേരളം  എന്നീ  കൃതികളിലൂടെ  തന്റെ സിദ്ധിയും  സാധനയും  അദ്ദേഹം വ്യക്‍തമാക്കിയിട്ടുണ്ട്.  
                         ഈ  ഗ്രന്ഥത്തിലെ ഒരോ വിവരങ്ങളും  വളരെ മുഷിഞ്ഞ് ചടഞ്ഞിരുന്ന്  സാഹിത്യ അക്കാഡമിയുടെ ഗ്രന്ഥശേഖരവും   താളിയോലകളും  പരതിപ്പരതി  കണ്ടെടുത്തവയാണ്.   പ്രതിഭയുള്ള നിരവധി ചരിത്രകാരന്‍മാര്‍ നമുക്കുണ്ടെങ്കിലുംആരുമിപ്പോഴുംആ  പഠനശാഖയില്‍ കൈവെച്ചുകാണുന്നില്ലെന്ന്  കൈവെച്ചുകാണുന്നില്ലെന്നത്  സംസ്‍കാരപഠനത്തിലെ ഒരു പ്രതിസന്ധിയായി തുടരുന്നു.  ഭൗതികമായി വലിയ പ്രയോജനമില്ലാത്ത  , എന്നാല്‍ സംസ്‍കാരവിജ്ഞാനീയത്തിന്റെ  വികാസവേഗങ്ങള്‍ക്ക്  ഭ്രമണപഥമൊരുക്കുന്ന  ഇത്തരംകഠിനമായ  ജോലികള്‍  ഏറ്റെടുക്കുന്ന നിഷ്‍കാമകര്‍മികള്‍ ഇന്ന് വളരെ കുറവാണ്. 
              കാരണം,  ഒരുപാട്   അന്വേഷണം  നടത്തിയാലേ  ഇത്തിരിയെങ്കിലും ഫലം  കിട്ടൂ. അതിലേറേ  കുത്തിയിരുന്ന്  പരതിപ്പരതി  മുഷിയുന്ന പണി.   ഗവേഷണപ്രധാനമായ ജോലി.  എങ്ങനെ  നിരീക്ഷിച്ചാലും  അപഗ്രഥിച്ചാലും  അവസാനവാക്ക് പറയാനാകാത്തഅവസ്‍ഥ    .                                                   ചുരുക്കത്തില്‍ഒരുമാതിരിപണികൊണ്ടൊന്നുംഫലം കണ്ടെത്താനാകില്ല.
ഇക്കാലത്ത്  പി.എച്ച്.ഡി. വരെ  സൂകരപ്രസവമാണല്ലൊ.  എളുപ്പം  കാര്യം  നേടാവുന്ന  ലഘുവും  അമൂര്‍ത്തവുമായ  വിഷയങ്ങളാണ് അധികം  പേരും  സ്വീകരിക്കുന്നത്.  അങ്ങനെ  നോക്കുമ്പോള്‍  വാലത്തുമാഷ്  ചെയ്‍ത  വിജ്ഞാനപ്രസരണത്തിന്  എത്രയോ

ഘടദീപം 10

പി.എച്ച്.ഡി.യുടെ മൂല്യമുണ്ട്!.   കേരള സാഹിത്യ  അക്കാദമിയുടെ  ഗ്രന്ഥരചനാഗവേഷണപദ്ധതിയില്‍  ഏറ്റവും  സാര്‍ത്ഥകങ്ങളായ  അവസരങ്ങളാണ്           വാലത്തുമാഷ്  സൃഷ്‍ടിച്ചത്.  അദ്ദേഹത്തിന്റെ  സ്‍ഥലനാമചരിത്രങ്ങള്‍ക്ക്  വീണ്ടും  പതിപ്പുകള്‍  ഉണ്ടാകുന്നുവെന്നത്  അതിന്റെ  പ്രാധാന്യത്തെയും പ്രസക്‍തിയേയും  എടുത്തുകാണിക്കുന്നു.  അദ്ദേഹത്തിന് നമ്മുടെ അക്കാദമിക  സ്‍ഥാപനങ്ങള്‍  ഉയര്‍ന്ന ഒരു  പ്രോജക്‍ട്  നല്‍കിയിരുന്നെങ്കില്‍  ഇന്നു  കേരള  സ്‍ഥലചരിത്രപഠനത്തില്‍  ഒട്ടൊക്കെ പൂര്‍ണ്ണതയുണ്ടാക്കിയെടുക്കാന്‍  കഴിയുമായിരുന്നു.                 
                      വാലത്ത്  ഈ  വിജ്ഞാനശാഖയില്‍  മനസ്സും ശരീരവും അര്‍പ്പിക്കുന്നത്  ജീവിതത്തിന്റെ  ഏതാണ്ടു രണ്ടാം പകുതിയിലാണ്.  എന്നാല്‍ ഒരു പൂര്‍ണ്ണജീവിതം കൊണ്ടു നേടാവുന്നത്ര കാര്യങ്ങള്‍  അദ്ദേഹം രണ്ടു ദശകം കൊണ്ടു ചെയ്‍തു.   അദ്ദേഹത്തിന്റെ യത്നങ്ങള്‍  അതിതീവ്രവും ശീഘ്രവുമായിരുന്നെന്ന് ഓരോ കൃതിയും റഫര്‍ ചെയ്യുമ്പോള്‍ ബോദ്ധ്യമാകുന്നുണ്ട്.   തൃശൂര്‍, പാലക്കാട്, എറണാകുളം, തിരുവനന്തപുരം   എന്നീ  നാലു ജില്ലാ സ്‍ഥലചരിത്രങ്ങള്‍ അക്കാദമി  സ്‍കോളര്‍ഷിപ്പോടെ പ്രസിദ്ധീകരിച്ചു. കോഴിക്കോട് ജില്ലയെ പറ്റിയുള്ള പഠനം മുഴുമിപ്പിക്കാന്‍ ആയുസ്സ് തികഞ്ഞില്ല.    ബാക്കിയുള്ള ജില്ലകളുടേയും  സ്‍ഥലനാമചരിത്രങ്ങള്‍  തയ്യാറാക്കാനുള്ള  പ്രവര്‍ത്തനങ്ങളെക്കുറിച്ച്  സാഹിത്യ  അക്കാദമി  ആലോചിച്ചുവരുന്നു. ഇതിനെല്ലാം  പ്രേരകമായ  വാലത്തുമാഷുടെ  സ്മരണയ്‍ക്കു മുമ്പില്‍  നമ്രശിരസ്‍കരാകുന്നു.

ശൂരനാട്ടു കുഞ്ഞന്‍പിള്ള.
 
               പ്രശസ്‍ത ഗവേഷണ പണ്ഡിതനായ  വി.വി.കെ. വാലത്ത് മലയാളത്തിനു സംഭാവന  ചെയ്യുന്ന  മഹത്തായ ഗ്രന്ഥപരമ്പരയുടെ ത്രിതീയ സമ്പുടമാണ് "എറണാകുളം  ജില്ലാ സ്‍ഥലചരിത്രം."    ഒന്ന് ഓടിച്ചുനോക്കി,  അത്യാവശ്യകാര്യങ്ങള്‍ക്കു തിരിയാന്‍ ഉദ്ദേശിച്ച്  ഇത് കയ്യിലെടുക്കുന്നവര്‍  ഇതിന്റെ  ആകര്‍ഷണത്തില്‍പ്പെട്ട് മറ്റെല്ലാം മറന്നു കൊണ്ട് വായിച്ചിരുന്നു പോകും.  ഓരോ സ്‍ഥലങ്ങളേയും  അവിടങ്ങളിലെ  പൂര്‍വ്വകഥകളേയും  ശ്രീ വാലത്ത് വിവരിക്കുമ്പോള്‍  ചരിത്രജിജ്ഞാസയും  അത്‍ഭുതവും  നമ്മുടെ ഹൃദയത്തില്‍  ഓളം തല്ലും. 

ഘടദീപം 11
                    ചരിത്രഗവേഷണകുശലനും  സാഹിത്യമര്‍മ്മജ്ഞനുമയ  വാലത്തിന് സ്‍ഥലചരിത്രപ്രതിപാദനത്തിന്  സ്വന്തമായ  ഒരു രീതിയുണ്ട്.  സാഹിത്യസരസമയ ഒരു  ആഖ്യാനശൈലി.    ചരിത്രപശ്‍ചാത്തലം കണ്ടെത്തി വിവരിച്ചുംകൊണ്ടാണ്  ദേശകഥയിലേക്കു തിരിയുക.  തന്റെ  മാര്‍ഗ്ഗദീപങ്ങളേയും  തീരുമാനങ്ങളേയും  വ്യക്‍തമായി  സൂചിപ്പിക്കുന്നുമുണ്ട്. 
                   പുരാതനകാലത്തേയ്‍ക്കാണ് താന്‍  സഞ്ചരിക്കുന്നതെന്നും  അസ്‍ഥിപഞ്ജരമോഅസ്‍ഥിഖണ്ഡമോ  വെച്ചുകൊണ്ടാണ്  താന്‍  പൂര്‍വ്വരൂപത്തേയും  പൂര്‍വ്വഭാവത്തേയും  പുന:സൃഷ്‍ടി ചെയ്യുന്നതെന്നും  അദ്ദേഹത്തിനു  ബോധമുണ്ട്.  അതുകൊണ്ട്  അദ്ദേഹം
സത്യാന്വേഷകനായ  ഒരു യഥാര്‍ത്‍ഥപണ്ഡിതന്‍ എന്ന നിലയ്‍ക്ക്  പൂര്‍വ്വസ്‍ഥിതി  കാണാന്‍ശ്രമിക്കുകയാണ് ചെയ്‍തിട്ടുള്ളത്.
                       എറണാകുളം  ജില്ലയെപ്പറ്റിയുള്ള സ്‍ഥലചരിത്രം  വായിച്ചുതീര്‍ത്ത്, പുസ്‍തകം  അടക്കുമ്പോള്‍  മനസ്സില്‍ പൊന്തിവരുന്ന ആഗ്രഹം  ഈ ഗ്രന്ഥകാരന്‍  ഇതുപോലെ 
ശേഷമുള്ള ജില്ലകളുടേയും  സ്‍ഥലചരിത്രം നിര്‍മ്മിച്ച്  ഭാഷാദേവിക്കു സമര്‍പ്പിച്ചു കാണണമെന്നാണ്.   അതിലേയ്‍ക്ക് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കേണ്ട കര്‍ത്തവ്യം  കേരള സാഹിത്യ അക്കാദമിയോ സര്‍വ്വകലാശാലകളോ  ഏറ്റെടുക്കുന്നത്  ആശാസ്യമായിരിക്കും.  സാധാരണ ഒരു  പണ്ഡിതന്   ഇത്തരം ജോലി സാദ്ധ്യമല്ല. 
മൂന്നു ജില്ലകളെ സംബന്ധിച്ച്  ഗ്രന്ഥരചന ചെയ്‍ത്  കഴിവു തെളിയിച്ച  ശ്രീ  വാലത്തിനെഈ ജോലി  പൂര്‍ത്തിയാക്കാന്‍  പ്രേരിപ്പിക്കുന്നത് മഹത്തായ  ഭാഷാസേവനം  ആയിരിക്കും.
22-5-1991. 
        സി.പി. ശ്രീധരന്‍
                        ശ്രീ വാലത്തിന്റെ പേരോര്‍ക്കുമ്പോള്‍ ആദ്യമായി മനസ്സില്‍ കടന്നുവരിക, അദ്ദേഹത്തിന്റെ  ഗദ്യകവിതകളത്രെ.    ഗദ്യപദ്യങ്ങളുടെ  അംശങ്ങള്‍  സമന്വയിപ്പിച്ച്  കവിത്വത്തിന്റെചുട്ടുപൊള്ളുന്നവികാരവായ്‍പ്പു  പ്രകാശിപ്പിക്കുവാന്‍  ഉചിതമായ  സുപ്രധാനമായ മാധ്യമമായിരുന്നു,  ഗദ്യകവിത.  
                     പൊന്‍കുന്നം  വര്‍ക്കിയുടെ  "തിരുമുല്‍ക്കാഴ്‍ച" , വിവികെ വാലത്തിന്റെ "ഇടിമുഴക്കം"  എന്നിവ നമ്മുടെ ഗദ്യകവിതയില്‍  കിട്ടാവുന്ന
 ഏറ്റവും  മികച്ച കൃതികളത്രേ.
കേശവദേവ്  അടക്കമുള്ള ഒന്നാംകിടക്കാരും  ഇടത്തരക്കാരുമെല്ലാം അന്നു  ഗദ്യകവിതാ സരണിയില്‍  പയറ്റിക്കൊണ്ടിരിക്കെയാണ് വി.വി.കെ. വാലത്ത്  അവിടെ  തന്റെ സിംഹാസനം  ഉറപ്പിക്കുന്നത്.

ഘടദീപം 12

 വാലത്തില്‍  ഒരു  കവിയും  ഗദ്യകാരനും  കുടിയിരിക്കുന്നുവെന്ന്,  അന്നേ തെളിഞ്ഞു.   കമ്മ്യൂണിസ്‍റ്റു പാര്‍ട്ടിയുമായുണ്ടായിരുന്ന  ബന്ധം
ഒരു ധിക്കാരിയുടേയും  റബലിന്റേയും  വിഗ്രഹഭഞ്ജകന്റെയും  നിലയില്‍  പ്രശ്‍നങ്ങള്‍  നോക്കിക്കാണാന്‍  അന്നദ്ദേഹത്തെ പ്രേരിപ്പിച്ചു. ഗദ്യകവിതയില്‍ നിന്നു  ചെറുകഥയിലേക്കും, തീപാറുന്ന  പ്രബന്ധരചനയിലേക്കും   കടന്ന്,  ഹൃദയാഗ്‍നിജ്വാലകള്‍ക്കു  വാഗ്രൂപം  നല്‍കിയ  വാലത്ത്,   സ്വതന്ത്രചിന്തയുടേയും സ്വതന്ത്രമായ  ചരിത്രഗവേഷണത്തിന്റെയും
പാതയിലേക്കു കടന്നു.  മാര്‍ക്സിസവും  കമ്മ്യൂണിസവും കടന്ന് മനുഷ്യന്‍  സ്വന്തം  അസ്‍തിത്വത്തിന്റെ  തായ്‍വേരുകള്‍   കണ്ടെത്താന്‍  അന്വേഷണ്വുമായി തിരിച്ചത്  ഈ  ഘട്ടത്തിലായിരുന്നു.  ആ  സത്യാന്വേഷികളുടെ  സംഘത്തില്‍  ചരിത്രഗവേഷണത്തിന്റെ സ്വന്തം  സംസ്‍കാരത്തിന്റെ  മൂലകന്ദം  തേടുന്നതിന്റെ  രസാവേശങ്ങള്‍പുതിയ യാത്രയില്‍   വാലത്തിനെ  ഹരം  പിടിപ്പിച്ചു.  ആദ്യത്തെ ഗദ്യ ്         കവിതയില്‍   കണ്ട ആ യുവസഹജമായ  ഊര്‍ജ്ജപ്രസാരണം    ഈ  ചരിത്രാന്വേഷണത്തിലും  നമുക്കു  കാണാന്‍ കഴിയും.    ശ്രേ  വാലത്ത്  ഏതു രംഗത്തു നിന്നാലും   ഏതിനെക്കുറിച്ചെഴുതിയാലും  സ്വന്തം  ചിന്തയുടേയും  മാനസികവ്യാപാരത്തിന്റെയും  സത്യസന്ധതയില്‍ നിന്നും  ആത്‍മാര്‍ഥതയില്‍  നിന്നും  ഉടലെടുക്കുന്ന  ഒരുതരം  വികാരതീവ്രത   , അവയെ സചേതനങ്ങളും  ക്ഷോഭജനകങ്ങളും  ഹൃദയസ്‍പര്‍ശകങ്ങളുമാക്കും. അതുകൊണ്ടാണ് ആ  രചനകള്‍ക്കു
ജരാനര  ബാധിക്കാത്ത ഒരു നിത്യ യുവത്വം  പ്രകടമാകുന്നത്.  1977

ഡോ.എസ്. ഗുപ്‍തന്‍  നായര്‍ 
                       മലയാളത്തില്‍ തീരേ  അവികസിതമായ  ഒരു വിജ്ഞാനശാഖയിലേക്കുള്ള  വിലപ്പെട്ട  സംഭാവനകളാണ്,  വി.വി.കെ.വാലത്തിന്റെ  സ്‍ഥലനാമഗവേഷണ ഗ്രന്ഥങ്ങള്‍.  ഒട്ടേറേ  ഗ്രന്ഥങ്ങളും,മാസികകളും  പരതുന്നതു കൊണ്ടു മാത്രം  സഫലമാകുന്ന ഒരു  ഗവേഷണപ്രയത്നമായിരുന്നില്ല,  വാലത്ത്  ഏറ്റെടുത്തത്.  കാല്‍പരിശ്രമം  നിനയാതെ  ദിക്കെല്ലാം  തെണ്ടിയലഞ്ഞ്  ,  കാണേണ്ടതൊക്കെ നേരില്‍ കണ്ട്,  ഗ്രാമവൃദ്ധന്‍മാരില്‍ നിന്ന്    പഴങ്കഥകള്‍  ശേഖരിച്ച്  ഗ്രന്ഥഗതങ്ങളായ  സൂചനകളുമായി  അവയെ  സമന്വയിച്ച്  ചരിത്രം






ഘടദീപം 13 

 നിര്‍മ്മിക്കുക  എന്ന  മഹോദ്യമത്തിലാണ്  വാലത്ത്  ഏര്‍പ്പെട്ടത്.   അങ്ങനെ  നമുക്ക്  അന്യഥാ  അലബ്‍ധമാകുമായിരുന്ന  വിശിഷ്ട ഗ്രന്ഥങ്ങള്‍  കിട്ടിയെന്നു പറയാം.
                    മുന്‍ചരിത്രകാരന്‍മാരുടെ ദൃഷ്ടി   വേണ്ടത്ര  പതിഞ്ഞിട്ടില്ലാത്ത  അനേകം വസ്‍തുതകള്‍   കണ്ടെടുത്തു വിവരിക്കാന്‍  വാലത്തിനു  കഴിഞ്ഞിട്ടുണ്ട്.  മുമ്പു സൂചിപ്പിച്ചതു പോലെ,  അദ്ദേഹം കാല്‍നടയായി  പോയി  കാണാത്ത  പ്രദേശങ്ങള്‍ കുറയും.  ഫുള്ളാര്‍ഡും,  ബുക്കാനനും,  ലോഗനും  വെവ്വേറേ  കണ്ടിട്ടുള്ളത്ര  വാലത്ത്  ഒറ്റയ്‍ക്കു കണ്ടിട്ടുണ്ടാകും..     1‍986
                                  ---------------------------
ഡോ.  കെ. കുഞ്ചുണ്ണിരാജ.
                        പ്രതിഭാശാലിയും പ്രയത്നശീലനുമായ ഒരു ഗവേഷക പണ്ഡിതനാണ്, വി.വി.കെ.വാലത്ത്.  നിസ്‍തന്ദ്രവും നിരന്തരവുമായ
പഠനത്തിന്റെ ഫലമായി  ലഭിച്ച  വസ്‍തുതകള്‍ പരിശോധിച്ച് പുതിയ വെളിച്ചം നല്‍കിയതിന്  ശ്രീ. വാലത്തിനെ  പുകഴ്‍ത്തുന്നതോടൊപ്പം
ഒന്നാംതരം ശാസ്‍ത്രീയ ഗവേഷണ പഠനങ്ങള്‍  അദ്ദേഹത്തില്‍ നിന്നു
പ്രതീക്ഷിക്കുകയും  ചെയ്യുന്നു.  1979


ഡോ. കെ. എന്‍ . എഴുത്തച്ഛന്‍
കവിത,  ചെറുകഥ,  ഉപന്യാസം  തുടങ്ങി  സാഹിത്യത്തിന്റെ  പല  ശാഖകളിലും  പ്രവര്‍ത്തിച്ചു  പേരെടുത്തിട്ടുള്ള  ശ്രീ  വി.വി.കെ. വാലത്തിന്റെ  കൂടുതല്‍  കനപ്പെട്ട സംഭാവനകള്‍    ചരിത്രത്തിന്റെ മണ്ഡലത്തിലാണ്  വരുന്നതെന്ന് തോന്നുന്നു.  ചരിത്രകാരന്‍മാരുടെ എണ്ണം എവിടെയും  കുറവായിരിക്കും. സര്‍ഗ്ഗാത്‍മകസാഹിത്യകാരന്റേതിനെക്കാള്‍  എത്രയോ  ദുര്‍ഘടമാണ്  ചരിത്രലേഖകന്റെ  ജോലി.  സ്‍ഥലചരിത്രകാരന്  കൂടുതല്‍ പരിശ്രമം  വേണം.     പല പല കാര്യങ്ങള്‍  നേരിട്ടു  മനസ്സിലാക്കുക, ഐതിഹ്യാദികളും  മറ്റും  ശേഖരിക്കുക,   സാഹിത്യ കൃതികള്‍,  പ്രാചീന ലിഖിതങ്ങള്‍,  തീട്ടൂരങ്ങള്‍, ഗ്രന്ധവരികള്‍  ,  കത്തുകള്‍‍, ഡയറികള്‍   മുതലായവ പരിശോധിക്കുക,---  ഇങ്ങനെ  ഒട്ടധികം  ജോലി  അയാള്‍ക്കു ചെയ്യേണ്ടതുണ്ട്.    ക്ഷമയും, സമയച്ചെലവും,



ഘടദീപം 14



 പണച്ചെലവും ഒട്ടേറെ  ഇതിനാവശ്യമാണ്.   വിശാലമായ അറിവും   ഓര്‍മ്മശ‍ക്തിയും നിഷ്‍പക്ഷതയും  ത്യാജ്യഗ്രാഹ്യവിവേകവുമെല്ലാം  ലേഖകനു വേണം. 
                              ഇതെല്ലാം  ഒത്തുചേര്‍ന്നവര്‍   നമ്മുടെ നാട്ടില്‍ കുറവായതാണ്  സ്‍ഥലചരിത്രങ്ങള്‍ കുറവായതിനു  കാരണമെന്നു സംശയമില്ല.  അര്‍പ്പണമനോഭാവത്തോടുകൂടിയ  ദീര്‍ഘപഠനം ആവശ്യമായ  ഈ വിഷയത്തില്‍  കാര്യമായി  പലതും പ്രവര്‍ത്തിക്കുകയും  സിദ്ധി സമ്പാദിക്കുകയും ചെയ്‍തിട്ടുള്ള വ്യക്തിയാണ്,  ശ്രീ വാലത്ത്.  
                             കേരളത്തിലെ  എല്ലാ ജില്ലകളെ  സംബന്ധിച്ചും  ഇത്തരം ഗ്രന്ഥങ്ങള്‍ ഉണ്ടായാല്‍ കൊള്ളാമെന്ന് വായനക്കാര്‍  ആഗ്രഹിക്കാതിരിക്കില്ല.   ശ്രീ  വാലത്തു തന്നെ  ഈ  പ്രവര്‍ത്തനം  തുടരുന്നത്  എല്ലാംകൊണ്ടും   ഉചിതമായിരിക്കും.    1981
                                  *******************************





എം. കുട്ടികൃഷ്‍ണന്‍.

                             ജില്ലാടിസ്‍ഥാനത്തില്‍ കേരളത്തിലെ  സ്‍ഥലചരിത്രങ്ങള്‍  എഴുതി പ്രസിദ്ധപ്പെടുത്തുക എന്ന പദ്ധതിക്ക്  ശ്രീ.  വി.വി.കെ.വാലത്ത്  തുടക്കമിട്ടിട്ടു  ഇപ്പോള്‍  രണ്ടു പതിറ്റാണ്ടോളമാകുന്നു.  തിരുവനന്തപുരം  ജില്ലയുടെ ചരിത്രം  രചിക്കുന്നതിന്  വാലത്ത് വളരെ  കഠിനാദ്ധ്വാനം ചെയ്‍തിട്ടുണ്ട്.  ജിലയിലെ  മിക്ക  സ്‍ഥലങ്ങളിലും സഞ്ചരിച്ചും  സെറ്റില്‍മെന്റ്  രജിസ്‍റ്ററുകളും  മറ്റും  പരിശോധിച്ചും  വിവരങ്ങള്‍ ശേഖരിക്കാന്‍  വാര്‍ദ്ധക്യകാലത്തും  അദ്ദേഹം  ഏറേ  ബുദ്ധിമുട്ടിയിരുന്നു.അതിന്റെപ്രയോജനം  അത്രകണ്ട്  ഈ  കൃതിയ്‍ക്കുണ്ടായിട്ടുണ്ടെന്ന്  ഞങ്ങള്‍  കരുതുന്നു.
                       ************************************

ഘടദീപം 15


സാഹിത്യനിപുണന്‍  ടി.എം. ചുമ്മാര്‍


                             1938 മുതല്‍  വി.വി.കെ. വാലത്ത്  മാതൃഭൂമി ആഴ്‍ചപ്പതിപ്പ്,  ദീപിക,  ദീപം തുടങ്ങിയ  പ്രസിദ്ധീകരണങ്ങളില്‍  തിടര്‍ച്ചയായി  കവിതകളെഴുതിയിരുന്നു.  എന്നാല്‍,  അവ  ഇന്നേവരെ സമാഹരിച്ച്  പ്രസിദ്ധപ്പെടുത്താതെ പോയത്  കഷ്‍ടമെന്നേ പറയാനുള്ളു.   ഇനിയെങ്കിലും  അങ്ങനെ  ചെയ്താല്‍ കൊള്ളാമെന്ന്  അഭ്യര്‍ത്ഥിക്കുകയാണ്.  
                            പദ്യശാഖ വിട്ട്  ഗദ്യശഖയിലേക്ക്  കടന്നതോടെ  അദ്ദേഹത്തിന്റെ  കവിതകളെപ്പററിയുള്ള  ഓര്‍മ്മ  പലരില്‍  നിന്നും  വിട്ടുപോയിട്ടുണ്ടെന്നാണ്  തോന്നുന്നത്.  എനിക്കു തന്നെയും  ഒരബദ്ധം  പിണഞ്ഞിരുന്നു.  അടുത്ത  അവസരത്തില്‍  മാതൃഭൂമി ആഴ്‍ച്ചപ്പതിപ്പ്  തുടങ്ങിയവയുടെ  ചില പഴയ ലക്കങ്ങള്‍  മറിച്ചുനോക്കുമ്പോളാണ്  വാലത്തിന്റെ കവിതകളെപ്പറ്റി  വീണ്ടും സ്‍മരിക്കുവാന്‍ ഇട വന്നത്.   അവ  എന്നെ  അത്‍ഭുതപ്പെടുത്തി,  എന്നുതന്നെ  പറയട്ടെ.    കാവ്യലോകത്തില്‍ പ്രതിഷ്‍ഠ പ്രാപിച്ചിട്ടുള്ള  പല  കവികളെക്കാളും  കാവ്യദേവത  അക്കാലത്ത്  അദ്ദേഹത്തെ   അനുഗ്രഹിച്ചിരുന്നുവെന്നാണ്  അവ വായിച്ചപ്പോള്‍  എനിക്കു  തോന്നിയത്.   പാവങ്ങളുടേയും  അസ്വതന്ത്രരുടേയും  ഭാഗത്തു  നിന്നു കൊണ്ടാണ്  കവി   പലപ്പോഴും   പോരാടിയിരുന്നത്.  ഒന്നുമാത്രം                            ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ.
                           1939  ജനുവരി ലക്കം  മാതൃഭൂമി  ആഴ്‍ചപ്പതിപ്പില്‍  പ്രസിദ്ധപ്പെടുത്തിയ  "ഇരുട്ടത്ത്"  എന്ന  കവിതയാണ് ഞാന്‍  ഇവിടെ  ലക്ഷ്യമാക്കുന്നത്.  അര്‍ത്ഥകല്‍പ്പന,  അലങ്കാരചാതുരി,  ആശയമഹത്വം  തുടങ്ങിയ  കാര്യങ്ങളില്‍  അക്കാലത്ത് എഴുതിത്തുടങ്ങിയിരുന്ന  ചങ്ങമ്പുഴയും  വാലത്തും  തമ്മില്‍  വളരെ  സാദൃശ്യങ്ങളുണ്ടായിരുന്നു.  രണ്ടുപേരിലും  അതിശയിപ്പിക്കുന്ന ശൈലീഭംഗി  കാണാമായിരുന്നു.   ശ്രി  വാലത്ത് കവിതാരംഗത്തു നിന്നു പിന്തിരിയാതിരുന്നെങ്കില്‍ മലയാളത്തിലെ  ഒരു  പ്രശസ്‍ത കവിയായി  പേരെടുക്കുമായിരുന്നു, എന്നുള്ളതില്‍  എനിക്കു  സംശയമില്ല.            



ഘടദീപം 16




പ്രൊഫ. മാത്യു ഉലകംതറ  

                        ഇന്നിപ്പോള്‍ ഗദ്യകവിതാകൃത്തും   ഗവേഷകനുമായി അറിയപ്പെടുന്ന  വി.വി.കെ. വാലത്ത്,  ഒരു  കാലഘട്ടത്തില്‍  ഉച്‍ഛൃംഖലനായിരുന്ന  ഒരു  കവിയായിരുന്നു.  1938-39  കാലഘട്ടങ്ങളിലെ  മാതൃഭൂമി,  കേരള പത്രിക, നവജീവന്‍  , പൗരനാദം   മുതലായവയുടെ  പഴയ  ഏടുകളില്‍   അല്‍പം ഗവേഷണം  നടത്തിയപ്പോഴാണ്  ജീവിച്ചിരിക്കെത്തന്നെ  നഷ്‍ടയശസ്സായിപ്പോയ  ഒരു മഹാകവിയുടെ  തൂലികാവ്യാപാരം   വെളിച്ചത്തു വന്നത്.   യശശ്ശരീരനായ  ചങ്ങമ്പുഴയോടൊപ്പം ആ  കാലഘട്ടത്തിന്റെ  സവിശേഷശൈലിയില്‍   ധാരാളം കവിതകള്‍ വാലത്ത്  രചിച്ചിട്ടുണ്ട്.   മിക്കവാറും  മാതൃഭൂമി  ആഴ്‍ചപ്പതിപ്പിന്റെ   പ്രഥമപക്ഷങ്ങളെത്തന്നെ   അവ  അലങ്കരിക്കുകയും  ചെയ്‍തു.
                   അദ്ദേഹം  തന്റെ സാഹിത്യസഞ്ചാരപഥം   മാറാതെയിരുന്നെങ്കില്‍  ചങ്ങമ്പുഴയ്‍ക്കൊപ്പം  അറിയപ്പെടുന്ന  ഒരു  മഹാകവിയായിത്തീരുമായിരുന്നു എന്ന്  ആ  കവിതകളോരോന്നും   വിളിച്ചുപറയുന്നുണ്ട്.
                             **********************************

                     







ഘടദീപം 17 
ചങ്ങമ്പുഴ- ഒരു അനുസ്‍മരണം                     
(നവയുഗം വാരിക. സാഹിത്യപ്പതിപ്പ്.1957 ഒക്‍ടോബര്‍ 5. )
                          "ഒരു പൈ പോലും കയ്യിലില്ലാതെ അലഞ്ഞുതിരിയണം. കള്ളവണ്ടി കേറണം. പിടിച്ചിറക്കും. അടുത്ത വണ്ടിയില്‍ കേറണം. കയ്‍പേറിയ ജീവിതാനുഭവങ്ങളിലൂടെ, എങ്ങോട്ടെന്നില്ലാതെ, എന്തിനെന്നില്ലാതെ സഞ്ചരിക്കണം. അങ്ങനെ ഈ ഭൗതിക പ്രപഞ്ചത്തിന്റെ അതിര്‍ത്തിരേഖകള്‍ വരെ അലയാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആശിക്കുകയാണ്.ഹയ്‍! എന്തു രസമാണത്!.."
                                            അത്ഭുതാധീനനായി ഞാനതു കേട്ടിരുന്നു പോയി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സാഹിത്യസേവനം പട്ടിണി അല്ല. ആകര്‍ഷകമായ വരുമാനം സാഹിത്യസേവനത്തില്‍ നിന്നു അസൂയാവഹമായിട്ടാണ് ചങ്ങമ്പുഴയ്‍ക്കു സിദ്ധിച്ചിരുന്നത്. ആ മഹത്തായ ഐശ്വര്യസിദ്ധി ഒരു വശത്ത്. സ്നേഹവതിയായ ശ്രീദേവിയും അരുമക്കുഞ്ഞുങ്ങളുംചേര്‍ന്ന കുടുംബസൗഭാഗ്യം മറുവശത്ത്. രണ്ടു ഭാഗ്യാനുഭൂതികളുടേയും നടുക്ക് സ്വന്തം മായാമോഹങ്ങളുടെ ഒരു കൃത്രിമ ഗോളം സൃഷ്ടിച്ച് അതില്‍ വാഴുവാനുള്ള ഒരു ആന്തരിക പ്രേരണ അദ്ദേഹത്തിന് എങ്ങനെ കിട്ടിയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു.
                                              "ടിക്കറ്റു പരിശോധകരുടെ കണ്ണു വെട്ടിച്ച് തീവണ്ടിയാത്ര ചെയ്യാന്‍ കുട്ടിക്കാലത്ത് എന്തു തമാശയായിരുന്നെന്നൊ!. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ വണ്ടി വന്നാല്‍ നേരേ പിന്‍വാതിലില്‍ കൂടി അടുത്ത പറമ്പിലേയ്‍ക്കു ഒരു ഓട്ടം വെച്ചുകൊടുക്കും.":
ദാരിദ്ര്യത്തിന്റെ കളിത്തൊട്ടിലിലാണ് ചങ്ങമ്പുഴ വളര്‍ന്നത്. അനതിവിദൂര ഭാവിയില്‍ താനതില്‍ നിന്നു മോചനം നേടുമെന്ന് അദ്ദേഹമറിഞ്ഞിരുന്നില്ല. മറ്റുള്ളവര്‍ സാഹിത്യാഭ്യസനത്തിന്റെ ഹരിശ്രീ കുറിക്കുന്ന പ്രായത്തില്‍ ചങ്ങമ്പുഴ വിഖ്യാതനായ കവിയായിത്തീര്‍ന്നിരുന്നു. . ആയിരമായിരം അനുവാചകരുടെ ആരാധനാലോകമണിയിച്ച പരിവേഷവും വഹിച്ച്
 പൊടുന്നനെ അദ്ദേഹം ഉയര്‍ന്നു നിന്നപ്പോള്‍ മലയാളസാഹിത്യം കോള്‍മയിര്‍കൊണ്ടു. അതിന്റെ ഔന്നത്യം വര്‍ദ്ധിച്ചു.
" മതിമോഹനശുഭനര്‍ത്തനമാടുന്നയിമഹിതേ മമമുന്നില്‍ നിന്നുനീ മലയാള കവിതേ" എന്ന് അദ്ദേഹം തന്നെ പാടി.


ഘടദീപം 18
    ചങ്ങമ്പുഴക്കൃതികളിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ക്ക് ദിഗ്‍ഭ്രമം ബാധിക്കും. അദ്ദേഹത്തിനു സ്ഥിരമായ ഒരു താവളം ഉണ്ടായിരുന്നോ? ഇന്നു കണ്ടിടത്തു നാളെ കാണില്ല. സ്ഥിരമായ വിശ്വാസങ്ങളുടേയും, എല്ലാത്തര ലൗകിക, അലൗകിക ബന്ധങ്ങളുടേയുംകൈപ്പിടിയില്‍ നിന്നു കുതറിച്ചാടാനുള്ള സാമര്‍ത്ഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രാപഞ്ചിക രഹസ്യങ്ങളെ, നിഗൂഢമായ എല്ലാത്തരം ആസ്‍തിക്യങ്ങളെ,അദ്ദേഹം ധിക്കരിച്ചിട്ടുണ്ട്. ധിക്കരിക്കാന്‍ ആഹ്വാനം ചെയ്‍തിട്ടുണ്ട്.
( വിത്തനാഥന്റെ ബേബിക്കു പാലും
നിര്‍ദ്ധനച്ചെറുക്കന്നുമിനീരും
ഈശകല്‍പ്പിതമാകിലമ്മട്ടു-
ള്ളീശ്വരനെച്ചവിട്ടുക നമ്മള്‍.)
                                            തനിക്കു തോന്നിയ വഴിയേ ചങ്ങമ്പുഴ സഞ്ചരിച്ചു. ആരോടും വഴിചോദിച്ചില്ല.എല്ലാചൂണ്ടുപലകകളേയും കബളിപ്പിച്ചുകൊണ്ട് ശ്മശാനശൂന്യതകളിലൂടെ ഏകനും ദു:ഖിതനുമായി കണ്ണീര്‍ വാര്‍ത്തും, എന്നാല്‍ പലപ്പോഴും മനോഹരപൊന്‍മാനായ മാരീചനെപ്പോലെ തുളളി്ച്ചാടിയും അദ്ദേഹം സഞ്ചരിച്ചു.
അദ്ദേഹം കടന്നുപോയ മാര്‍ഗ്ഗങ്ങളിലെ കാലടിപ്പാടുകളില്‍ നിന്നു അവാച്യമായ ഒരു നാദബ്രഹ്മത്തിന്റെ ഗാനമേള മുഴങ്ങിക്കൊണ്ടിരുന്നു.
                                           ഗാനത്തിന്റെ ലഹരിയില്‍ തന്നിലെ താന്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതെയാകട്ടെയെന്ന് ജി.എഴുതിയിരുന്നു. എന്നാല്‍ ചങ്ങമ്പുഴയ്‍ക്കാണ് അതുഫലിച്ചത്. പരുപരുത്ത ജീവിതയാഥാര്‍ത്ഥ്യത്തിന്റെപാറപ്പുറത്ത് ഭാവനയുടെ പനിനീര്‍പ്പൂവും പച്ചപ്പട്ടും കൊണ്ട് കവിത രചിക്കുവാന്‍ ചങ്ങമ്പുഴയ്ക്കു കഴിഞ്ഞു.
കവിതയിലെ ഭാവനയെ ഗാഢഗാഢം കെട്ടിപ്പുണര്‍ന്ന് ജീവിതം തന്നെ അദ്ദേഹത്തിനൊരു ഭാവനയായിപ്പോയി.
"എന്‍മനം നൊന്തുനൊന്തങ്ങനെഞാനെന്റെ
കണ്ണീരില്‍ മുങ്ങിമരിക്കുവോളം...."
ചങ്ങമ്പുഴ പാടി.
                                        തൃശൂരുനിന്നു മടങ്ങിവന്ന് ,ചങ്ങമ്പുഴ ഇടപ്പള്ളിയില്‍ ഭാര്യാഗൃഹത്തില്‍ താമസമാക്കിയ കാലം. ഞങ്ങള്‍ തമ്മില്‍ സമ്പര്‍ക്കം പുലരുന്നത് അവിടം മുതല്‍ക്കാണ്. വീടിന്റെ വലതു വശത്ത് ഒരു വൈക്കോല്‍പ്പുര നിന്നിരുന്നു.ഒരു മുറിയില്‍ വൈക്കോലും മറ്റേമുറിയില്‍ പുസ്തകങ്ങളും കുത്തിനിറച്ചിരുന്നു. നടുക്കു അദ്ദേഹവും . വൈക്കോല്‍ത്തുരുമ്പും, സിഗരറ്റുകുറ്റിയും കരിഞ്ഞ തീപ്പെട്ടിക്കൊള്ളികളും അവിടെങ്ങും ചിതറിക്കിടക്കും. അദ്ദേഹം പറയാറുണ്ടായിരുന്നു.. ഇതൊരു വൃത്തികേടാണല്ലേ? എന്നാല്‍ എനിക്കിതിലൊരു സൗന്ദര്യം തോന്നുന്നു.

ഘടദീപം 19
ഒരു ദിവസം അദ്ദേഹം പറഞ്ഞു :
             "ഞാനുമുണ്ട്,നിങ്ങളുടെ കൂടെ. നമുക്കു ഒന്നു തുണ്ടത്തുംകടവുവരെ പോകണംകുറേ ഇഷ്ടിക വാങ്ങണം. ഈ വീടൊന്നു നന്നാക്കണം."
നാലുനാഴിക നടന്നു ഞങ്ങള്‍വരാപ്പുഴകടത്തുകടവിലെത്തി.പെരിയാറിനെ സഹര്‍ഷം ഏറ്റുവങ്ങി,അവിടെവെച്ചു വരാപ്പുഴക്കായല്‍ അറബിക്കടലിനെ ലക്ഷ്യം വെച്ച് മന്ദം മന്ദം ഒഴുകുകയായിരുന്നു.നല്ല വെയിലും വെളിച്ചവുമുള്ള കാലം.ആകാശം അതിന്റെ ശോഭയേറിയ നീലച്ചായം ലോഭം കൂടാതെ കായലില്‍ പകര്‍ന്നുകൊണ്ടിരുന്നു. ഒരു നല്ല ചിത്രം വരച്ച പോലെ തെങ്ങുകളും ഇരുകരകളിലും നില്പ്പുണ്ടായിരുന്നു. കടത്തുകാരന്‍ പയ്യന്‍ വഞ്ചി തുഴയുകയാണ്.
അറിയാതെ അവന്റെ ചുണ്ടില്‍ ഒരു സംഗീതം മുഴങ്ങി.
"ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ-
ക്കരളല്ലേ, നീയെന്റെ ജീവനല്ലേ....!"
                             അവന്‍ തുടര്‍ന്നുള്ള വരികളും പാടിക്കൊണ്ടിരുന്നു. ഞാന്‍ ചങ്ങമ്പുഴയെ നോക്കി.അദ്ദേഹത്തിന്റെ മുഖത്ത് ഒരസാധാരണമായ പ്രസന്നതയുണ്ടായി. വഞ്ചി കരയ്‍ക്കടുത്തു. ഞങ്ങളിറങ്ങി. അദ്ദേഹം ഒരു രൂപ അവന്റെ കയ്യില്‍ വെച്ചുകൊടുത്തു.രണ്ടുപേര്‍ക്ക് ഒരണയാണ് കടത്തുകൂലി. ബാക്കി പതിനഞ്ചണ തിരിച്ചുകൊടുക്കാന്‍ അവന്റെ കയ്യില്‍ ചില്ലറ തികയുകയില്ലെന്ന് അവന്‍ പറഞ്ഞു.
" വേണ്ട . അതു താനെടുത്തോ!..."
എന്നിട്ടദ്ദേഹം എന്നേയും വിളിച്ച് ഒരു നടത്തം കൊടുത്തു.
അദ്ദേഹം പറഞ്ഞു. "വാസ്‍തവത്തില്‍ അവന്‍ എന്റെ കവിത ചൊല്ലിയപ്പോള്‍ എനിയ്‍ക്കുണ്ടായ ആനന്ദം അതെഴുതിയപ്പോള്‍ എനിക്കുണ്ടായിരുന്നില്ല. ഞാനാ ഒരു രൂപാ അവനു പാരിതോഷികം നല്‍കിയതാണ്. "
                               കുറേ നടന്നു ഞാന്‍ തിരിഞ്ഞു നോക്കി. അവന്‍ ഞങ്ങളെത്തന്നെ നോക്കി മിഴിച്ചു നില്‍ക്കയാണ്. പാവം, അവനറിഞ്ഞുകൂടാ,അത് അവന്റെ പ്രിയപ്പെട്ട ഗാനത്തിന്റെ നിര്‍മ്മാതാവാണെന്ന്
                               വീടു പരിഷ്കരിക്കപ്പെട്ടു.അതിനു പുത്തന്‍ 'ഗെറ്റപ്പു' വീണു. വൈക്കോല്‍പ്പുരയില്‍ നിന്ന് അദ്ദേഹത്തിന്റെ എഴുത്തുമുറിക്കു കയറ്റം കിട്ടി. കുഷന്‍ കസേരകളും ഉപകരണങ്ങളും വന്നു. ഒരുഭാഗത്ത് ഒരു ഉയര്‍ന്ന മേശപ്പുറത്ത് തന്റേയും പ്രിയതമയുടേയും ഓരോ വര്‍ണ്ണചിത്രം ചേര്‍ത്തുവെച്ചിട്ടുണ്ട്. ബുക്കലമാരകളില്‍ വിശ്വസാഹിത്യകാരന്മാര്‍ വരിവരിയായി സ്ഥാനം പിടിച്ചിട്ടുണ്ട്.

ഘടദീപം 20

 രാത്രിയാണ് എഴുത്ത്. രാവിലെ, ഞാനവിടെ ചെല്ലുമ്പോള്‍ പത്തുമണി കഴിഞ്ഞിരിക്കും. അപ്പോഴാണ് ഉറക്കമുണരുക. ഭര്യ ഓരോ കപ്പു ചായയുമായി വരും. വര്‍ത്തമാനം പറയുന്ന കൂട്ടത്തില്‍ തോര്‍ത്തും സോപ്പും ഉമിക്കരിയും സിഗരറ്റ് പായ്‍ക്കറ്റും തീപ്പെട്ടിയുമൊക്കെ
എടുത്ത് യാത്രയാകും.
നല്ല വെയിലു വീണിരിക്കും.ഞങ്ങളിറങ്ങി,ഇടവഴിയിലൂടെ നേരേ കിഴക്കോട്ടു നടക്കും. പണ്ടുകാലത്ത് വ്യാഴാഴ്‍ചച്ചന്തയെന്ന് അവിടങ്ങളില്‍ പറഞ്ഞിരുന്ന ഒരു സ്ഥലമുണ്ട്. തൊട്ട് ഒരു കാടുമുണ്ട്. (ആ കാട് ഇതെഴുതുമ്പോള്‍ വെട്ടിക്കൊല്ലപ്പെട്ടു കിടക്കുകയാണ്.) ചന്ത
പോയിട്ടു കാടു വന്നതോ,കാടു വന്നതിനു ശേഷം ചന്ത പോയതോ
എന്നു നിശ്ചയമില്ല. കാടിന്റെ എതിരേ
 വഴിവക്കില്‍ ത്തന്നെ ഓലക്കീറു കൊണ്ടു കുത്തിമറച്ച ഒരു കുടില്‍ നിന്നിരുന്നു. ആ പ്രദേശത്തിന്റെ ശൂന്യതയുടെ കാവല്‍പ്പുരയാണതെന്നു തോന്നും. കാടിന്റെ വെള്ളയില്‍ക്കൂടി വന്ന് വഴിയില്‍ പ്രവേശിച്ചു, സൂര്യരശ്മികള്‍ ആ കുടിലിലേയ്‍ക്കുയരും. അദ്ദേഹം ആദ്യം തലകുനിച്ച് അതിന്റെ ഉള്ളിലേയ്‍ക്കു കയറും. പുറകേ ഞാനും തലകുനിച്ച് അനുഗമിക്കും. നിലത്തു മണ്ണില്‍ തറച്ച കുറ്റികളില്‍ ഒരു പലക വെച്ചു കെട്ടി നിര്‍മ്മിക്കപ്പെട്ട ബെഞ്ചില്‍ ഞങ്ങളിരിക്കും. ഉടനെ ഒരാള്‍ ഇലയില്‍ പുട്ടും കടലയും പപ്പടവും ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നു വെയ്‍ക്കും., വളരെ വിനയഭാവത്തില്‍. പിന്നെ ഓരോ ഗ്ലാസ്സ് നിറയെ ചായയും.
"എനിക്കിത്തരം ചായക്കടകളാണിഷ്ടം. " അദ്ദേഹം പുഞ്ചിരി തുകി.
"എന്തു ടിപ്പിക്കലാണെന്നു നോക്കൂ...". പൂനാ , മദിരാശി തുടങ്ങിയ പരിഷ്കൃത നഗരങ്ങളില്‍ ചങ്ങമ്പുഴ പാര്‍ത്തിട്ടുണ്ട്. പക്ഷെ, ആ പരിസരങ്ങള്‍ ഇത്തരം ഗ്രാമീണ രംഗങ്ങളെപ്പോലെ അദ്ദേഹത്തിന്റെ കവിതകളെ പ്രലോഭിപ്പിച്ചിട്ടില്ല.
                                      ചായക്കുടിലില്‍ നിന്ന് ഞങ്ങള്‍ നേരേ വടക്കോട്ടു നടക്കും. അവിടെ ഒരു വിശാലമായ കുളവും ഒരമ്പലവുമുണ്ട്.മനോഹരമായ പൂഴി അവിടമെങ്ങും പൂക്കള്‍ വിതറിയിട്ടുണ്ടാകും.അദ്ദേഹം കുളത്തിന്റെ വക്കിലിരുന്നു പല്ലു തേയ്‍ക്കാന്‍ തുടങ്ങും. എന്നിട്ടു കുളത്തിലിറങ്ങി വസ്‍ത്രങ്ങളലക്കും. കുളി കഴിഞ്ഞു കേറുമ്പോള്‍ മണി ഒന്നു കഴിഞ്ഞിരിക്കും. ശ്രീദേവി ഊണും വെച്ചു കാത്തിരിക്കുകയാവും.
                                       അധികനാള്‍ കഴിഞ്ഞില്ല, പുതുക്കിപ്പണിത ഭാര്യാഗൃഹത്തില്‍ നിന്ന് അദ്ദേഹം സ്വഗൃഹത്തിലേയ്‍ക്ക് കുടുംബസമേതം താമസം മാറ്റി. ഇപ്പോള്‍ നന്നേ ക്ഷീണിച്ചിരുന്നു. ചില്ലറ ചികിത്‍സകളും തുടങ്ങിയിട്ടുണ്ട്.ആ വരാന്തയിലിരുന്നു കൊണ്ടു തലേരാത്രി
ഘടദീപം 21
 എഴുതിത്തീര്‍ത്ത കവിത വളരെ ആവേശപൂര്‍വ്വം ഉറക്കെ വായിച്ചു കേള്‍പ്പിക്കാന്‍ ക്ഷീണം തോന്നാറില്ല. ചങ്ങമ്പുഴക്കവിതകളിലെചൂടേറിയ ഭാഗങ്ങള്‍ ഈ കാലഘട്ടത്തിലാണ് അദ്ദേഹം രചിച്ചത്. "ചുട്ടെരിക്കിന്‍" ഒരുദാഹരണമാണ്. അതു ചിത്രോദയത്തിനു പോസ്‍റ്റു ചെയ്യാന്‍പോകുന്നതിനു മുമ്പ് എന്നെ വായിച്ചു കേള്‍ പ്പിക്കുകയുണ്ടായി. വായന കഴിഞ്ഞപ്പോള്‍ അദ്ദേഹം വിയര്‍ത്തിരുന്നു. ഞാനാ കവിത എന്റെ "ഇടിമുഴക്ക" ത്തിന്റെ മുഖപേജില്‍ കൊടുക്കാന്‍ അനുവാദം ചോദിച്ചു. എങ്കില്‍ രണ്ടു വരി കൂടി ഇരിക്കട്ടെ, അദ്ദേഹം അവിടെ ഇരുന്നുകൊണ്ടുതന്നെ കുത്തിക്കുറിച്ചു. എന്നിട്ടു വായിച്ചു.
" മമ ശബ്ദം മഹിയൊട്ടുക്കിടിവെട്ടിയലറുമീ,
മമ ശബ്ദം കേള്‍ക്കുവിന്‍, മിഴി തുറക്കിന്‍....!"
                                                      X X X X
ചങ്ങമ്പുഴയ്‍ക്കു ക്ഷീണം ഏറിക്കൊണ്ടിരുന്നു. ഒരു ദിവസം അദ്ദേഹം പറഞ്ഞു : ഒരു ആടിനെ വാറ്റി കഴിക്കണം.അതിനു വേണ്ട മരുന്നുകളെല്ലാം തയ്യാറായി. ഒരു കൂട്ടം മാത്രം കിട്ടിയിട്ടില്ല. "
"എന്താ?"
തെങ്ങിന്റെ ചാരായം വേണം."
എന്റെ സ്ഥലത്തിനടുത്തു ചിറ്റൂരോ മറ്റോ കിട്ടുമെന്നു പറഞ്ഞു.
തന്നു.
എന്റെ അന്വേഷണം ഫലിച്ചു. സാധനം ഒരാള്‍ തരാമെന്ന് ഏറ്റു. എന്നാല്‍ അയാള്‍ക്ക് അത് ചങ്ങമ്പുഴയുടെ വീട്ടില്‍ എത്തിക്കാന്‍ ഭയം. കാരണം അത് തിരുവിതാംകൂറും ഇത് കൊച്ചിയുമാണ്. അന്നു സംയോജനം നടന്നിരുന്നില്ല. നിരോധിക്കപ്പെട്ട കാര്യമാണ്. പോരെങ്കില്‍ വ്യാജമദ്യവും.
ഒരു ധീരകൃത്യം നടത്തിക്കളയാമെന്നു ഞാനും തീരുമാനിച്ചു. സാധനം ഒരു പതിനാറൗണ്‍സ് കുപ്പി നിറയെ ഉണ്ട്. ഒരു സ്യൂട്കെയ്‍സില്‍ ഭദ്രമായി എടുത്തു
വച്ച്, അതിരാവിലെ യാത്ര തിരിച്ചു.
"ഇതു രോഗിയായ മഹാകവിക്കു മരുന്നുണ്ടാക്കാനാണ്,അദ്ദേഹം രണ്ടു ദിവസം കൂടി ജീവിച്ചു നാലുവരിക്കവിത കൂടുതല്‍ എഴുതാന്‍ സാധിച്ചാല്‍ അതു നമുക്കും നേട്ടമാണല്ലോ" എന്നൊന്നും പറഞ്ഞാല്‍ എക്സൈസുകാര്‍ വിടില്ല. എങ്കിലും അനിഷ്ടസംഭവമൊന്നും കൂടാതെ,സാധനം എന്നോടൊപ്പം ഭദ്രമായി അദ്ദേഹത്തിന്റെ വീടിലെത്തി. അദ്ദേഹം അതേറ്റുവാങ്ങി ഭാര്യയെ ഏല്‍പ്പിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞു, ശ്രീദേവിയോടു ചോദിച്ചു :
"ആടിനെ വാറ്റിയില്ലേ?"
"വാറ്റിക്കൊണ്ടുവരാന്‍ എവിടെയോ ഏര്‍പ്പാടു ചെയ്‍തിട്ടുണ്ടെന്നു പറയുന്നതു കേട്ടു."
ഘടദീപം 22
" പിന്നെ, ആ കുപ്പിയിലെ....?"
" ഓ, അതവിടെ കാലിക്കുപ്പിയായി ഇരുപ്പുണ്ട്."
കുടി നിര്‍ത്തിയെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞിരുന്നത്.
" അല്ല; പട്ടയെക്കാളും നല്ലത് തെങ്ങിന്റെയാണല്ലേ?"
എന്നിട്ടദ്ദേഹം അപരാധബോധത്തിന്റെ ഒരു വക പരിഹാസത്തോടെ ഒരു ചിരി ചിരിച്ചു.
" ഇഷ്ട, എനിക്കബദ്ധം പറ്റി. ഞാനതു കുടിച്ചു പോയി. ഇനി തൊടില്ല. തീര്‍ച്ച."
അദ്ദേഹം വളരെ വികാരാധീനനായി കാണപ്പെട്ടു.
" സ്‍നേഹിതാ, ഞാന്‍ തന്നെ എന്നെ നശിപ്പിച്ചു. ഒരു കാലത്തു ചായയും ചാരായവും മാത്രം കൊണ്ട് ദിവസങ്ങളോളം ഞാന്‍ ജീവിച്ചിരുന്നു. ഭാര്യയും അമ്മയും ഊണും തയ്യാറാക്കി,കരഞ്ഞു കൊണ്ട് പറയും : ഉണ്ണാന്‍. ഉണ്ണില്ല. ആരോടും മിണ്ടില്ല. അങ്ങനെ തോന്നി. കാരണമെന്ത്? എനിക്കു തന്നെ അജ്ഞാതമാണ്. "
അദ്ദേഹം സ്വന്തം സ്മരണകളുടെ ചുരുളഴിക്കും.
                   " രണ്ടുമണിയാകുമ്പോള്‍ പുറത്തിറങ്ങും. നേരേ ടൗണിലേക്കു നടക്കും. കാലിലെ ഷൂവില്‍ ഒരു കഷണം കഞ്ചാവെടുത്തു കടലാസ്സില്‍ പൊതിഞ്ഞു വെച്ചിരിക്കും. കാല്‍നടയായി പോകും. ഷൂവിനുള്ളിലെ സാധനം നല്ല പോലെ മര്‍ദ്ദിക്കപ്പെടാന്‍. വഴിമധ്യേ ഒരു ക്രിസ്‍ത്യാനിയുടെ കടയുണ്ട്. ഞാന്‍ അവന്റെ കടയ്‍ക്കു നേരേ വരുമ്പോള്‍ അടയാളം കൊടുക്കും.
രാത്രി തിരിച്ചുവരുമ്പോള്‍ എല്ലാം ഒരുക്കിയിട്ടുണ്ടാകും. രണ്ടു പ്‍ളേറ്റ് നിറയെ സാമാനങ്ങള്‍. ഒന്നയാള്‍ക്കും ഒന്നെനിക്കും. കുടി കഴിഞ്ഞാല്‍ ഞാന്‍ ഷൂ പൊക്കും.അവന്‍ കയ്യിട്ടു പൊതിയെടുത്ത് രണ്ടു വീടിയിലാക്കി തെറുക്കും. ഒന്ന് എന്റെ ചുണ്ടത്തു വെച്ച് കൊളുത്തിത്തരും. ഒന്നവനും. ഇത്രയുമായാല്‍ പിരിയാന്‍ സമയമായെന്നര്‍ത്ഥം. ഞാനിറങ്ങി ഒരു നടത്തം കൊടുക്കും..അപ്പോള്‍ പാതിരാ കഴിഞ്ഞിരിക്കും. കുറ്റാകൂരിരുട്ടും. എന്നാലും ഊടുവഴിയില്‍ കൂടെയേ വീട്ടിലേയ്‍ക്കു മടങ്ങൂ. വീട്ടില്‍ വിളക്കു വിളറി എരിയുന്നുണ്ടാകും. ചാരെ ഭാര്യയും. അവള്‍ കരയുകയായിരിക്കും. "
അദ്ദേഹം തുടരും. " എങ്കിലും എനിക്കത്ഭുതം തോന്നുന്നു, ഒരിക്കലും ഒരനിഷ്‍ടസംഭവവുമുണ്ടാകാത്തതില്‍. വല്ല മരത്തിലും തലയിടിക്കാം. പാമ്പു കടിക്കാം. വഴിയില്‍ത്തന്നെ ബോധമറ്റു വീണെന്നും വരാം. എന്നാല്‍, യാതൊന്നുമുണ്ടായില്ല. ഇതാരുടെ ഭാഗ്യം കൊണ്ടാണെന്നറിയില്ല."
                                    സ്വന്തം മനസ്സാക്ഷിയുടെ പ്രതിക്കൂട്ടില്‍ നിന്ന് അദ്ദേഹമിതു പോലെ പ്രസ്‍താവിച്ച സന്ദര്‍ഭങ്ങള്‍ ദുര്‍ല്ലഭമായിരുന്നില്ല. ശ്രീ. ഏ. ബാലകൃഷ്ണപിള്ള ഇങ്ങനെ പറയുന്നു.... ദൗര്‍ബ്ബല്യങ്ങള്‍
ഘടദീപം 23
 ഉത്‍കര്‍ഷേച്ഛുവായ ഒരു കവിയില്‍ കളങ്കമായികണക്കാക്കേണ്ടതില്ലായിരിക്കാം.
ചങ്ങമ്പുഴ തന്നെ പറഞ്ഞു.
"ഏഴാം സ്വര്‍ഗ്ഗം കടന്നു തവ കടമിഴിയില്‍
ക്കൂടിയെന്നല്ല, ഞാനാം പാഴാം പുല്‍തണ്ടില്‍
നിന്നുല്പല,
മധുരസ്വപ്‍നഗാനം പകര്‍ന്നു;
കേഴാം ഞാന്‍, നാളെ വീഴാ; മടിയി-
ലഖിലവും തേളുചൂഴും മനസ്സില്‍
താഴാം, താഴട്ടെ,കേഴട്ടരികില്‍ വരികയേ,
ഹൃദ്യമെ,മദ്യമെ നീ...."
                                                        X X X X

                                      "രാത്രി രണ്ടുമൂന്നു തവണ ച്ഛര്‍ദ്ദിച്ചു. രാവിലെ നേരേ കോയമ്പത്തൂര്‍ക്കു പോയി."
അദ്ദേഹം പറയുകയായിരുന്നു. ഡോക്‍ടര്‍ ശരിക്കു പരിശോധിച്ചു.


ക്ഷയരോഗം മൂര്‍ദ്ധന്യത്തില്‍ എത്തിക്കഴിഞ്ഞിരുന്നുവെന്നും പ്രയാസമണെന്നും പറഞ്ഞു.
വാസ്‍തവത്തില്‍ ക്ഷയരോഗബാധിതനാണ് ഞാനെന്ന് അറിഞ്ഞിരുന്നില്ല. കോയമ്പത്തൂരേക്കു പോകണമെന്നു വിചാരിച്ച ആ രാത്രിയാണ് എനിക്ക് ആ രോഗത്തെ പറ്റി സ്വയം സംശയം ജനിച്ചത്."
വീടിന്റെ തെക്കുവശത്തു ഒരു ഷെഡ്ഡു കെട്ടിയുയര്‍ത്തപ്പെട്ടു. മരുന്നു കുപ്പികളുടെ നടുക്ക് ഒരു ചാരുകസാലയില്‍ അദ്ദേഹം അങ്ങനെ ഇരിക്കുന്നത് കുറേനാള്‍ കണ്ടു. പിന്നെ ഒരു നാള്‍ അതിനടുത്തു തന്നെ ദയനീയവും, വ്യസനകരവുമായ ചിതാഭസ്‍മവും കാണുമാറായി. അതിന്നരികിലായി കണ്ണീരില്‍ കുളിച്ചു നില്‍ക്കുന്ന ഒരു വിധവയായ മാതാവും അച്ഛന്‍ നഷ്‍ടപ്പെട്ട സന്താനങ്ങളും. ആ ചിതാഭസ്‍മം ആ ദു:ഖിതയായസ്‍ത്രീയെക്കുറിച്ചു പാടുന്നതു പോലെ തോന്നി-
"മണ്‍മറഞ്ഞു ഞാനെങ്കിലുമിന്നു-
മെന്നണുക്കളിലേവമോരോന്നും
ത്വല്‍പ്രണയസ്‍മൃതികളുലാവി
സ്വപ്‍നനൃത്തങ്ങളാടുന്നു, ദേവി.....!
( സ്‍പന്ദിക്കുന്ന അസ്ഥിമാടം.)
-----------------------------------
ഘടദീപം 24 

സ്വാതന്ത്ര്യം വന്നവഴി

("ഇടതുപക്ഷം" വാരിക. എഡിററര്‍ : പന്തളം പി.ആര്‍. മാധവന്‍ പിള്ള
ഏപ്രില്‍19, 1951 )


                     ആഗസ്റ്റ് 15! മൂക്കത്ത് വിരല്‍ വെച്ചുകൊണ്ടല്ലാതെ ആ നാമം ഉച്ചരിക്കുകവയ്യ എന്തെല്ലാം പ്രതീക്ഷകളുടെ കുതിരപ്പുറത്താണ് അതെഴുന്നെള്ളിയത്!    എല്ലാ കഷ്ടപ്പാടുകളും അവസാനിക്കുക, എല്ലാത്തരം അടിമത്തങ്ങളും അവസാനിക്കുക,പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്‍മയും മാറുക,ചൂഷണത്തിന്റെയും മര്‍ദ്ദനത്തിന്റെയും കൊള്ളയുടേയും കൊലക്കഥകള്‍ക്കു വിരാമമിടുക - സമത്വസുന്ദരവും സുഖസമൃദ്ധവും സ്വാതന്ത്ര്യ സുരഭിലവുമായ - കാലം ആഗസ്റ്റ് 15-ന്റെ തലയ്‍ക്കല്‍ ഒരു നക്ഷത്രം പോലെ തെളിഞ്ഞു നിന്നപ്പോള്‍ ഒന്നര നൂറ്റാണ്ടുകാലത്തെ ഭാരം ചുമന്നു തളര്‍ന്ന മനുഷ്യന്‍- പാവപ്പെട്ട മനുഷ്യന്‍ - എല്ലാത്തരം ദൗര്‍ഭാഗ്യങ്ങളുടേയും ആകത്തുകയായ മനുഷ്യന്‍ ആശ്വസിച്ചു. അവന്‍ നെറ്റിയില്‍ നിന്നു വിയര്‍പ്പു തുടച്ചു.ആലസ്യത്തില്‍ നിന്നു ഉണര്‍ന്നു കണ്ണുതിരുമ്മി.അവന്റെ ചുണ്ടില്‍ ഒരു പ്രത്യാശ പൊടിഞ്ഞു.
അതിനു കാരണമുണ്ടായിരുന്നു. ഇന്ത്യാക്കാരന്റെ അധ:പതനങ്ങള്‍ക്കൊക്കെ കാരണം വിദേശാധിപത്യമാണെന്ന് അവന്‍ വിശ്വസിക്കുകയും വിശ്വസിപ്പിക്കപ്പെടുകയും ചെയ്‍തു. ബ്രിട്ടീഷുകാരന്‍ ഇന്ത്യ വിടുക എന്നതിന്റെ അര്‍ഥം ഇന്ത്യയിലെ പട്ടിണിയും തൊഴിലില്ലായ്‍മയും മാറുകയെന്നാണെന്നു അവന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‍തു.
ബ്രിട്ടീഷുകാരന്‍ ഇന്ത്യ വിട്ടു. ഇന്ത്യയുടെ സിംഹാസനം ഇന്ത്യയുടെ കയ്യിലേക്കു തന്നെ വീണു. കോണ്‍ഗ്രസ് ഭരിക്കാന്‍ കയറി. ഒന്നര നൂറ്റാണ്ടിന്റെ പഴക്കം ചെന്ന സാമ്രാജ്യത്ത്വത്തിന്റെ മരണമണി
പോലെ ആഗസ്റ്റ് മാസത്തിലെ ഒരു അര്‍ദ്ധരാത്രിയില്‍ പള്ളികളില്‍ നിന്നും അമ്പലങ്ങളില്‍ നിന്നും കൂട്ടമണികള്‍ ലഹള കൂട്ടി. കതിനവെടികള്‍ പൊട്ടി. പോലീസുകാരന്‍ ത്രിവര്‍ണ്ണ പതാക -പൊക്കി. ലോക്കപ്പിന്റെ, ജയിലിന്റെ
തലയില്‍ ത്രിവര്‍ണ്ണപതാക പാറി.

ഘടദീപം 25


ആ പതാകയുടെ സ്ഥാപനത്തിനു വേണ്ടി ജീവാര്‍പ്പണം ചെയ്‍ത ദേശസ്നേഹികളുടെ ചോര അപ്പോഴും അവയുടെ കീഴെ അവശേഷിച്ചു
കിടന്നിരുനു.

എന്നാല്‍എല്ലാംചതിയായിരുന്നു.കടുത്തവഞ്ചനയായിരുന്നു.
വളര്‍ന്നുവരുന്നതലമുറയുടെ,പിറവിയെടുക്കുന്നജനകീയജനാധിപത്യത്തിന്റെ പിന്നിലുണ്ടായ ഒരു ഗൂഢാലോചനയായിരുന്നു.വിദേശമുതലാളിത്തവും സ്വദേശമുതലാളിത്തവും ചേര്‍ന്നുള്ള ഗൂഢലോചന!.
നമ്മുടേതു കുഴപ്പം നിറഞ്ഞ കാലഘട്ടമാണ്. പ്രത്യേകിച്ചും ആഗസ്റ്റുപതിനഞ്ചിനു ശേഷമുള്ള കാലം. ഇവിടെ ജനാധിപത്യമല്ല, ഫാസിസ്റ്റുമുറകളാണു പുലരുന്നത്. ഇവിടെ സമാധാനമുണ്ടൊ?
അഭിപ്രായസ്വാതന്ത്ര്യമുണ്ടോ? വിചാര സ്വാതന്ത്ര്യമുണ്ടോ?
ഞാനൊരു കമ്യൂണിസ്റ്റല്ല. കമ്യൂണിസ്‍റ്റുപ്രവര്‍ത്തകനല്ല. പക്ഷെ, തികച്ചും പഴഞ്ചനല്ല. എനിക്കൊരുസ്വതന്ത്രവുംപുരോഗമനപരവുമയ ചിന്താഗതിയുണ്ട്. ഈ ചിന്താഗതി ബ്രിട്ടീഷുകാരന്‍ ഇവിടെ ഭരണം നടത്തിയ കാലം മുതല്‍ ഞാന്‍ വെച്ചുപുലര്‍ത്തിപ്പോരുന്നതാണ്.ബ്രിട്ടീഷുകാരന്റെ പോലീസ് എന്നെ ഭീഷണിപ്പെടുത്തുകയോ എന്റെ വീട്ടില്‍ കാലുകുത്തുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം എന്താണുണ്ടായത്. പോലീസ് പലവട്ടം എന്റെ വീടു പരിശോധിച്ചു.എന്നെ ഭീഷണിപ്പെടുത്തി. ഒരു കാര്യവുമില്ലാതെ എന്റെ വീട്ടിലുള്ളവരെ പരിഭ്രമിപ്പിച്ചു. അലമാരയിലെ പുസ്‍തകങ്ങളും എനിക്കു വന്ന കത്തുകളും എടുത്തു അരിച്ചു പരിശോധിച്ചു. എന്തിനു വേണ്ടി? എന്നിട്ടു എന്ത് അവര്‍ക്കു കിട്ടി? ഒന്നുമില്ല. ഞാന്‍ ചോദിച്ചു : -നിങ്ങള്‍ക്കെന്താണ് വേണ്ടത്?
പോലീസുകാരന്‍ പറഞ്ഞു:
-ഇവിടെ കമ്യൂണിസമുണ്ടോ എന്നു നോക്കിയതാണ്..........
കഷ്ടം. അതിനു ചൈനയിലായിരുന്നു അവര്‍ പോകേണ്ടിയിരുന്നത്.! നിരോധിക്കാത്ത മാക്‍സിം ഗോര്‍ക്കിയുടെ 'അമ്മ'യെന്ന വിശിഷ്ട ഗ്രന്ഥം എനിക്കു ഇന്ത്യന്‍ പോലീസിനെ ഭയന്നു ഒളിച്ചുവെയ്‍ക്കേണ്ടിവന്നു പണ്ഡിറ്റ് നെഹ്രുവിന്റെ ഭരണത്തില്‍ പോലും നിരോധിക്കാത്തൊരു സുപ്രസിദ്ധ കൃതി ഒളിച്ചുവെയ്‍ക്കാന്‍‍ നിര്‍ബ്ബന്ധിത നായൊരവസ്‍ഥ ഇവിടത്തെ സ്വാതന്ത്ര്യബോധം എത്രത്തോളം സുരക്ഷിതമാണെന്നു തെളിയിക്കയാണോ?
                    സ്വാതന്ത്ര്യം ലഭിക്കുനതിനു മുമ്പു വരെ കോണ്‍ഗ്രസ്സിന്റെ സമരത്തേയും ഇന്ത്യന്‍ ദേശാഭിമാനത്തിന്റെ അള്ളിപ്പിടുത്തത്തേയും
ഘടദീപം 26

Friday, February 18

അംഗഭംഗം



അംഗഭംഗം
ഐന്‍സ്‍റ്റീന്‍  വാലത്ത്


                       സുധാകരന്റെ  അച്ഛന്‍ മരിച്ചത്  ജനിച്ചതു പോലെ തന്നെ ആരുമറിയാതെയാണ് .  പതിനൊന്നാം മണിക്കൂറില്‍ ആശുപത്രിയില്‍ എത്തി.; മരിച്ചു. അത്ര തന്നെ.
                        ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒരു കാര്യവും അത്ര എളുപ്പത്തില്‍ നടന്നിട്ടില്ല.   എന്തിനും ഏതിനും  തടസ്സം തന്നെ തടസ്സം. മറ്റുള്ളവര്‍ക്ക് വീട്ടുമുറ്റത്ത് സൗജന്യമായി വീണുകിട്ടുന്നത് സുധാകരന്റെ അച്ഛന്‍ നാലുപ്രാവശ്യം നടന്നലഞ്ഞ്, വിയര്‍പ്പൊഴുക്കി, അഭ്യര്‍ത്ഥിച്ച്,               അപേക്ഷിച്ച് , ഒടുവില്‍ ആത്മനിന്ദപോലുംമറന്ന് കെഞ്ചിയാണ്  സംഘടിപ്പിച്ചിരുന്നത്.
                        അസുഖ നില അല്പ്പം വഷളാണ് - ആരെയെങ്കിലും വിളിച്ചുവരുത്താനുണ്ടെങ്കില്‍ വേഗം അറിയിച്ചോളൂ, എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍- കോമയിലാണ്....   സിങ്കിങ്ങാണ്... എന്നൊക്കെ മറ്റുള്ളവരുടെ കാര്യത്തില്‍  ഒത്തിരി തവണ         പറയുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ള സുധാകരന് അപ്പോള്‍ ആ വാക്കുകളില്‍ നിസ്സഹായമായ ഒരു ജീവന്റെ അവസാനപിടച്ചിലുകള്‍ അനുഭവപ്പെട്ടു.
                         കാഷ്വാലിറ്റി കിടക്കയില്‍ അച്ഛനെ എടുത്തുകിടത്തി,         പുറത്ത് ടെലിഫോണ്‍ ബൂത്തില്‍ ചെന്ന്  അത്യാവശ്യം വേണ്ടപ്പെട്ടവരെ വിവരം അറിയിച്ച് ധൃതിയില്‍ തിരിച്ചെത്തിയപ്പോഴേയ്ക്ക്, ആ നുറുങ്ങുനേരത്തിനിടയില്‍  അയാളുടെ അച്ഛന്റെ    താടിയും നിറുകയും ചേര്‍ത്ത്  വെളുത്ത കോറത്തുണിക്കീറ് കൊണ്ട് നീളത്തില്‍  കെട്ടിക്കഴിഞ്ഞിരുന്നു.. മാറിലേയ്ക്ക്  മടക്കിവെച്ച കൈകളിലേയും നീട്ടിച്ചേര്‍ത്തുവെച്ച കാലുകളിലേയും തള്ളവിരലുകളും  ഓരോ കോറക്കീറുകള്‍ കൊണ്ട് ബന്ധിച്ചിരുന്നു.
                      അച്ഛന്‍ പോയ്ക്കഴിഞ്ഞിരിക്കുന്നു.
                      സുധാകരനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാള്‍  ആ കൈകള്‍ തൊട്ടുനോക്കി. ചൂടാറിയിട്ടില്ല.  കാറില്‍  ആസ്പത്രിയിലേക്കു വരുമ്പോള്‍  തന്റെ ചുമലില്‍ അമര്‍ന്നുകിടന്ന് ഞരങ്ങുകയായിരുന്നെങ്കിലും ഒരു മണിക്കൂര്‍ മുമ്പ് അച്ഛന്‍ തന്നോട് ബോധത്തോടെ           സംസാരിച്ചത് പെട്ടെന്ന്  അയാള്‍ ഓര്‍ത്തു. . രണ്ടുനാള്‍ ക്ഷൗരം മുടങ്ങിയ        ആ ശോഷിച്ച  കവിളുകളില്‍, കവിളെല്ലില്‍ നെറ്റിയില്‍, നാസികയില്‍  അയാള്‍  തടവി.
                    ശരിക്കും നിശ്ചലമായ  ശരീരം.
                    സുധാകരന്  താന്‍  ഒരുപാടുകാലം പിന്നോട്ടു പറക്കുന്നതായി തോന്നി. ആരോ അയാളേയും വലിച്ചുകൊണ്ട് വെളിച്ചം കുറഞ്ഞ പഴഞ്ചന്‍ ചുറ്റുപാടുകളിലേയ്ക്ക് ഓടുന്നതു പോലെ.     
                                     ആ രാത്രി മുഴുവന്‍ അയാള്‍  അച്ഛന്റെ അടുക്കല്‍  ഇരുന്നും കിടന്നും കഴിച്ചുകൂട്ടി.പുലര്‍ച്ചെ, കുളിപ്പിക്കാന്‍  പുറത്തേയ്ക്കെടുത്തപ്പോള്‍ , അച്ഛന്‍   ബാല്യത്തില്‍ എന്നും  തട്ടാംപടി പുഴയില്‍ കൊണ്ടുപോയി കുളിപ്പിച്ചിട്ടുള്ള ഓര്‍മ്മ  അയാളെ നിശ്ശബ്ദമായി കരയിച്ചു.   പകരം  ,   ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഒന്നു കുളിപ്പിച്ചുകൊടുക്കാന്‍  കഴിഞ്ഞിട്ടില്ല, എന്ന് അയാള്‍   ഓര്‍ത്തു..                          പ്രായാധിക്യമുള്ളപ്പോഴും ചുവരില്‍ തപ്പിത്തപ്പി കുളിമുറിക്കകത്തു കയറി    ബക്കറ്റില്‍ നിറച്ചുവച്ചിട്ടുള്ള ഇളം ചൂടുവെള്ളം തന്നത്താന്‍ കോരി തലയിലൊഴിച്ച് കുളിക്കും. എന്നിട്ടു വിളിക്കും.
ഏയ്..ഏയ്..കൗസൂ..തോര്‍ത്തുമുണ്ട്...  
                          കമഴ്ത്തിക്കിടത്തിയപ്പോള്‍  അല്പ്പം വിടര്‍ന്നിരുന്ന  വായിലൂടെ കുറേ മഞ്ഞവെള്ളം പുറത്തേയ്ക്കു പടര്‍ന്നു. . അവസാനമായി കഴിച്ച ചോറിന്റെ വറ്റ്.  തക്കാളിയുടേയും പരിപ്പിന്റേയും ദഹിക്കാത്ത ഭാഗങ്ങള്‍.
                          ചൂളയില്‍  അയാളുടെ അച്ഛന് ചാരമാവാനും അധികനേരം    വേണ്ടിവന്നില്ല. കൊഴുപ്പ് തീരെ കുറഞ്ഞ ഒരു  ജീവിതം.
                       ശവദാഹം കഴിഞ്ഞപ്പോള്‍ ആ വീട്ടില്‍ അയാളും ഭാര്യയും അവശേഷിച്ചു.     അച്ഛനെ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ട ആദ്യത്തെ രാത്രി അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.  
                        സുധാകരന്‍  നോക്കുന്നിടത്തെല്ലാം അച്ഛനെ കാണുകയായിരുന്നു. ഉമ്മറവാതില്‍ക്കല്‍  കുന്തിച്ചിരുന്ന് പത്രം വായിക്കുന്നു. സെറ്റിയില്‍  ചാരിയിരുന്ന് ഉറക്കം തൂങ്ങുന്നു. പറമ്പിലെ പടവലപ്പന്തലിന്നടിയി ലൂടെ കുനിഞ്ഞു കുനിഞ്ഞു നടക്കുന്നു. വിറച്ചുവിറച്ചുള്ള നടപ്പിനിടയില്‍   ഇരിക്കക്കുത്താലെ വീഴുന്നു.               
                     ഭാര്യ  ഭയത്തോടെ വന്ന് സുധാകരന്റെ ചെവിയില്‍  പറഞ്ഞു ;
പറമ്പിലെ തെക്കേ മൂലയില്‍  പുക കാണുന്നുവെന്ന്.
                         അതിനു ചെവി കൊടുക്കാതെ അയാള്‍   ദീര്‍ഘ നിശ്വാസത്തോടെ മുറികളിലെല്ലാം കയറിയിറങ്ങാന്‍ തുടങ്ങി. അച്ഛന്‍  ഉപയോഗിച്ചിരുന്ന സാധനങ്ങള്‍  എല്ലാ മുറിയിലുമുണ്ടായിരുന്നു.
ടീവീസെറ്റിനു മുകളില്‍  കാലുകള്‍   ഒടിഞ്ഞു മരിച്ചുകിടന്ന തിമിരം ബാധിച്ച കണ്ണട അയാള്‍  കയ്യിലെടുത്തു. അതിനെ ആദ്യം കാണുന്നതുപോലെ തിരിച്ചും മറിച്ചും നോക്കി. അതില്ലായിരുന്നെങ്കില്‍ അച്ഛന് ഒന്നും വായിക്കാന്‍   കഴിയുമായിരുന്നില്ല. അത്      മൂക്കത്തു    വെച്ചാലും അച്ഛന് ഒന്നും വായിക്കാന്‍   കഴിയുമായിരുന്നില്ല. എന്നിട്ടും അച്ഛന്‍ എപ്പോഴും ചോദിച്ചു.
എന്റെ കണ്ണടയെവിടെ?....എന്റെ കണ്ണടയാരെങ്കിലും കണ്ടോ?...കൗസൂ, നിങ്ങള് എന്റെ കണ്ണട കണ്ടോ?..
സുധാകരന്‍  ആ കണ്ണട മുണ്ടിന്റെ തല കൊണ്ട് തുടച്ച് തിളക്കം വരുത്തി.
                     ഒറ്റ രാത്രി കൊണ്ട് ആ ഭൂതക്കണ്ണാടിയുടെ ചട്ടവും കാചവും  പൂപ്പെടുത്തുപോയിരുന്നു.        
                    ഭാര്യ വീണ്ടും വന്നു പറഞ്ഞു,
തെക്കേ വേലിക്കല് ആരോ തീയിട്ടപോലെ...
                     അയാള്‍   തെക്കേപ്പുറത്തേയ്ക്കിറങ്ങി. ചവിട്ടുകല്ലില്‍ തന്നെ അച്ഛന്റെ വള്ളിച്ചെരുപ്പുകള്‍ കിടക്കുന്നു. ഉള്ളംകാലുകളില്‍  കാലങ്ങളായി കൂട്ടുകൂടിയ          ആണിത്തഴമ്പുകള്‍  തേയ്മാനം വരുത്തിയ റബ്ബര്‍ ചെരുപ്പുകള്‍.  അച്ഛന്‍  ആ ചെരുപ്പുകളിട്ട് ഒരായുസ്സു മുഴുവന്‍  ചവിട്ടിയിട്ടുണ്ടാകും. വിശന്നു പൊരിഞ്ഞ നാളുകളില്‍  കൊക്കിയ മുലപ്പാല്‍പ്പതയും         വാര്‍ദ്ധക്യത്തിന്റെ ഗതികെട്ട നാളുകളില്‍  അറിയാതിറ്റിയ മൂത്രത്തുള്ളികളും അതില്‍  തുളകള്‍ വീഴ്ത്തിയിട്ടുണ്ട്. സുധാകരന്‍ അതെടുത്ത് വൃത്തിയായി കഴുകിത്തുടച്ച് മേശപ്പുറത്ത് കണ്ണടയുടെ അരുകില്‍  വെച്ചു.
                     ഭാര്യ   റിസ്റ്റ് വാച്ച് കൊണ്ടുവന്ന് അയാളെ ഏല്പ്പിച്ചു. അത്   ഇരുകൈകളിലും      വാങ്ങുമ്പോള്‍ അയാളുടെ കണ്ണുകളിലേയ്ക്ക് കണ്ണുനീര്‍   ഇരമ്പിവന്നു. അപ്പോഴും വിശ്രമമില്ലാതെ ഓടുകയായിരുന്നു അച്ഛന്റെ പ്രിയപ്പെട്ട ഫേവര്‍ലൂബാ......
                   കൊണ്ടുപോയി കളഞ്ഞൂടെ, അച്ഛാ  ഞാന്‍   പുതിയ ഒരെണ്ണം വാങ്ങിത്തരാം, എന്നു പറയുമ്പോള്‍  നിഷ്കളങ്കമായി പൊട്ടിച്ചിരിച്ചുകൊണ്ട്   പഴയ സാധനങ്ങളുടെ വില നിങ്ങള്‍ക്കറിയില്ലല്ലൊ എന്ന്  തിരിച്ചടിക്കുമായിരുന്നു.        
                   ജീവിതത്തിലൊരിക്കലും സുഖിച്ചൊന്നുണ്ടിട്ടില്ല. സുഖിച്ചൊന്നുറങ്ങിയിട്ടില്ല. മഴവെള്ളം  ചോര്‍ന്നിറ്റുന്ന      മുറിയില്‍   മണ്ണെണ്ണവിളക്കിന്റെ        മഞ്ഞപ്രകാശത്തില്‍  കൂര്‍ക്ക മെഴുക്കുപുരട്ടിയതും     കൂട്ടി കഞ്ഞി കുടിക്കുമ്പോഴും മൃഷ്ടാന്നം           കഴിച്ച ലക്ഷപ്രഭുവെപ്പോലെ സമൃദ്ധി ഭാവിക്കുകയും അങ്ങനെ ജീവിക്കാന്‍  പ്രേരിപ്പിക്കുകയും ചെയ്തു.
                         കണ്ണടയുടെ അരികില്‍  അയാള്‍  വാച്ചും വെച്ചു.
                         കരച്ചിലിന്റെ ഒരു കൊടുങ്കാറ്റ് അയാളുടെ   നെഞ്ചകത്ത് മുട്ടിപ്പായുകയായിരുന്നു. ഭാര്യ വെപ്രാളത്തോടെ ഓടിവന്നിട്ടു പറഞ്ഞു.
                         നോക്കൂ. ഇങ്ങനെ നിന്നാല്‍  മതിയോ? തെക്കേ അരികിലെ വേലി മുഴുവന്‍ കത്തുകയാണ്. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്.........
                            അയാള്‍   വീണ്ടും പുറത്തിറങ്ങി നോക്കി.  തെക്കേ അതിരിലെ വേലി മുഴുവന്‍  തീ ആളിക്കത്തുകയാണ്. തീജ്ജ്വാലകള്‍   ഉയര്‍ത്തിവിടുന്ന  തീപ്പൊരികള്‍ മിന്നാമിനുങ്ങുകളെപ്പോലെ ഇരുട്ടില്‍  പറന്നു കളിക്കുന്നു. ആ പ്രദേശം മുഴുവന്‍  മഞ്ഞ വെളിച്ചമാണ്. അതിനപ്പുറം അയല്ക്കാരും മറ്റു ഗ്രാമവാസികളും കാഴ്ചക്കാരായി തടിച്ചുകൂടിയിട്ടുണ്ട്.            തീ ക്രമേണ കിഴക്കേ വേലിയിലേയ്ക്കും പടിഞ്ഞാറേ വേലി യിലേയ്ക്കും     പടരാനുള്ള ഭാവമാണ്. 
                          താമസിയാതെ    അതു വീടിനു ചുറ്റും പടരുമെന്നും പക്ഷേ അതു കെടുത്താന്‍  താന്‍      അശക്തനാണെന്നും   അപ്പോഴും ആ  തീനൃത്തത്തില്‍  ഉലഞ്ഞ  ഭാര്യയെ ചേര്‍ത്തുനിര്‍ത്തി, അയാള്‍   വിഷാദത്തോടെ അടക്കം പറഞ്ഞു.          26-8-10

                          **********************************************










Tuesday, February 15

An Iraqui grandma in 2003. Painting.



കഥ

പാരാസല്ഫാമോളും
ഫുറടോരിച്ചും  





മരുന്നുപായ്ക്കറ്റുകളില്‍  വ്യാജവില തുന്നിച്ചേര്‍ക്കുകയായിരുന്ന ഉടമ കം കെമിസ്റ്റ്  സിംപ്ലനോട് രഹസിയം.
ഗുളികന്‍.
ഏതു?
മഫനാമിക്‌ അമ്ലം കലര്‍ത്തിയ പാരാസിറ്റമോളം.
എണ്ണം?
ഫാമിലി പായ്ക്ക് .
കുറിപ്പടി?
പതിവില്ല. സ്വയന്‍.
ലക്ഷണക്കേടുകള്‍?
വിടാപ്പനി,തോരാജലപാതം,നീര്വീഴ്ച.
പ്രായം?
രണ്ടു സീനിയേഴ്സ്,മൂന്നു ജൂനിയേഴ്സ്...
ലക്ഷണമൊത്ത  അഞ്ചു  പാണ്ഡവര്‍ ?
ഒത്ത ലക്ഷണം.
ആരേങ്കിലും ഒന്ന് കാണിക്കാരുന്നില്ലെ?
ന്യാരേം  കാണിക്കാനില്ല.  പെഷലിസ്ടന്‍മാര്‍   തൊപ്പിയിട്ടു.
ഭക്ഷണവും ശുചിത്വവും?
കേമം. ശുദ്ധമായ പച്ചക്കറി. അടുക്കളത്തോട്ടത്തില്‍ നിന്നു നേരിട്ടുപറിച്ചത്.
രാസവളമില്ല. കീടനാശിനിയില്ല.  പച്ചക്കറി മാത്രമല്ല, പഴവര്‍ഗ്ഗങ്ങളും 
ഞങ്ങള്‍  നട്ടുണ്ടാക്കിയിട്ടുണ്ട് .
സിംപ്ലന്‍  രോഗനിര്‍ണ്ണായകമായ  പൈശാചികമന്ദഹാസം  പൊഴിച്ചു.
ഉരീക്യാ.
            ( തുടരും )


















Monday, February 14

എതിര്‍വാദം ലാ പായന്‍റ്


എതിര്‍വാദം  ലാ പായന്‍റ്
  ഐന്‍സ്ററീന്‍   വാലത്ത്


                                 
 
" യസ്   യുവറോണര്‍ -   പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന എന്റെ  കക്ഷീ,     നിയമാനുസൃതം വിവാഹം  കഴിച്ച സ്ത്രീയെക്കൂടാതെ, രണ്ടാമതൊരു സ്ത്രീയെക്കൂടി ഒപ്പം താമസിപ്പിക്കുന്നു എന്നും  മൂന്നാമതൊരു സ്ത്രീയുമായി മോതിരം മാറല്‍    ചടങ്ങു നടത്തിയെന്നും , നാലാമതൊരു  പ്ലസ്- ടൂ വിദ്യാര്‍ഥിനിയുമായി   അവിഹിതബന്ധം  തുടങ്ങിയിരിക്കുന്നു,   എന്നുമാണല്ലൊ പ്രൊസിക്യൂഷന്റെ വാദം? ! 
                                ഈ സാഹചര്യത്തില്‍ എന്റെ കക്ഷിയുടെ സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ച് ഒന്നു രണ്ടു കാര്യങ്ങള്‍  സൂചിപ്പിക്കുവാന്‍ ബഹുമാനപ്പെട്ട  കോടതി എന്നെ അനുവദിക്കണം.
                                താങ്ക്സ് യുവറോണര്‍ ,  ഈ നില്‍ക്കുന്ന എന്റെ കക്ഷിയെ അറിയാത്തവരായി  ആരുമേ ഈകേരളത്തിലുണ്ടാവില്ല.  സുപ്രസിദ്ധ ടെലി- സീരിയല്‍  അഭിനയ ചക്രവര്‍ത്തി, ഒരേ സമയം  ആറു ജനപ്രിയ പരമ്പരകളില്‍  നായകന്‍ .
ശ്രീ   മഞ്ജുനാഥ്  -  നാനൂറ് എപ്പിസോഡുകള്‍ പിന്നിട്ട  ഓട്ടുവിളക്ക് പരമ്പരയില്‍   ഇദ്ദേഹം കൈകാര്യം ചെയ്യുന്ന ഹരീന്ദ്രന്‍ എന്ന നായകകഥാപാത്രത്തിന് ഒരേസമയം രണ്ടു ഭാര്യമാരുണ്ട് പ്രസ്തുത സീരിയല്‍    പ്രേക്ഷകലോകത്തിന്റെ ഹാര്‍ദ്ദമായ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ് എന്ന വിവരം  ബഹുമാനപ്പെട്ട കോടതിയുടെ  ശ്രദ്ധയില്‍ പെടുത്തുകയാണ്. മറ്റൊരു പരമ്പരയായ  'വളപ്പൊട്ടുകളില്‍ '   ഭാര്യ ജീവിച്ചിരിക്കെ  ഭാര്യയുടെ അനുജത്തിയുമായി  അവിഹിതബന്ധം പുലര്‍ത്തിയ പ്രഭ എന്ന കഥാപാത്രം ഈ വര്‍ഷത്തെ സംസ്ഥാന ദേശീയ തല പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള കാര്യവും ബഹുമാനപ്പെട്ട  കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുന്നു.  .ഭാര്യയ്ക്കും കാമുകിയ്ക്കും ഒപ്പം  ഒരു ദരിദ്ര വിധവയ്ക്കും   ഹൃദയം
 പങ്കിടേണ്ടിവന്ന വിശാലഹൃദയനായ  ദേവന്‍ മാസ്റ്റരെ പ്രണയജ്വാലകളില്‍   അവതരിപ്പിക്കുന്നത്    ഈ എളിയ കലാകാരനാണ് . അദ്ദേഹത്തിന്റെ ബഹുഭാര്യാത്വവും പരസ്ത്രീസംഗംവും  കലാലോകം  സര്‍വ്വാത്മനാ സ്വീകരിച്ചിരിക്കുന്നു അംഗീകരിച്ചിരിക്കുന്നു.കലയില്‍   അതാകാമെങ്കില്‍ യഥാര്‍ത്ഥജീവിതത്തില്‍ എന്തുകൊണ്ടായിക്കൂടാ , എന്നു   ഞാന്‍ ചോദിച്ചു പോവുകയാണ്.  കല ജീവിതം തന്നെ എന്നല്ലെ  മാരാര്‍ പോലും പറഞ്ഞിടുള്ളത്?    ഈ സാഹചര്യത്തില്‍ നിരപരാധിയും നിര്‍ദ്ദോഷിയും നിഷ്കളങ്കനുമായ എന്റെ  കക്ഷിയെ നിരുപാധികം വിട്ടയക്കണമെന്ന്  ബഹുമാനപ്പെട്ട കോടതിയോട് താഴ്മയായി അഭ്യര്‍ഥിക്കുന്നു . ദാറ്റ്സ്  ആള്‍ യുവറോണര്‍.....     
                                            **************************

Sunday, February 13

short story

               
                                                                       കഥ
                                                      വംശ നാശം

                                                ഐന്‍സ്ററീന്‍   വാലത്ത്

                    ഒരു  സ്വാശ്രയ   ബി.എഡ്ഡ്. കോഴ്സിലേയ്ക്ക് രണ്ടു ലക്ഷം തലവരി  കൊടുക്കാന്‍  ശേഷിയുള്ള  കുറേ  അപേക്ഷകരെ ഉടന്‍  സംഘടിപ്പിക്കുക ഈ  ലക്ഷ്യവുമായി രാവിലെ ടൗണിലേക്കിറങ്ങിയപ്പോഴാണ്, ത്രിവേണി ടെയിലറിങ് ഷോപ്പ് പൊളിക്കുന്നു,എന്ന  വാര്‍ത്ത  അടുത്ത ആരുടേയോ മരണം പോലെ   എന്നെ ഞെട്ടിച്ചത്.  എന്നെങ്കിലും ഒരിക്കല്‍ സംഭവിക്കുമായിരുന്നത് അന്നു സംഭവിച്ചു .   ലക്ഷ്യം പാതിവഴിയില്‍   മാറ്റി വച്ച് ഞാന്‍ ചെട്ടിയങ്ങാടിയിലേക്ക് പറന്നു.            . 
               പുരാതനമായ  ഒരു   ഒറ്റമുറിപ്പീടികയായിരുന്നു,  ആ  തയ്യല്‍ കട .   തയ്യല്‍ക്കട എന്നുപറഞ്ഞാല്‍ കട്ടിത്തുണി കൊണ്ടുള്ള വരയന്‍ സഞ്ചി,    വൃദ്ധജനങ്ങളുടെ കോറത്തുണിയുല്‍പ്പന്നങ്ങളായ കയ്യില്ലാ ബനിയന്‍ ,  വരയന്‍ നിക്കര്‍,    ലെങ്കോട്ടി, റൗക്ക, ബോഡീസ്, ചെറിയ പെണ്‍കുട്ടികള്‍ക്കുള്ള ഷെമ്മി   എന്നീ ഐറ്റംസ്  ഉത്തര വാദിത്വത്തോടെ തയ്ച്ചുകൊടുത്തിരുന്ന ഒരു വിശ്വസ്ഥസ്ഥാപനം.   പ്രൊപ്രൈറ്റര്‍ കാള ബാപ്പന്‍.  എന്നാല്‍ അതിലുപരി,  ഒരു കാലഘട്ടത്തിന്റെ ജീര്‍ണ്ണിച്ച അവശേഷിപ്പായിരുന്നു,. ത്രിവേണി ടെയിലറിങ് ഷോപ്പ്.     
                   ത്രിവേണി പൊളിച്ചുനീക്കിയാല്‍ രണ്ടു പ്രധാന നഷ്ടങ്ങളാണുണ്ടാവുക.     ഒന്ന് , ഏഴു പതിററാണ്ടു പഴക്കമുളള ഒരു ചരിത്ര സാക്ഷ്യം.  രണ്ട്  ഒരു അനാഥ ഭ്രാന്തന്റെ കുപ്പമാടം.   ഈ നഷ്ടബോധം എല്ലാ ചെട്ടിയങ്ങാടിക്കാര്‍ക്കും  ഇല്ല.  പഴമക്കാര്‍ക്കു മാത്രം.       ഞങ്ങളുടെ    പുതു തലമുറ   അവജ്ഞയോടെയാണ്  ഈ കെട്ടിടത്തെ കാണുന്നത്.    കാരണം    അവര്‍ക്കു പഴയ ചെട്ടിയങ്ങാടിയെ അറിയില്ല.     
                     പണ്ടത്തെ ചെട്ടിയങ്ങാടിയുടെ മനസ്സും കണ്ണും കാതും നാവും  ആ ചെറിയ സ്ഥാപനമായിരുന്നു.  എന്നും വൈകുന്നേരമാകുമ്പോഴേയ്ക്കും  ആ  കടയില്‍      കുറേയേറെ    സീനിയര്‍ സിറ്റിസണ്‍സ്   ഒന്നിച്ചുകൂടും. ബാപ്പന്റെ സമവയസ്ക്കരും  ഉറ്റ തോഴന്മാരും.   എല്ലാവര്‍ക്കും ഒരേ യൂണിഫോമായിരിക്കും വെള്ള ഷര്‍ട്ട്.കഴുത്തറ്റം  കുടുക്കിട്ടത്.   വെള്ള മുണ്ട് മര്യാദയായി  മടക്കിക്കുത്തിയത്. വെള്ളത്തലമുടി  അരികു വകച്ചില്‍ ഇട്ട്  ചീകിയൊതുക്കിയത്.  ക്ളീന്‍ ഷേവ്. 
                    നാട്ടുവര്‍ത്തമാനത്തില്‍ നിന്നു പതുക്കെപ്പതുക്കെ ലോക രാഷ്ട്രീയ പുസ്തകം തുറക്കപ്പെടുകയായി.ബാപ്പ‍‍‍‍ന്‍ തയ്പ്പു മതിയാക്കി രാഷ്ട്രീയചര്‍ച്ചയിലേയ്ക്കു ചാടും. പിന്നെ അവിടെ നല്ല ഒരു
 സദസ്സാണ്.  അതില്‍ എല്ലാ ജാതിക്കാരും ഉണ്ടാകും. ' കംണിസ്റ്റുകളും ' 'കാങ്ക്രസ്സനുകൂലികളും'  രണ്ടിന്റേയും ഒറ്റുകാരും  ഉണ്ടാകും.
ചൂടുള്ള വാദപ്രതിവാദങ്ങള്‍  ഉയരുകയായി.   ജര്‍മ്മനി, ജപ്പാന്‍, അമേരിക്ക,  സഖ്യ കക്ഷികള്‍ , ഒന്നാം വട്ടമേശസമ്മേളനം... തുടങ്ങി  ചര്‍ച്ച  കാടു കയറും.  എന്തൊക്കെ പറഞ്ഞാലും പഴയ  ആളുകള്‍ക്ക് ലോക രാഷ്ട്രീയത്തെക്കുറിച്ച് കാര്യമായ അറിവുണ്ടായിരുന്നു.       എല്ലാം കഴിഞ്ഞു പിരിയുമ്പോള്‍ അവര്‍ തമ്മിലുള്ള സ്നേഹത്തിന് ഒരു
കുറവുമില്ലതാനും. 
                അന്ന് ആ കടയും പരിസരങ്ങളും ഒരുപാടു ജനത്തിരക്കേറിയതായിരുന്നു. ത്രിവേണിയുടെമുമ്പില്‍ ചെന്ന് ഇടത്തേയ്ക്ക്-  ത്രിവേണി കഴിഞ്ഞ് മൂന്നാമത്തേത്-  ഇവിടുന്നു  ത്രിവേണി വരെ    എന്നൊക്കെയാണ്   ഞങ്ങള്‍ അടയാളം  പറഞ്ഞുകൊടുത്തിരുന്നത്.. 
                          ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ വിദൂരമായ   ആരവ
ങ്ങളും  അലയൊലികളും  ആവേശങ്ങളും മുദ്രാവാക്യം വിളികളും  പ്രഖ്യാപനങ്ങളും        അപ്പപ്പോള്‍ ചെട്ടിയങ്ങാടിക്കുഗ്രാമത്തിലെ സ്വാതന്ത്ര്യപ്രേമികള്‍ക്ക് പകര്‍ന്നുകൊടുത്തിരുന്നത് ത്രിവേണിയില്‍
 സദാ മുരണ്ടുകൊണ്ടിരുന്ന ഒരു ചെറിയ മര്‍ഫിയും  അതില്‍താളം പിടിച്ചിരുന്ന ബാപ്പനുമായിരുന്നു ബ്രിട്ടീഷ് പോലീസിന്റെ കണ്ണു വെട്ടിച്ച്
മധ്യകേരളത്തിലെ നിരവധി സമരസേനാനികള്‍  ത്രിവേണിയുടെ തട്ടിന്‍പുറത്ത്  ബാപ്പന്റെ അനുവാദത്തോടെ ആഴ്ചകള്‍  ഒളിവില്‍  കഴിച്ചുകൂട്ടിയിട്ടുണ്ട്.   തികഞ്ഞ ഗാന്ധിയനായ ടെയ്ല‍ര്‍ ബാപ്പന്‍
 തൂവെള്ള  ഖദര്‍ ധരിച്ച് ഏവരോടും വളരെ കാര്യ ഗൗരവത്തോടെ  സമരമേഖലകളെക്കുറിച്ച് പ്രസംഗിച്ചു.  മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യ
ത്തിനു വേണ്ടി മാത്രം ജീവിക്കുന്ന ഒരാളായിട്ടാണ് അദ്ദേഹം തന്നെത്തന്നെ   കരുതിയിരുന്നത്
                               ത്രിവേണിയുടെ സുവര്‍ണ്ണകാലം ഏറെനാള്‍  നീണ്ടു നിന്നില്ല. ഗ്രാമത്തിന്റെ തെക്കുഭാഗത്തായി റെയില്‍വേ സ്റ്റേഷനു സമീപം ഒരു  വമ്പന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റിആശുപത്രി വന്നതോടെ ചെട്ടിയങ്ങാടിയുടെ അലകും പിടിയും മാറിപ്പോയി.  പണ്ടു     സന്ദേശഹരന്‍ നടന്നുപോയ കോകസന്ദേശത്തിലെ
പുകണക്കാവിലേക്കുള്ള പഴമ്പാതയും അത്യാവശ്യ സര്‍വ്വീസുകളായ    മരയ്ക്കാരുകുഞ്ഞിന്റെ പലവ്യഞ്ജനക്കട , റേഷന്‍ കട ,  ഡാക്ടര്‍ കൈമളിന്റെ ഹോമിയോ ക്ളിനിക്ക്, ചാക്കോയുടെ ബാര്‍ബര്‍ഷാപ്പ്,     കറുത്ത കോട്ട് സാഹിബ്ബിന്റെ ജൗളിക്കട തുടങ്ങിയവയും ചേര്‍ന്ന്  പരമദാരിദ്ര്യത്തിലധിഷ്ടിതമായ പഴയ കുഗ്രാമം  പുതിയ റോഡുകളും പുതിയ വീടുകളും പുതിയ കടകമ്പോളങ്ങളും  ജനത്തിരക്കും കൊണ്ട്
പുനര്‍ജ്ജനിച്ചു. ദൂരദേശത്തു നിന്നു ആശുപത്രിയിലെത്തുന്ന രോഗികളുടെ ബന്ധുക്കള്‍ക്കും സഹായികള്‍ക്കും  താമസിക്കാന്‍ കഴുത്തറപ്പന്‍ ദിവസ വാടകയ്ക്കു വീടും മുറികളും  നല്‍കി ,ചെട്ടിയങ്ങാടിക്കാര്‍ പെട്ടെന്നു പണക്കാരായി.  ഇപ്പോള്‍ ഞങ്ങള്‍ പാതി പട്ടണവാസികളാണ്. പരിഷ്കാരികളും. ചെട്ടിയങ്ങാടിയുടെ പേരു മാറ്റി, വിഷ്ണുപുരമെന്നാക്കി.  ആ പുതുപുത്തന്‍ കെട്ടിടങ്ങളുടെ നടവാതില്‍ക്കലാണ്,    പഴകി ദ്രവിച്ച ഏതു സമയത്തും വീണടിയുമെന്നു തോന്നിപ്പിക്കുന്ന കുഷ്ടരോഗം പിടിച്ച ത്രിവേണി ടെയ്‍ലറിങ് ഷോപ്പ് .  ചിലപ്പോഴൊക്കെ എനിക്കും തോന്നിയിട്ടുണ്ട് അത്     പൊളിച്ചുകളയേണ്ടതാണെന്ന്.
                            ത്രിവേണിയുടെ  കഷ്ടകാലത്തിന്റെ  അപായമണി മുഴക്കിക്കൊണ്ട് ടെയ്‍ലര്‍ ബാപ്പന്‍ പെട്ടെന്നു മരിച്ചു.അതോടെ    ഒന്ന്,രണ്ട്,മൂന്ന്എന്നിങ്ങനെ മുഷിഞ്ഞ  പത്തു ചോക്കടയാളങ്ങള്‍
 പതിഞ്ഞ  ത്രിവേണിയുടെ പുരാതന നിരപ്പലകകള്‍ എന്നെന്നേയ്ക്കുമായി
 വീണു.   
                            ബാപ്പന്‍ അപ്രത്യക്ഷനായ ഉടനെ   ചിലര്‍           കടപൊളിച്ചുപണിയാന്‍ ശ്രമിച്ചുവെങ്കിലും   ബാപ്പന്റെ വിശ്വസ്ഥ സേവകനായിരുന്ന  കൊച്ചുവക്കൊ കട ഒഴിഞ്ഞു കൊടുക്കാന്‍
തയ്യാറായില്ല. അയാള്‍   കടയില്‍ തന്നെ താമസമാക്കി.   സഖാവ് , ഭ്രാന്തന്‍ , നക്സല്‍, ഷിബുസോറന്‍ എന്നൊക്കെ വിശേഷണങ്ങളുണ്ടായിരുന്ന അയാളോട് അടുക്കാന്‍ ആരും ധൈര്യം കാണിച്ചിരുന്നുമില്ല.  അയാളെ    എനിക്കും പേടിയായിരുന്നു.   ചുമല്‍  വരെ  നീണ്ടു വളര്‍ന്നു  കാടുപിടിച്ച തലമുടി.  മുഖം നിറഞ്ഞു വളര്‍ന്നു തിങ്ങിയ  താടി.   ഷിബുസോറന്‍ എന്നു പേരു വാങ്ങിച്ച മീശ.  മെലിഞ്ഞുണങ്ങിയ ദേഹം.   ചിലനേരം  ഒരുതരം തുളയ്ക്കുന്ന നോട്ടമുണ്ട്. പിന്നെയൊരു വെടലച്ചിരിയും..  അത്തരം ചിരിയ്ക്ക് ഞങ്ങള്‍ കൊച്ചുവക്കോച്ചിരി എന്നാണ്   പേരു കൊടുത്തിട്ടുള്ളത്.                                 
                       തയ്പു   നിലച്ച  ത്രിവേണിയില്‍  കനച്ച ഇരുട്ടും കൊച്ചുവക്കോയും    കാവല്‍ ആരംഭിച്ചു.സ്വന്തമായി ഒന്നുമില്ലായിരുന്ന കൊച്ചുവക്കോയുടെ ഈശ്വരനുള്‍പ്പടെ എല്ലാമായിരുന്നു ടെയ്‍ലര്‍ ബാപ്പന്‍.    യജമാനന്‍ തിരോഭവിച്ചിട്ടും ത്രിവേണി വിട്ടുപോകുവാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.നീണ്ട  തയ്പ്പു മേശപ്പുറത്ത് എപ്പോഴും സ്ഥിരപ്രജ്ഞനായ മുനിയെപ്പോലെ അയാള്‍   ഉറങ്ങിയോ,   ഉറങ്ങാതെയോ കിടപ്പുണ്ടാകും.ഗാന്ധിജി, ചാച്ചാജി, നേതാജി തുടങ്ങിയ  വലിയ ചുവര്‍ ദൈവങ്ങളോട് പരിതപിച്ച്, പൊറുക്കുവാന്‍ അപേക്ഷിച്ച്......                                                ചിലപ്പോഴൊക്കെ കൊച്ചുവക്കൊ വളരെ ധൃതിയില്‍ എന്റെ
വീട്ടിലേയ്ക്ക്  ഓടിവരുമായിരുന്നു. ചോദ്യവും പറച്ചിലുമൊന്നും കൂടാതെ വരാന്തയിലെ സ്ററൂളില്‍ കയറിയിരുന്ന് അധികാരത്തില്‍ ബീഡി വലിക്കും. ചോദിച്ചുവാങ്ങി ചായ കുടിക്കും.  കാല്‍ വിറപ്പിക്കും ഇതൊക്കെ ആ  
സുദാ.....കരന്‍ പറ്റിച്ച പണിയാണെന്ന്  ഇടയ്ക്കിടെ മുറുമുറുക്കും.  ഷിബു സോറന്‍ മീശ പിരിക്കും   പിന്നീട്  ആരോടും പറയാതെ ഇറങ്ങിപ്പോകും.. പണ്ട് എന്റെ അച്ഛന്റെ സില്‍ബന്തിയായിരുന്നതിന്റെ അധികാരമാണ്.  അച്ഛനോട് ചെട്ടിയങ്ങാടിയിലെ ഭ്രാന്തന്മാര്‍ക്ക് ഒരു പ്രത്യേക  അഭിനിവേശമായിരുന്നു.
അശാന്തമസ്തിഷ്ക്കങ്ങള്‍ തീരെ  നിവൃത്തികേടാവുമ്പോള്‍ ഓടി
യണയുന്നത് എന്റെ അച്ഛന്റെ  സവിധത്തിലായിരുന്നു. അച്ഛന്‍ വൈദ്യരോ മന്ത്രവാദിയോ ആയിരുന്നില്ല.  എങ്കിലും അവരോട് സൗമ്യമായി തരക്കാരോടെന്നപോലെ സംസാരിക്കുമായിരുന്നു. അച്ഛന്‍  അവര്‍ക്കൊക്കെയും ഒരു  സമാധാനമായിരുന്നു.
                          ത്രിവേണീ ടെയിലറിംഗ് ഷോപ്പ് പൊളിക്കുന്നതു തടയാന്‍ ചെട്ടിയങ്ങാടിക്കാരായ ഞങ്ങള്‍ക്കാര്‍ക്കും കഴിയില്ലായിരുന്നു.  സ്ഥലമുടമയായ  പി .കെ .  കോടതിയില്‍ നിന്ന് അനുവാദം വാങ്ങിയിരിക്കുകയാണ്. നാട്ടിലെ രാഷ്ട്രീയനേതാക്കളില്‍     കരുത്തനാണ് പി.കെ.  അദ്ദേഹത്തിന്റ   തിരുവായ്ക്കെതിര്‍വായില്ല ഞാന്‍  ചെല്ലുമ്പോള്‍ പൊളിതുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. ഒരു വലിയ ജനക്കൂട്ടം പൊളി കാണാനെത്തിയിട്ടുണ്ട്.പണിയെക്കാള്‍  ജനത്തിനു കാണാന്‍ കൗതുകം പൊളിയാണ്. അതില്‍ ഒരു സംഹാരത്തിന്റെ കോരിത്തരിപ്പുണ്ടല്ലോ. ജനക്കൂട്ടത്തില്‍‍ ഒരിടത്തായി  പി.കെ  ശാന്തഗംഭീരനായി നെഞ്ചില്‍ കൈകള്‍ പിണച്ച് പൊളി നോക്കി നില്‍ക്കുന്നു.സമീപത്തായി നേതാവിന്റെ  അനുയായിവൃന്ദവും. സ്ഥിരം കൂളിപ്പട.
                           പിക്കേയ്ക്കുമുമ്പില്‍ ഞങ്ങള്‍ ചെട്ടിയങ്ങാടിക്കാര്‍ തികഞ്ഞ മര്യാദക്കുട്ടികളാണ്. ഗ്രാമത്തിലെല്ലാ മുക്കിലും മൂലയിലും  പീക്കേയുടെ ചാരക്കണ്ണുകളുണ്ട്.വേണ്ടിവന്നാല്‍ ഞാനും പീക്കേയ്ക്കു വേണ്ടി ചാരദൗത്യം നിര്‍വ്വഹിയ്ക്കും. അതെന്നെപ്പോലെയുള്ളവരുടെ വിധിയാണ്.
                                        കെട്ടിടത്തിന്റെ മുകളിലേയ്ക്ക് അണ്ണാന്മാരെപ്പോലെ  പണിക്കാര്‍ തത്തിപ്പിടിച്ചു കയറുന്നു.  ഓടുകള്‍ ലോറിയിലേയ്ക്കു പറപറക്കുന്നു. പട്ടിക കഴുക്കോലുകള്‍ ശൂലങ്ങളായി താഴേയ്ക്കു പതിയ്ക്കുന്നു.തുടര്‍ന്ന്  അടഞ്ഞുകിടന്നിരുന്ന ത്രിവേണിയുടെ പുരാതന നിരപ്പലകകള്‍  ഓരോന്നായി എടുത്തുമാറ്റപ്പെടുന്നു.‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഏവരുടേയും ശ്വാസം സ്തംഭിച്ച നെഞ്ചങ്ങള്‍ - മിഴിഞ്ഞ കണ്ണുകള്‍ - തൂര്‍ന്ന കാതുകള്‍ ആ നിരപ്പലകകള്‍ക്കുള്ളിലേയ്ക്ക്... കൂടു തുറന്നാല്‍ ഏതു നിമിഷവും പുറത്തുചാടിയേക്കാവുന്ന ഒരു ഹിംസ്ര മൃഗത്തെയെന്ന പോലെ ജനം നിരപ്പലകകള്‍ക്കുള്ളിലെ ആപത്തിലേയ്ക്ക് വളഞ്ഞുചുഴിഞ്ഞു. 
അതിനകത്ത്   കൊച്ചുവക്കോ എന്ന താമസക്കാരന്‍ ഒഴിഞ്ഞു പോകാന്‍  
കൂട്ടാക്കാതെ വളഞ്ഞു കൂടിക്കിടക്കുകയാണ്.                                                                              ഒരു ചെറിയ യുദ്ധം  ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടുപേര്‍ ചേര്‍ന്ന് കൊച്ചുവക്കോയെ പുഷ്പം പോലെ താങ്ങിയെടുത്തു പുറത്തെ വരാന്തയിലിരുത്തുന്നതാണ് കണ്ടത്. അരയില്‍ ഒരു മുഷിഞ്ഞ തുണിക്കഷ്ണം
മാത്രം.  ചലനശേഷി നഷ്ടമായ ഒരെല്ലിന്‍കൂട്. കൊച്ചുവക്കോയുടെ പ്രേതം  വരാന്തയിലിരുന്നു വിറച്ചു..   പീക്കേയുടെ നയനനിര്‍ദ്ദേശം വാങ്ങി ഒരാള്‍ ഒരു വാഴയിലപ്പൊതി കൊച്ചുവക്കൊയുടെ മുന്നില്‍ തുറന്നുവച്ചു.
ഒരു  ഗ്ലാസ്സ് ചായയും.         
"അന്ത്യത്താഴമാണ്. പാവം കഴിച്ചോട്ടെ....."
പീകെ   കുലുങ്ങിച്ചിരിച്ചു അവശമായി തളര്‍ന്നുകിടന്നിരുന്ന വലംകൈ
ആരോ എടുത്തു ഇലപ്പൊതിയില്‍  വെച്ചു.. കൊച്ചുവക്കോ എല്ലാ
 ശക്തിയും സംഭരിച്ച്  ഇലപ്പൊതി തട്ടിയെറിഞ്ഞ് ചീറി -  " ബിട്‍റാ ......  ബിട്‍റാ........" .                          
                        ...കടയ്ക്കകത്തുനിന്ന് അയാളുടെ അന്ത്യകാല ചങ്ങാതികളും ആരാധനാപാത്രങ്ങളുമായിരുന്ന  ഗാന്ധിജി,  ചാച്ചാജി, നേതാജി എന്നിവര്‍  യഥാര്‍ത്ഥമായും മരണം ഏറ്റുവാങ്ങി  ലോറിക്കുള്ളിലേയ്ക്കു നടന്നു കയറി. .        കൊച്ചുവക്കോ പല്ലുകടിച്ച്  അലറി..                 
 ബയ്ക്കടാ   അവടേ .............ബയ്ക്കാന്‍............ നായിന്റ.........
                          തുടര്‍ന്ന് പുരാതനമായ ഒരു തയ്പ്പുമേശ , ഒരു മരബെഞ്ച്, രണ്ടു സ്റ്റൂളുകള്‍ എന്നിവയും ലോറിക്കുള്ളിലേയ്ക്ക്.  കുമ്മായച്ചുവരുകളില്‍    ഇരുമ്പുകൂടങ്ങള്‍ ഇടിമുഴക്കശബ്ദത്തില്‍ മേട്ടം ആരംഭിച്ചപ്പോള്‍
 കൊച്ചുവക്കൊ ദീനമായി ചുറ്റുപാടും  നോക്കുകയായിരുന്നു.  ഒരു സഹായഹസ്തം..?      ഇല്ല; ആരുമില്ല. അയാള്‍  എന്നെ കാണാതിരിക്കാന്‍     ഞാന്‍  ജനക്കൂട്ടത്തിലേയ്‍ക്ക് വലിഞ്ഞു   വിയര്‍പ്പും വിഷാദവും‍  കണ
ങ്ങളായി ഉരുണ്ടുകൂടിയ  ആ ഉണങ്ങിയ  ശിരസ്സ്   മരിച്ചു തുടങ്ങിയിരുന്നു.
                  ഉടനെ   ഒരു ഓട്ടോറിക്ഷ കൊണ്ടുവരപ്പെടുകയും കൊച്ചുവക്കോയുടെ ജീവച്ഛവാവസ്ഥയിലായ ദേഹം വളച്ചൊടിച്ചു മടക്കി അതിലേയ്ക്കു കയറ്റപ്പെടുകയും ചെയ്തു.   അതിനു നേതൃത്വം നല്‍കിയതും ഓട്ടോ
ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം  കൊടുത്തതും  പീക്കേയായിരുന്നതിനാല്‍  എന്തിനാണ്- എങ്ങോട്ടാണ്- എവിടെയാ കൊണ്ടു പോണേ-     എന്നും   മറ്റും    കാര്യമന്വേഷിക്കാന്‍ ആരും  ധൈര്യപ്പെട്ടില്ല . വളവെടുത്ത ഓട്ടോറിക്ഷ ടാര്‍ നിരത്തിലൂടെ ചാട്ടുളി പോലെ പാഞ്ഞു പോയി.കൊച്ചുവക്കോയുടെ   കാര്യത്തില്‍ ഒരു തീരുമാനമായപ്പോള്‍ ചെട്ടിയങ്ങാടിക്കാര്‍   പ്രദര്‍ശനം കഴിഞ്ഞിട്ടെന്നപോലെ സന്തുഷ്ടി പ്രകടിപ്പിച്ച്  പലവഴി ചിതറി.  ഏതോ ശവദാഹം കഴിഞ്ഞ അന്തരീക്ഷം.    എനിക്കു ഒന്നു കരയാന്‍  തോന്നി.  കൊച്ചുവക്കൊ പോയി.   എന്റെ ആരുമല്ലാത്ത ഒരു ഭ്രാന്തന്‍. പക്ഷെ, അയാള്‍ക്കു  ഭ്രാന്തുണ്ടെന്ന്
ഒരിക്കലും എനിക്കു തോന്നിയിരുന്നില്ല ഒരു   ജോലി എന്നെ ഏല്‍പ്പിച്ചിട്ടാണ്   അയാള്‍ പോയത്. ...മാഷിന്റെ മോന്‍ ഈ കാര്യങ്ങളുടെ സത്യാവസ്ഥ നാലു പേരെ അറീക്കണം.  പറ്റോ?  പറ്റോ?                                                           പറ്റുമെന്നോ, പറ്റില്ലെന്നോ അന്നു  ഞാന്‍ പറഞ്ഞില്ല. 
                               ത്രിവേണിയെ  കടിച്ചുപറിച്ചുതിന്ന് നൊട്ടി നുണച്ച് ആ കൂററന്‍ ലോറി റോഡരുകില്‍ വിറപൂണ്ടു നി്ന്നു..       അല്‍പ്പസമയത്തിനുള്ളില്‍ ത്രിവേണി നില്‍ക്കുന്ന സ്ഥാനത്ത്  ശുദ്ധശൂന്യത  വെയില്‍ കായും..
                                വീട്ടില്‍  ഉടനെയെത്താന്‍  തിരിച്ചുനടന്ന എന്റെ തലയില്‍  ഒരു വലിയ പൊതിയുണ്ടായിരുന്നു.മുമ്പൊരിക്കല്‍ കൊച്ചുവക്കൊ  വീട്ടില്‍  വന്ന  സമയത്ത്   വായിച്ചു കേള്‍പ്പിച്ച് എന്നെ ഏല്‍പ്പിച്ചിട്ടുപോയ ഒരു കടലാസു പൊതി . ഏതാനും  പത്രവാര്‍ത്തകളുടെ കളക്ഷന്‍........
                             അതിലൂടെ ഒരിക്കല്‍ കൂടി കടന്നുപോകണം.  ഇപ്പോഴല്ലെങ്കില്‍ പിന്നൊരിക്കല്‍ ഞാന്‍ അത് വായിച്ചെന്നു വരില്ല.   .    തീയതിക്രമത്തില്‍്‍  അടുക്കിവെച്ച                   ആപത്രവാര്‍ത്തകള്‍   അന്ന് ഒരു സന്ധ്യയ്ക്ക്      കൊച്ചുവക്കൊതന്നെ  വായിച്ചു കേള്‍പ്പിക്കുകയായിരുന്നു.
                             ആ വാര്‍ത്തകള്‍  എന്റെ  മുമ്പില്‍ പുനരവതരിക്കാന്‍ വെ  മ്പി.വീട്ടിലെത്തിയ ഉടനെ  മേശവലിപ്പു തുറന്ന് ‍  ആ പേപ്പര്‍ കട്ടിങ്ങുകളുമായി ഞാന്‍ കിടക്കയില്‍ കയറി ചമ്രം പടിഞ്ഞിരുന്നു.  ത്രിവേണി ടെക്സ്റ്റൈല്‍സിന്റെ അന്ത്യോപചാരകര്‍മ്മം നിര്‍വ്വഹിയ്ക്കുന്നതു പോലെ,  ആ വാര്‍ത്തകള്‍  ഒന്നൊന്നായി ഞാന്‍ കൈകളിലെടുത്തു.                            
                      നവംബര്‍ 7
വൃദ്ധന്‍ കുഴഞ്ഞുവീണു മരിച്ചു
വരാപ്പുഴ'വലിയ പാലത്തിനു സമീപം അജ്ഞാതവൃദ്ധന്‍ കുഴഞ്ഞുവീണു മരിച്ചു.  ഇന്നലെ മതസൗഹാര്‍ദ്ദമനുഷ്യച്ചങ്ങലയില്‍  പങ്കെടുത്തു മടങ്ങിയവരാണ് വൃദ്ധന്‍ കാനയിലേക്കു കുഴഞ്ഞു വീഴുന്നതു കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷി്ക്കാനായില്ല. പ്രായം എണ്‍പതിനടുത്ത് . പോസ്ററുമോര്‍ട്ടം നടത്തി. ജഡം മോര്‍ച്ചറിയില്‍.  
                                                           
നവംബര്‍ 8
തിരിച്ചറിഞ്ഞു
വരാപ്പുഴ.  കഴിഞ്ഞ  ദിവസം  വലിയ പാലത്തിനു സമീപം  കുഴഞ്ഞു വീണു മരിച്ചത്  ചെട്ടിയങ്ങാടിയില്‍്‍  ത്രിവേണി  ടെയിലറിങ്  ഷോപ്പ്  നടത്തിയിരുന്ന
കാള ബാപ്പന്‍ എന്നയാളാണെന്ന്   തിരിച്ചറിഞ്ഞു.
യഥാര്‍ത്ഥ പേര്‍ അറിയില്ല.  ഈ   അവിവാഹിതന്  മറ്റ് ബന്ധുക്കളും  ഇല്ല.
ശവസംസ്കാരം  നടത്തി.   

നവംബര്‍  9
കുഴഞ്ഞു വീണുമരിച്ചയാള്‍ സ്വാതന്ത്ര്യ സമര സേനാനി
   വരാപ്പുഴ വലിയപാലത്തിനു സമീപം കുഴഞ്ഞു വീണു മരിച്ച കാളബാപ്പന്‍   പ്രമുഖസ്വതന്ത്ര്യസമരസേനാനിയും തികഞ്ഞ ഗാന്ധിയനുമായിരുന്ന കൃഷ്ണജി ആയിരുന്നെന്ന് ഗാന്ധിഫോറം പ്രസിഡെന്റ്   ശ്രീ  ഹോര്‍മീസ് എടയക്കുന്നം പ്രസ്താവിച്ചു സ്വാതന്ത്ര്യസമരത്തില്‍ ചുറുചുറുക്കോടെ     ഏര്‍പ്പെട്ടിരുന്ന
ബാപ്പന്‍ ഏറെക്കാലം സബര്‍മതിയില്‍  ഗാന്ധിയോടൊപ്പം  ഉണ്ടായിരുന്നത് അദ്ദേഹം  അനുസ്മരിച്ചു അക്കാലത്ത് ഗാന്ധിജി ബാപ്പന് സമ്മാനിച്ച 
ബാഡ് ജും  പിച്ചളപ്പിന്നും ജീവിതാന്ത്യംവരെ  അദ്ദേഹം  സൂക്ഷിച്ചിരുന്നു പിളര്‍പ്പിനുശേഷം കോ‍ണ്‍്ഗ്രസ്സിനു ലഭിച്ച  കാളച്ചിഹ്നം പ്രചരിപ്പിക്കാന്‍ യത്നിച്ചവകയില്‍  കൃഷ്ണജിയ്ക്ക് കാള എന്ന് ഇരട്ടപ്പേരു വീഴുകയായി
രുന്നു.  .......
                        (   ത്രിവേണിയില്‍  ബാപ്പന്‍  ഇരുന്നു  തയ്ച്ചിരുന്ന  മെഷീനും  അതിനു പിന്നിലെ  കറുത്തുപോയ  മരക്കസേരയും  ഞാന്‍  നന്നായി ഓര്‍്മ്മിക്കുന്നുണ്ടായിരുന്നു.  ഒപ്പം  തൂവെള്ള ഖദര്‍ മുണ്ടും ജുബ്ബയുമിട്ട്
ഏവരേയും നോക്കി നിഷ്കളങ്കമായി വെളുക്കെ ചിരിച്ച്  മെഷീനില്‍്
 താളം പിടിച്ചിരിക്കുന്ന  ബാപ്പനേയും.    )

നവംബര്‍ 10
നാടിന്റെ  കൃഷ്ണേട്ടനു ശ്രദ്ധാഞ്ജലി
ചെട്ടിയങ്ങാടിയുടെ  പ്രിയ പുത്രനും ഭാരത നാടിന്റെ  മോചനപ്പോരാളിയുമായ  കൃഷ്ണജിയുടെ (കാള ബാപ്പന്‍്)  നിര്യാണത്തില്‍ ചെട്ടിയങ്ങാടി ഗ്രാമം  കണ്ണീരില്‍ കുതിര്‍ന്ന  ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു പഞ്ചായത്ത് പ്രസിഡന്റ്
 ശ്രീ പി.കെ.സുധാകരന്‍   ബാപ്പന്റെ ഫോട്ടോയില്‍ പുഷ്പമാല്യം ചാര്‍ത്തി,സര്‍വ്വ മത പ്രാര്‍ത്ഥന  ഉല്‍ഘാടനം  ചെയ്തു.  പ്രമുഖര്‍ അനുസ്മരണ പ്രഭാഷണം നടത്തി.  ചെട്ടിയങ്ങാടിയില്‍  കൃഷ്ണജിയ്ക്ക്  സ്മാരകം  പണിയണമെന്ന് ഗ്രാമ പഞ്ചായത്ത്  പ്രമേയം  പാസ്സാക്കി സര്‍ക്കാരിന്നയച്ചു.
  ( ഫ!   ...........കൊച്ചുവക്കൊ  ഇതു  വായിച്ചപ്പോള്‍ അമറിയത്  ഇപ്പോഴും  ഓര്‍മയുണ്ട്.)

നവംബര്‍  11
ഗാന്ധിയന്റെ ജഡം  ശവദാഹം  കാത്ത് 
നാലു മണിക്കൂര്‍  തെരുവില്‍ കിടന്നു.

വരാപ്പുഴ.  ഗാന്ധിയന്‍  കൃഷ്ണജിയുടെ മൃതദേഹം  ഏറ്റുവാങ്ങുവാന്‍ ബന്ധുക്കല്‍  എത്താതിരുന്നതിനെത്തുടര്‍ന്ന് ശവസംസ്കാരത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായി.  പിന്നീട് കൊച്ചുവക്കൊ  എന്ന  ചങ്ങാതിയാണ് 
 ജഡം ഏറ്റുവാങ്ങിയത്  എന്നാല്‍  സംസ്കരിക്കുവാന്‍ പണമില്ലാതിരുന്നതിനാല്‍  കൃഷ്ണജിയുടെ  ജഡം   നാലു മണിക്കൂറോളം  റോഡരുകില്‍  കിടത്തി  അയാല്‍  കാത്തിരുന്നുവത്രെ. പിന്നീട്  രാത്രി , കേടുവന്ന  സൈക്കിള്‍ ടയറുകള്‍  കൂട്ടിയിട്ടു  കത്തിച്ചാണ് ശവദാഹം  നടത്തിയതെന്നും  അറിയുന്നു.  ശവം  പൂര്‍ണമായും ദഹിപ്പിക്കപ്പെട്ടില്ലെന്നും അഭ്യൂഹമുണ്ട് പോലിസ്  അന്വേഷണമാരംഭിച്ചു.
                      (............ഷെമിക്കെന്‍റെ  ബാപ്പാ....കൊച്ചുവക്കൊ  വായ്  തുറന്നു  പൊട്ടിക്കരഞ്ഞു. അയാള്‍  ചിരിക്കുകയാണെന്നാണ് എനിക്കാദ്യം  തോന്നിയത്.  പക്ഷെ. അയാള്‍  നെഞ്ഞിടറി കരയുകയായിരുന്നു.    ടയറെങ്കി, ടയറ്....  ഹല്ല പിന്നെ!.... അയാള്‍  പിന്നെയും കരഞ്ഞു. ടയറുകള്‍  വാശിയോടെ  നീല  ജ്വാല പായിച്ച്  ആളിക്കത്താന്‍   തുടങ്ങിയപ്പോള്‍  തഴപ്പായക്കെട്ട്  എടുത്ത്  ഒരു  ശവദാഹക്കാന്റെ  നിര്‍വ്വികാരതയോടെ    കൊച്ചുവക്കൊ  തീയില്‍  വെച്ചിരിക്കാം.    എന്നിട്ട് അതിന്നരികില്‍   കാവലിരുന്നിട്ടുണ്ടാകും.ആ  രാത്രിയിലെ  ടയര്‍  കരിഞ്ഞ  മണം ഇപ്പോഴും  എന്റെ മൂക്കിന്‍  തുമ്പത്തുള്ളതു പോലെ.   )

നവംബര്‍  12

കൃഷ്ണജിയുടെ  മരണം  കൊലപാതകം
പിന്നില്‍  ഭൂമാഫിയ

ഗാന്ധിയന്‍കൃഷ്ണ്ണജിയുടെമരണംകൊലപാതകമാണെന്നും മത സൗഹാര്‍‍ദ്ദ  മനുഷ്യച്ചങ്ങലയില്‍  പങ്കെടുത്തു മടങ്ങിയവരാണ് കൊലയ്ക്ക് പിന്നിലെന്നും പോലീസിന് വിവരം ലഭിച്ചു.
ഒന്നും രണ്ടുംസാക്ഷികളായ സഹായി കൊച്ചുവക്കൊ,ശിഷ്യന്‍ കുഞ്ഞപ്പന്‍ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.  ........
( കൊച്ചുവക്കോയുടെ കണ്ണുകള്‍ നനഞ്ഞു. കണ്ണീരൊഴുകാന്‍ തുടങ്ങി.
പുറംകൈ കൊണ്ട് കണ്ണീര്‍ തുടച്ച് അയാള്‍ വിതുമ്പി.....
...ബാപ്പനെ അവരു കൊന്നതാണ്. പീക്കെയുടെ ഗുണ്ടകള്‍ കൊന്നതാണ്. ത്രിവേണീന്ന് ബാപ്പനെ അവരു  വലിച്ചെറക്കികൊണ്ടു പോയതാ. ബിഡൂ, ബിഡൂ എന്ന് കാക്കല്‍ വീണു കരഞ്ഞു പറഞ്ഞതാ. പക്ഷെ, പീക്കേ
കേട്ടില്ല..................         
                               കൊച്ചുവക്കൊ ഭൂതകാലത്തിലേയ്ക്ക് തല ചായ്ച്ചു.അയാളുടെ കണ്ണുകള്‍ക്ക് മുന്‍പില്‍ ഒരു വലിയ ജനക്കൂട്ടം കടന്നു വന്നു. അവര്‍ സംഘം ചേര്‍ന്ന് കൈകൊട്ടിപ്പാടിക്കൊണ്ട് പോവുകയായിരുന്നു.
വരിക വരിക സഹജരെ, സഹനസമരസമയമായ്
കരളുറച്ച് കൈകള്‍  കോര്‍ത്ത് കാല്‍നടയ്ക്കു പോക നാം........  
                                     ഒരുഅനിഷ്ടസംഭവത്തിനുസാക്ഷിയാകേണ്ടിവന്നവന്റെനിസ്സഹായതയോടെ അയാള്‍ കണ്‍തുറന്നിരുന്നു......
                                      അന്ന് എല്ലാവരും  മതസൗഹാര്‍ദ്ദ മനുഷ്യച്ചങ്ങലയില്‍ അണിചേരുവാന്‍ കാല്‍നടയായി മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഇടപ്പള്ളിയിലേയ്ക്കു പോവുകയായിരുന്നു
കേരളം തെക്കു മുതല്‍ വടക്കു വരെ കടകമ്പോളങ്ങളടച്ച് ദേശീയപാതയില്‍ കൈകോര്‍ത്തു നില്‍ക്കുന്നു.ചെട്ടിയങ്ങാടി നിശ്ചലം
                          പക്ഷെ, ത്രിവേണി മാത്രം അന്നും തുറന്നു.ബാപ്പന്‍ അങ്ങനെയാണ്.ബന്തിനും ഹര്‍ത്താലിനും കടയടയ്ക്കില്ല.
അതു മൂപ്പരുടെ ഒരു വാശിയാണ്.കട പൂട്ടിക്കാന്‍ ആരു വന്നാലും ബാപ്പന്‍ കൂട്ടാക്കുകയില്ല.ഖദര്‍ജുബ്ബയുടെ കൈകള്‍ തെറുത്തുകയറ്റി വീറോടു
കൂടി ഗാന്ധിയന്‍ ആദര്‍്‍ശങ്ങള്‍ പ്രസംഗിയ്ക്കും. പണി മുടക്കാനല്ലാ
പണിയെടുക്കാനാണ് എന്റെ ഗുരു     എന്നെ പഠിപ്പിച്ചിട്ടുള്ളത്. സ്വാതന്ത്ര്യ സമരതീജ്വാലകളുടെ പൊള്ളല്‍ ആവാഹിക്കുന്ന വാക്കുകള്‍ ...അതു നേരിടാന്‍             ചെട്ടിയങ്ങാടിയിലെ നേതാക്കള്‍  പോരായിരുന്നു.
രാവിലെ രണ്ടു തവണ പീക്കെ ത്രിവേണിയില്‍ കടന്നുചെന്നു.കട പൂട്ടണമെന്നു പറഞ്ഞു. ബാപ്പന്‍ കൂട്ടാക്കിയില്ല.
മൂന്നാമത്തെ തവണ പീക്കേ വന്നത് കൂടെ       തന്റെകൂളിപ്പടയുമായിട്ടാണ്.   അവര്‍ കടയ്ക്കുമുന്നില്‍ കൂട്ടം കൂടിനിന്ന്
കൂവി.    ആഭാസമുദ്രകള്‍കാണിച്ച് ചുവടുവെച്ചു.
                                   ഒരു കൊടുങ്കാറ്റു പോലെ പീക്കെ കടയ്ക്കുള്ളിലേയ്ക്കുചീറിവന്നു. തയ്യല്‍ക്കാരന്‍ ബാപ്പന്‍ മെഷീന്‍ വിട്ട്
 എണീറ്റു, ഉശിരന്‍ യുവത്വവും ദുര്‍ബ്ബലവാര്‍ധക്യവുംകൊമ്പുകോര്‍ത്തു.
ബാപ്പന്റെ സാത്വികതേജസ്സാര്‍ന്നമുഖത്ത് അധികനേരം പിടിച്ചുനില്‍ക്കാന്‍ പീക്കേയ്ക്കു കഴിഞ്ഞില്ല.
-കട അടയ്ക്കണൊണ്ടോ, ഇല്ലേ?
പുറത്ത് കൂളിപ്പട   ശ്വാസം പിടിച്ചു
-സുധാകരാ നീ ചെല്ല്.നിന്റെ ഗുണ്ടായിസം എന്നോടു വേണ്ടാ.
നമ്മള് തരക്കാരല്ല
--അടയ്ക്കണൊണ്ടോ?
 --അടയ്ക്കില്ലാ.
--കെളവനാന്ന് ഞാന്‍ നോക്കില്ല. വലിച്ചെറിയും ഞാന്‍.
--സുധാകരാ, നിന്‍റഛന്‍    വളപ്പില്‍ പൊക്കനും ഞാനുമാടാ
ഉപ്പു സത്യഗ്രഹത്തിന് ഇന്നാട്ടീന്ന് പോയിട്ടൊള്ളത്
ഹിന്ദു മുസ്ളിം കൃസ്ത്യന്‍    മതമൈത്രിയുടെ പ്രതീകമായി
ഈ കടയ്ക്ക് ത്രിവേണി എന്നു  പേരിട്ടത് നിന്‍റഛന്‍ വളപ്പില്‍
പൊക്കനാണ്.ആ നീ തന്നെയാണോ എന്നോടിങ്ങനെ പറയുന്നത്?
പുറത്തു കൂളിപ്പട കൂവിയാര്‍ത്തു.
--ഇങ്ങു പോരൂ സാറേ. മൂപ്പരു തയ്ച്ചോട്ടെ. വള്ളിനിക്കറും
വരയന്‍ സഞ്ചിം ഉച്ചയ്ക്കത്തെ വിമാനത്തില്‍ ലണ്ടനിലേക്ക്
അയക്കാനുള്ളതല്ലേ?
--ആകെളവനെ ഇങ്ങോട്ടു താ    സുദാകരേട്ടാ...
--അടയ്ക്കണൊണ്ടോ?
--ഇല്ലെടാ. അടയ്ക്കണില്ല. നീ എന്തു ചെയ്യും?  
  ഛി.  എറങ്ങിപ്പോടാഎന്റെ  കണ്‍മുന്നില്‍ നിന്ന്.
പീക്കെ ബാപ്പനെ ജൂബ്ബായടക്കം കുത്തിപ്പിടിച്ചു പൊക്കി.
--താനാരാടോ പുല്ലെ, മഹാത്മാ ഗാന്ധിയോ?
ബാപ്പനെ വരാന്തയിലേക്കു പിടിച്ചുന്തി.  സിമന്റു തൂണില്‍ ചുറ്റിപ്പിടിച്ച്
 ബാപ്പന്‍ ആടി.
--എന്നൊന്നും ചെയ്യല്ലെടാ സുദാകരാ....
പീക്കേ കിഴവനെ വിട്ടു, പുറത്തേയ്ക്കിറങി.  കൂളിപ്പട കടയിലേയ്ക്കിരച്ചു
 കയറി.  തയ്ച്ചിട്ട തുണികള്‍ പുറത്തേയ്ക്കു പറന്നു.   രണ്ടു പേര്‍ ചേര്‍ന്ന്
തയ്യല്‍ മെഷീന്‍   താങ്ങി യെടുത്ത്  റോഡിനപ്പുറത്ത് കുഴിയില്‍ മറിച്ചിട്ടു.
-സുധാകരാ ഇതൊന്നുംചെയ്യല്ലേന്നു പറയെടാ.
ബാപ്പന്‍ വീണ്ടും വീണ്ടും  കരഞ്ഞു.    അവര്‍ ബാപ്പനെ മൊത്തത്തില്‍
പൊക്കിയെടുത്ത് വായുവില്‍ ഉയര്‍ത്തിപ്പിടിച്ചു.പിന്നെ ആഘോ
ഷമായിട്ടു താഴേയ്ക്കിറക്കി. വീണ്ടും മേലേയ്ക്കെറിഞ്ഞു.  താഴേയ്ക്കിറക്കി.
 വീണ്ടും  മേലേയ്ക്ക്-  താഴേയ്ക്ക്.  മേലേയ്ക്ക്- താഴേയ്ക്ക്.
 കൊല്ലങ്കോട്ടു തൂക്കക്കാരനെപ്പോലെ         ബാപ്പന്‍
വായുവില്‍ ഉയര്‍ന്നു  കളിച്ചു. ഹൂ....ഹോ....ഹൂ...ഹോ   ബാപ്പന്റെ കരച്ചില്‍  ദുര്‍ബ്ബലമായ ഞരക്കമായ്
 ക്രമേണ മാര്‍ച്ച് സോങ്ങില്‍ മരിച്ചു.
വരികവരികസഹജരേ സഹനസമരസമയമായ്..............................................
ബാപ്പനെ ചുമലില്‍ കിടത്തി  താളം പിടിച്ച് ആ വിലാപയാത്ര കടന്നുപോയി...
                                                         


നവംബര്‍ 15
ഗാന്ധിയന്‍ വധം ;
പി.കെ.സുധാകരന്‍  പോലീസ് നിരീക്ഷണത്തില്‍


ഗാന്ധിയന്‍ കൃഷ്ണജിയുടെ ദുരൂഹ മരണത്തിനുപിന്നില്‍ 
പഞ്ചായത്ത് പ്രസിഡന്റ്  പി.കെ.സുധാകരനാണെന്ന് വാര്‍ത്ത
ശക്തിപ്പെട്ടു.. പോലിസ് നിരീക്ഷണത്തിലായ പി.കെ. കുറ്റം നിഷേധിച്ചു.
പി. കെ. ഉടനെ പോലിസ് കസ്റ്റഡിയിലായേക്കുമെന്ന് അറിയുന്നു.
ഒരു ഒറ്റമുറിപ്പീടിക ഒഴിപ്പിച്ചെടുക്കാനുള്ള ഗൂഢാലോചനയാണ് കൊല
യില്‍ കലാശിച്ചതെന്നും ഇതില്‍ പല ഉന്നതന്മാര്‍ക്കും പങ്കുണ്ടെന്നും സംശയിക്കുന്നു.

നവംബര്‍  16
പി.കെ.സുധാകരന്‍  അറസ്റ്റില്‍.
നാടെങ്ങും പ്രതിഷേധം.     നാളെ ഹര്‍ത്താല്‍

ബാപ്പന്‍ വധക്കേസില്‍ പി.കെ.സുധാകരനെ പോലിസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി.   റിമാന്‍റിലേയ്ക്കു മാറ്റപ്പെട്ട പി.കെ. ജയിലില്‍  നിരാഹാരസമരമാരംഭിച്ചു.
തന്റെ കൈകള്‍ പരിശുദ്ധമാണെന്നും  ആരോപണം  രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്നും പി.കെ. പ്രസ്താവിച്ചു.           അറസ്റ്റില്‍ പ്രതിഷേധിച്ച് ചെട്ടിയങ്ങാടിയില്‍ പന്തം കൊളുത്തിപ്രകടനം നടന്നു. സംഘര്‍ഷം നിറഞ്ഞ ചെട്ടിയങ്ങാടിയില്‍  കൂടുതല്‍ പോലീസ് കാവലേര്‍പ്പെടുത്തി.       നാളെ പകല്‍ പന്ത്രണ്ടു മണിക്കൂര്‍ ഹര്‍ത്താലിന്  പാര്‍ട്ടി  ആഹ്വാനം ചെയ്തു.
നവംബര്‍ 19
പി.കെ.യ്ക്കു ജാമ്യം- രണ്ടാം സാക്ഷി മൊഴിമാറ്റിപ്പറഞ്ഞു.

ബാപ്പന്‍ വധക്കേസിലെ രണ്ടാംസാക്ഷി കുഞ്ഞപ്പന്‍ മൊഴിമാറ്റി
പ്പറഞ്ഞതിനെത്തുടര്‍ന്ന് കോടതി പി.കെ.യ്ക്ക് ഇടക്കാലജാമ്യം
അനുവദിച്ചു.ത്രിവേണിയില്‍  ബാപ്പന്റെ    ശിഷ്യനായിരുന്ന കുഞ്ഞപ്പന്‍
സംഭവദിവസം  കടയില്‍ പോയിരുന്നില്ലെന്ന്  കോടതിയ്ക്കു
മുമ്പാകെ ബോധിപ്പിക്കുകയായിരുന്നു.
നവംബര്‍ 25
ഗാന്ധിയന്‍ വധം- പി.കെ.സുധാകരന്‍ കുറ്റവിമുക്തന്‍
ഗാന്ധിയന്‍ വധക്കേസില്‍   ശ്രി. പി.കെ. സുധാകരനെ കോടതി കുറ്റവിമുക്തനാക്കി.ഒന്നാംസാക്ഷി കൊച്ചുവക്കൊ ദീര്‍ഘകാലമായി
മനോരോഗിയായതിനാല്‍ ടിയാന്റെ സാക്ഷിമൊഴി  സ്വീകരിക്കാനാവില്ലെന്ന്
കോടതി ചൂണ്ടിക്കാണിച്ചു.സാക്ഷികളുടേയുംമറ്റുതെളിവുകളുടേയും
 അഭാവത്തില്‍പി.കെ.യെ കുറ്റവിമുക്തനാക്കുകയായിരുന്നു എങ്കിലും പോലീസിന്  അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി.  

നവംബര്‍ 26
കൃഷ്ണജി മരിച്ചത് ന്യൂമോണിയ ബാധിച്ച്-
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഗാന്ധിയന്‍ കൃഷ്ണജിയുടെ മരണത്തിനു കാരണം കടുത്ത ന്യൂമോണിയബാധയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.
അതേത്തുടര്‍ന്ന് മരണത്തെക്കുറിച്ചുണ്ടായ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് പോലീസ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

                                       കൊച്ചുവക്കൊയുടെ സൂക്ഷിപ്പുപൊതിയിലെ
 ഉള്ളടക്കം മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ മുറിയില്‍ ടയര്‍ കരിഞ്ഞ
മണം അനുഭവപ്പെട്ടു.  എന്റെ മുന്നിലേയ്‍ക്ക് കൊച്ചുവക്കൊ  കയറിവന്നു.എന്റെ തൊട്ടുമുമ്പില്‍ വന്ന്    നീണ്ടുനിവര്‍ന്നു നില്‍ക്കുകയാണ്. കയ്യില്‍ രണ്ടുമൂന്നു സൈക്കിള്‍ ടയറുകളുമുണ്ട്.
ഷിബുസൊറന്‍ മീശ പിരിച്ച് അയാള്‍ മുറുമുറുത്തു. "  എന്തെങ്കിലും ചെയ്യാമ്പറ്റൊങ്കി ചെയ്യൂ മാഷിന്റെ മോനേ. ഓനെപ്പോലൊള്ളൊവരുടെ തൊലി പൊളിച്ച് സമൂഹമദ്ധ്യത്തില്‍ തുറന്നു കാട്ടണം, പറ്റൊ?     പറ്റുവോ , ചങ്കൊറപ്പൊണ്ടൊ ?.......
ആ ചോദ്യങ്ങള്‍ക്കു മുമ്പില്‍  ഉത്തരം പറയാന്‍ കഴിയാതെ   വിയര്‍ത്ത എന്റെ രക്ഷയ്ക്കായി കൊച്ചുവക്കൊ ഫാന്‍ ഓണ്‍ ചെയ്തു. കാറ്റ്. ശക്തമായ
കാറ്റ്.  ആ കാറ്റില്‍ എന്റെ മുന്നിലിരുന്ന പത്രക്കട്ടിങ്ങുകള്‍  പറന്നുയര്‍ന്നു.  ചിലത് ജന്നലിലൂടെ പുറത്തേയ്ക്കു പോയി.   ചിലത്  ഫാമിലിക്കോട്ടിന്റെ അടിയിലേക്ക്.    രണ്ടെണ്ണം മേശയ്ക്കടിയിലേയ്ക്ക്.  ഒരെണ്ണം മാത്രം
കിടക്കയില്‍ അള്ളിപ്പിടിച്ചിരുന്നു.  അതില്‍ നിന്നു   സാക്ഷാല്‍ കാളബാപ്പന്‍   ഉയിര്‍ത്തെണീറ്റു.  ബാപ്പന്‍ ആ കടലാസു തുണ്ടെടുത്ത്  മൗനമായി വായിച്ചു. പിന്നെ ഉറക്കെ പൊട്ടിച്ചിരിച്ചു. " ഇക്കാലത്തിനിടയ്ക്കു ഒരു ജലദോഷം
പോലും വന്നിട്ടില്ലാത്ത ഞാന്‍   ഒടുക്കം ന്യൂമോണിയ പിടിച്ചു മരിച്ചു."      ബാപ്പന്‍ ആ കടലാസു കഷണം നാലാക്കി മടക്കി എന്റെ  പോക്കറ്റില്‍ തിരുകിയിട്ടു പറഞ്ഞു. "   ഇതിരിക്കട്ടെ- ഈ ബാപ്പന്റെ ഓര്‍മ്മയ്ക് -" കൊച്ചുവക്കോയും  പൊട്ടിച്ചിരിച്ചു.
                          ബാപ്പനും             കൊച്ചുവക്കോയും തികഞ്ഞ സന്തോഷവാന്‍മാരായി  പൊട്ടിച്ചിരിച്ച് പരസ്പരം ആലിംഗനം 
ചെയ്ത്   ഉത്സാഹപൂര്‍വ്വം പുറത്തേയ്ക്കനടന്നു പോയി.  ഞാനും
വാതില്‍ക്കലേയ്ക്ക് ചെന്നു.ഒന്നിനും കഴിയാതെ   ഞാന്‍  ചവിട്ടുപടിയില്‍ കുത്തിയിരുന്നു.   അച്ഛനു ശേഷക്രിയ ചെയ്യാഞ്ഞ ഒരു മകനെപ്പോലെയാണ് ഞാന്‍ എന്നു തോന്നി.  ഒരു മരണം പോലും സ്വന്തമായി ലഭിക്കാതെയാണ് അവര്‍ രണ്ടുപേരും പോയത്..     പക്ഷെ, അധിക നേരം അങ്ങനെ വിഷാദിച്ചിരിക്കുവാന്‍ എനിക്കു കഴിയില്ലായിരുന്നു.         മനസ്സില്ലാമനസ്സോടെ എണീറ്റു.     സ്വാശ്രയ  ബീയെഡ്ഡ്  കോഴ്സില്‍  രണ്ടു ലക്ഷം കോഴ കൊടുക്കാന്‍ കപ്പാസിറ്റിയുള്ള പന്ത്രണ്ടു ആപ്ളിക്കന്റ്സിനെ  കണ്ടെത്തണം.
പീക്കെ    ഒരു കാര്യം ഏല്‍പ്പിച്ചിട്ട് അത് ചെയ്തുകൊടുത്തില്ലെങ്കില്‍ പിന്നെ അങ്ങേരുടെ മുഖത്തെങ്ങനെ നോക്കും? 
 മുന്നോട്ടു നടക്കുമ്പോള്‍   കാളബാപ്പനും, കൊച്ചുവക്കോയും ത്രിവേണി ടെയ്‍ലറിങ് ഷോപ്പും ചേര്‍ന്ന  ഒരു വലിയ  കണ്ണീര്‍ത്തുള്ളിയുടെ ഭാരവും താങ്ങി  പുറകോട്ടാണ്           ഞാന്‍   നടക്കുന്നതെന്നു തോന്നി.                                                                                               -------------------------